ഒരുകാലത്ത് കേരളത്തിൽ സർവസാധാരണമായിരുന്നു അമ്പഴങ്ങ. അച്ചാറിടാനും ചമ്മന്തിയുണ്ടാക്കാനുമാണ് വ്യാപകമായി അമ്പഴങ്ങ ഉപയോഗിച്ചിരുന്നത്. നല്ല വെയിൽ കിട്ടുന്ന പ്രദേശങ്ങളിൽ വേണം അമ്പഴങ്ങ കൃഷി ചെയ്യാൻ. ഏകദേശം പതിനഞ്ച് ഇരുപത് മീറ്റർ വരെ ഉയരത്തിൽ ഇവ വളരും.
തൈകൾ നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിത്ത് പാകിയോ കമ്പുകൾ മുറിച്ച് നട്ടോ ഇവ കൃഷി ചെയ്യാം. വിത്ത് പാകി മുളപ്പിച്ച തൈകൾ കായ്ഫലം തരുന്നതിനേക്കാൾ വേഗത്തിൽ ഗ്രാഫ്ടിംഗ് വഴിയുള്ള തൈകൾ കായ്ക്കും. വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല മൂപ്പെത്തിയ, ആരോഗ്യമുള്ള കായ്കൾ വേണം നടാനായി തിരഞ്ഞെടുക്കേണ്ടത്. ഗ്രാഫ്ടിംഗാണെങ്കിൽ മൂപ്പെത്തിയ നല്ല കമ്പുകൾ മുറിച്ചെടുത്ത് പോർട്ടിംഗ് മിശ്രിതം നിറച്ച് വലിയ പോളിത്തീൻ കവറുകളിൽ പാകി കിളിർപ്പിക്കാവുന്നതാണ്. അത്യാവശ്യം ആരോഗ്യത്തോടെ വളർന്നു തുടങ്ങിയാൽ അവയെ നേരെ മണ്ണിലേക്ക് നടാം. ആദ്യ ദിവസങ്ങളിൽ കൃത്യമായി നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. അതുപോലെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുകയും വേണം. ജൈവവളങ്ങൾ ആവശ്യാനുസരണം ചേർത്തുകൊടുക്കാനും മറക്കരുത്.
നല്ല വളപ്രയോഗവും ശ്രദ്ധയും കിട്ടുന്ന ചെടികൾ രണ്ടു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള കായ്കൾ കുലകുലയായിട്ടാണ് ഉണ്ടാവുക. ഇളം പ്രായത്തിലുള്ള കായ്കളാണ് അച്ചാറിടാൻ നല്ലത്. ഒരിക്കൽ കായ്ച്ചു തുടങ്ങിയാൽ വർഷം മുഴുവൻ കായ്ഫലം തരുന്നവയാണ് ഇവ. പൊതുവേ കീടബാധകളൊന്നും ബാധിക്കാറില്ല.
അധികം കൃഷിസ്ഥലമില്ലാത്തവർക്ക് നടാൻ പറ്റുന്നത് മധുര അമ്പഴങ്ങയാണ്. ചട്ടിയിൽ നിന്നാണെങ്കിലും ഇവ കായ്ഫലം തരും. മഞ്ഞ നിറത്തിൽ കായ്ക്കുന്ന ഇവയ്ക്ക് ഇന്ന് ആവശ്യക്കാരുമേറെയാണ്. പുളിയ്‌ക്ക് പകരം മധുരമാണ് ഇവയുടെ രുചി.