മാഡ്രിഡ്: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിർബന്ധിത ക്വാറന്റൈനും രാത്രി കർഫ്യൂവും നടപ്പാക്കിയതിനെതിരെ സ്പെയിനിലുണ്ടായ രാത്രി സംഘർഷത്തിൽ 50 പേർ കസ്റ്റഡിയിൽ. മാഡ്രിഡ്, ലൊഗ്രോനൊ, ബിൽബാവോ, സാന്‍റാഡർ, മലാഗ അടക്കമുള്ള നഗരങ്ങളിലാണ് പൊതുജന പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാന നഗരമായ മാഡ്രിഡിലെ റോഡുകളിൽ പ്രതിരോധം തീർക്കാനും വേസ്റ്റ് കണ്ടെയ്നറുകൾക്ക് തീയിടാനും പ്രക്ഷോഭകർ ശ്രമിച്ചു. ഇവിടെ 30 പേരെ കരുതൽ തടങ്കലിലാക്കി. സംഘർഷത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ലൊഗ്രോനൊയിൽ ആറു പേരെയും ബിൽബാവോ, സാൻ സെബാസ്റ്റ്യൻ, വിക്ടോറിയ എന്നിവിടങ്ങളിൽ ഏഴു പേരെയും സാൻറാഡറിൽ അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു.