ലണ്ടൻ: ലോകപ്രശസ്ത മാദ്ധ്യമപ്രവർത്തകനായ റോബർട്ട് ഫിസ്ക് (74) അന്തരിച്ചു. മാദ്ധ്യമപ്രവർത്തന രംഗത്ത് നിർണായക സ്വാധീനമായ ഫിസ്ക് ദ ഇൻഡിപെൻഡന്റിന്റെ മിഡിൽ ഈസ്റ്റ് കറസ്പോണ്ടന്റായിരുന്നു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൺഡേ എക്‌സ്പ്രസിലൂടെ മാദ്ധ്യമജീവിതം ആരംഭിച്ച ഫിസ്ക് 1989ൽ ദ ടൈംസിൽ നിന്ന് ഇൻഡിപെൻഡന്റിൽ എത്തി. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വിദേശ കറസ്‌പോണ്ടന്റായിരുന്നു ഫിസ്‌ക്. അദ്ദേഹത്തിന്റെ മിഡിൽ ഈസ്റ്റ് റിപ്പോർട്ടുകൾക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനുമായി മൂന്ന് തവണ ഫിസ്‌ക് അഭിമുഖം നടത്തിയിരുന്നു. ലാദനുമായി അഭിമുഖം നടത്തിയ ചുരുക്കം ചില മാദ്ധ്യമപ്രവർത്തകരിൽ ഒരാളാണ് ഫിസ്ക്. അറബിക് ഭാഷയിൽ അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു. ലെബനനിലെ സിവിൽ വാർ, ഇറാനിയൻ വിപ്ലവം, ഇറാൻ - ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയ ലോക ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങളുടെ വ്യത്യസ്ത ഭാഷ്യം ലോകമറിഞ്ഞത് ഫിസ്കിന്റെ റിപ്പോർട്ടുകളിലൂടെയാണ്. കുവൈത്തിൽ സദ്ദാം ഹുസൈൻ നടത്തിയ അധിനിവേശത്തെക്കുറിച്ചും, സിറിയയിലെ യുദ്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു.