marar

കണ്ണൂർ: സംസ്ഥാന ക്ഷേത്രകലാ അക്കാഡമി 2019ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അർഹനായി. 25001 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ടി.വി. രാജേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രകലാ പ്രോത്സാഹനത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ഫെലോഷിപ്പ് സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് നൽകും. 15001 രൂപയും മെമന്റോയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
അവാർഡിന് അർഹരായവർ: ദാരുശിൽപ്പം- കെ.വി. പവിത്രൻ (പരിയാരം, കണ്ണൂർ), ലോഹശിൽപം- കെ.പി. വിനോദ് (പടോളി, കണ്ണൂർ), ശിലാശിൽപം- രാജേഷ് ടി. ആചാരി (ബാര, ഉദുമ, കാസർകോട്), ചെങ്കൽ ശിൽപം- എം.വി. രാജൻ (ബങ്കളം, മടിക്കൈ, കാസർകോട്), യക്ഷഗാനം- രാമമൂല്യ ദാസനടുക്ക (മങ്കൽപ്പാടി, കാസർകോട്), മോഹിനിയാട്ടം- ഡോ. കലാമണ്ഡലം ലത ഇടവലത്ത് (പിലാത്തറ, കണ്ണൂർ), ചുമർചിത്രം- പ്രിൻസ് തോന്നയ്ക്കൽ (തിരുവനന്തപുരം), തിടമ്പു നൃത്തം- ടി. ലക്ഷ്മികാന്ത അഗ്ഗിത്തായ, (തച്ചാങ്കാട്, കാസർകോട്), കളമെഴുത്ത്- പി. ഗോപകുമാർ (അമ്പലപ്പുഴ, ആലപ്പുഴ), കഥകളി വേഷം- ടി.ടി. കൃഷ്ണൻ, (തെക്കേമമ്പലം, പയ്യന്നൂർ, കണ്ണൂർ), തുള്ളൽ- കുട്ടമത്ത് ജനാർദ്ദനൻ (ചെറുവത്തൂർ, കാസർകോട്), ക്ഷേത്രവാദ്യം- പി.കെ. കുഞ്ഞിരാമ മാരാർ (ചെറുതാഴം കുഞ്ഞിരാമ മാരാർ), സോപാന സംഗീതം- പയ്യന്നൂർ കൃഷ്ണമണി മാരാർ, (നാറാത്ത്, കണ്ണൂർ), ചാക്യാർകൂത്ത്- കെ.ടി. അനിൽ കുമാർ (എളവൂർ, എറണാകുളം), കൂടിയാട്ടം- സി.കെ. വാസന്തി (ലക്കിടി, പാലക്കാട്), പാഠകം- വി. അച്യുതാനന്ദൻ (കേരള കലാമണ്ഡലം, പാലക്കാട്), നങ്ങ്യാർകൂത്ത്- എ. പ്രസന്നകുമാരി (ചെറുതുരുത്തി, പാലക്കാട്), ശാസ്ത്രീയ സംഗീതം- ഡോ. ഉണ്ണികൃഷ്ണൻ (പയ്യാവൂർ, കണ്ണൂർ), അക്ഷരശ്ലോകം- വി.എം. ഉണ്ണികൃഷ്ണൻ നമ്പീശൻ (പാലക്കോട് പയ്യന്നൂർ).അവാർഡിന് അർഹരായവർക്ക് 7500 രൂപയും മെമന്റോയും പ്രശസ്തിപത്രവുമാണ് നൽകുക.