rajnath-singh

ന്യൂഡൽഹി: ചെെനീസ് സേന ഇന്ത്യൻ പ്രദേശം പിടിച്ചെടുത്തെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ചെെനീസ് സെെന്യം ഇന്ത്യൻ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

"സ്ഥിതിഗതികൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ചൈനീസ് സെെന്യം ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്." രാജ്നാഥ് സിംഗ് ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിർത്തിയിലെ പിരിമുറുക്കം എന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നും ഇതിനായി ചൈനയുമായി കമാൻഡർ തല ചർച്ചകൾ നടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യതാൽപ്പര്യങ്ങളെ മുൻനിറുത്തി ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"1962 മുതൽ 2013 വരെ എന്താണ് സംഭവിച്ചത്, ഞാൻ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നില്ല. ഇന്ത്യൻ സേന അതിർത്തിയിൽ അവരുടെ ധീരത കാണിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുവെന്നത് തികച്ചു വസ്തുതാവിരുദ്ധമാണ്. ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഞാൻ സൈനികരെ കണ്ടു. പ്രധാമന്ത്രിയും സെെനികരെ കണ്ടിരുന്നു. ഇതിനാൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഇന്ത്യൻ പ്രദേശത്ത് പ്രവേശിക്കാൻ ആരും ഒരിക്കലും ശ്രമിക്കില്ല." രാജ്നാഥ് സിംഗ് പറഞ്ഞു. ജമ്മു-കാശ്മീരിലെ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും രാജ്‌നാഥ് സിംഗ് രംഗത്ത് വന്നു. ജമ്മു കശ്മീരിലെ ഭീകരതയ്ക്ക് ഉത്തരവാദി പാകിസ്ഥാനാണെന്ന് രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.