ബീജിംഗ്: പീപ്പിൾസ് ലിബറേഷൻ ആർമിയെ 2027 ഓടെ അമേരിക്കൻ സൈന്യത്തോട് കിടപിടിക്ക തക്കവിധം നവീകരിക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അടുത്തിടെ ചേർന്ന കോൺക്ലേവിൽ തീരുമാനിച്ചെന്ന് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് നാല് ദിവസം നീണ്ട പ്ലീനറി സമ്മേളനം നടന്നത്. 2027 ഓടെ സൈന്യത്തിന്റെ ആധുനികവത്കരണം പൂർത്തിയാക്കുക എന്നതിനാണ് ചൈന അതീവ പ്രാധാന്യം നൽകുന്നത്.
14-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ചും വിവിധ വികസന പ്രവർത്തനങ്ങളെപ്പറ്റിയും സമ്മേളനം ചർച്ചചെയ്തു. വിദേശ വിപണികളെ ആശ്രയിക്കുന്നതിന് പകരം ആഭ്യന്തര വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് പ്രാധാന്യം നൽകുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് 14-ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.