ബിലാസ്പുർ: ഛത്തീസ്ഗഡിലെ ദാന്തേവാഡയിലുള്ള 27 നക്സലേറ്റുകൾ പൊലീസിനു മുമ്പാകെ കീഴടങ്ങി. ഞായറാഴ്ചയാണ് ആറ് സ്ത്രീകളടക്കം 27 പേർ ബ്രാസൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതിൽ അഞ്ചു പേരുടെ തലയ്ക്ക് കാഷ് അവാർഡുകൾ പ്രഖ്യാപിച്ചിരുന്നതാണ്. പൊലീസിന്റെ പുനരധിവാസ പാക്കേജാണ് തങ്ങളെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്. മാവോയിസ്റ്റ് ആശയങ്ങളിൽ നിരാശയുണ്ടെന്നും ഇവർ വ്യക്തമാക്കി. കീഴടങ്ങിയവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടിയന്തര സഹായമെന്ന നിലയിൽ ഇവർക്ക് ഓരോരുത്തർക്കും 10000 രൂപ വീതം ധനസഹായം നൽകും.
ഇത്തരത്തിൽ മാവോയിസ്റ്റുകളെ തിരികെ കൊണ്ടുവരാനായി ഇക്കഴിഞ്ഞ ജൂണിലാണ് ബി.എസ്.എഫും പൊലീസും സംയുക്തമാക്കി 'ലൊൻ വർറാത്ത്" (നിങ്ങളുടെ ഗ്രാമത്തിലേക്കോ വീട്ടിലേക്കോ മടങ്ങുക) എന്ന പദ്ധതി കൊണ്ടുവന്നത്. ഇതിലൂടെ 177 നക്സലേറ്റുകൾ ഇതുവരെ കീഴടങ്ങിയെന്നും പൊലീസ് പറയുന്നു.