sports-council

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്തിനായി പ്രസിഡന്റിന്റെ വാഹനം ദുരുപയോഗം ചെയ്തതായും ഇതിൽ പ്രസിഡന്റിന്റെ പി.എയ്ക്ക് പങ്കുള്ളതായും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉന്നയിച്ച ആരോപണം ഉയർത്തിയ പശ്ചാത്തലത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്ന് ചേരും. കമ്മറ്റി അജണ്ട നേരത്തേ നിശ്ചയിച്ചതാണെങ്കിലും പ്രസിഡന്റ് മേഴ്സിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചാവിഷയമാകും എന്നാണ് അറിയുന്നത്.

സുരേന്ദ്രന്റെ ആരോപണം രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞ പ്രസിഡന്റ് കൗൺസിലിലെ ചില ജീവനക്കാരുടെ മേൽ ഇതിന്റെ ഉത്തരവാദിത്വം ചാർത്താൻ ശ്രമിച്ചത് അമർഷം സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് വ്യക്തിവൈരാഗ്യം തീർക്കാൻ ചില ജീവനക്കാരെ സ്ഥലം മാറ്റുകയും പിന്നീട് നിയമവിരുദ്ധമായി ഇവരുടെ അക്കാലത്തെ ശമ്പളം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ പി.എയുടെ വഴിവിട്ട പ്രവൃത്തികൾക്ക് ഒപ്പം നിൽക്കാതിരുന്ന ജീവനക്കാരാണ് പ്രതികാര നടപടിക്കിരയായത്.

പ്രസിഡന്റിന്റെയും പി.എയുടെയും നടപടികൾ കൗൺസിലിന് നാണക്കേടായതിൽ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾക്കും അതൃപ്തിയുണ്ട്. അതേസമയം വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന പി.എ ഉൾപ്പടെയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ നടത്താനാണ് സ്റ്റാൻഡിംഗ് കമ്മിറ്റി നിശ്ചയിച്ചത്.ചില ജീവനക്കാർക്ക് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് തള്ളിക്കളഞ്ഞ് ക്ളീൻ ചിറ്റ് നൽകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.