ambani

 ശതകോടീശ്വര പട്ടികയിൽ മുകേഷ് അംബാനിക്ക് സ്ഥാനചലനം

മുംബയ്: നേട്ടങ്ങളുടെ തിളക്കത്തിൽ നിന്ന് നഷ്‌ടത്തിലേക്ക് റിലയൻസ് ഇൻഡസ്‌ട്രീസ് ഓഹരികൾക്ക് അപ്രതീക്ഷിത വീഴ്‌ച. കൊവിഡ് കാലത്ത് ഏവരെയും വിസ്‌മയിപ്പിച്ച് ഡിജിറ്റൽ വിഭാഗമായ ജിയോ ഇൻഫോകോമിലും റിലയൻസ് റീട്ടെയിലിലും ആഗോള നിക്ഷേപങ്ങൾ വാരിക്കൂട്ടി മുന്നേറിയ റിലയൻസ് പക്ഷേ, കഴിഞ്ഞപാദത്തിൽ റിപ്പോർട്ട് ചെയ്‌തത് അറ്റാദായത്തിൽ 15 ശതമാനം നഷ്‌ടമാണ്.

ആഗോള നിക്ഷേപക സ്ഥാപനമായ മക്ക്വയറി, റിലയൻസ് ഓഹരികളുടെ പ്രതീക്ഷിത വില നിലവിലെ വിലയേക്കാൾ വൻതോതിൽ വെട്ടിക്കുറച്ച് 1,320 രൂപയാക്കിയതും തിരിച്ചടിയായി. ഇന്നലെ വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 8.62 ശതമാനം നഷ്‌ടത്തോടെ 1,877 രൂപയിലാണ്. മൊത്തം ഓഹരി മൂല്യത്തിൽ ഒരുലക്ഷം കോടിയോളം രൂപ ഇന്നലെ കൊഴിഞ്ഞു.

കഴിഞ്ഞ മാർച്ച് 23ന് 867 രൂപയായിരുന്നു റിലയൻസ് ഓഹരിവില. ജിയോയിലേക്കും മറ്റും എത്തിയ നിക്ഷേപങ്ങളുടെ കരുത്തിൽ കുതിച്ചുയർന്ന ഓഹരികൾ, സെപ്‌തംബർ 16ന് റെക്കാഡായ 2,369 രൂപയിൽ എത്തിയിരുന്നു; റിലയൻസിന്റെ മൊത്ത ഓഹരിമൂല്യം 15 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും മറികടന്നു. ഇന്നലെ ഓഹരിമൂല്യമുള്ളത് 12.09 ലക്ഷം കോടി രൂപയിലാണ്. കൊവിഡും ലോക്ക്ഡൗണും മൂലം എണ്ണവില്പനയിൽ ഉൾപ്പെടെ മാന്ദ്യമുണ്ടായതാണ് കമ്പനിക്ക് തിരിച്ചടിയായത്.

മുകേഷ് 9-ാം സ്ഥാനത്ത്

റിലയൻസ് ഓഹരിവില ഇടിഞ്ഞതോടെ ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്‌തിയിൽ 680 കോടി ഡോളറിന്റെ കുറവുണ്ടായി. ലോക ശതകോടീശ്വര പട്ടികയിൽ ആറാംസ്ഥാനത്തു നിന്ന് അദ്ദേഹം 9-ാം സ്ഥാനത്തുമെത്തി. ഇപ്പോൾ ആസ്‌തി 7,150 കോടി ഡോളറാണ്; ഏകദേശം 5.27 ലക്ഷം കോടി രൂപ.