തിരുവനന്തപുരം: എറണാകുളം എടക്കാട്ടുവയലിലെ തേജോമയ ആഫ്റ്റർ കെയർഹോമിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. വിമൻ ആൻഡ് ചിൽഡ്രൻഹോം താമസക്കാരിൽ 16 വയസിന് മുകളിലുള്ള ഉപരിപഠനത്തിന് താത്പര്യവും പ്രാപ്തിയും ഇല്ലാത്ത കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി വരുമാനദായകമായ തൊഴിൽ കണ്ടെത്തി കൊടുക്കുന്നതിന്‌വേണ്ടിയാണ് നിർഭയ പദ്ധതിയുടെ ഭാഗമായി തേജോമയ ആഫ്റ്റർ കെയർഹോം വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു വർഷം കൊണ്ട് ഓരോ താമസക്കാർക്കും പ്രതിമാസം 10,000 രൂപ മുതൽ 15,000 രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. വിമൻ ആൻഡ് ചിൽഡ്രൻഹോമുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസൃതമായ തൊഴിൽമേഖലകളിൽ പരിശീലനം നൽകി പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവർക്കായി സൗജന്യ താമസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, മന:ശാസ്ത്രപരമായ സമീപനം, തൊഴിലധിഷ്ഠിത നൈപുണ്യവികസനം,യോഗ, വ്യായാമം, ജീവൻ സുരക്ഷാസേവനങ്ങൾ, മാനസിക ഉല്ലാസത്തിന്‌വേണ്ടിയുള്ള വിവിധ പരിപാടികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനായി 36.40 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നടത്തിയ സ്‌കിൽ ആൻഡ് ആപ്റ്റിറ്ര്യൂഡ് അസസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽമേഖലകളിലുള്ള പരിശീലനങ്ങളാണ് നൽകുന്നത്. നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രസ്തുത സെന്ററിൽ ഒരു 'ഡിസൈൻബോട്ടിക്' രൂപകൽപന ചെയ്തിട്ടുണ്ട്.

സ്‌കിൽ ട്രെയിനിംഗിന്റെ ഭാഗമായിഹോമിന് പുറത്ത്‌ജോലി ലഭിക്കുന്ന അംഗങ്ങൾക്ക്‌ജോലിക്ക്‌പോകുന്നതിനും സ്വതന്ത്രമായി ജീവിതം നയിക്കുന്നതിനും അവസരം നൽകുന്നു. ജില്ലാ വനിത ശിശുവികസന ഓഫീസർ ചെയർമാനായും ജില്ലാ ശിശുസംരക്ഷണ ഓഫീസർ കൺവീനറായുമുള്ള സമിതിഹോം മാനേജ്‌മെന്റ് കമ്മിറ്റിയായി പ്രവർത്തിച്ച് പ്രവർത്തനം വിലയിരുത്തും.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.പി. സുഭാഷ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ,നിർഭയ സെൽ സ്റ്റേറ്റ്‌കോഓർഡിനേറ്റർ എസ്. സബീന ബീഗം എന്നിവയ സംസാരിച്ചു.