ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 'ഡിജിറ്റൽ ഇന്ത്യ" എന്ന സ്വപ്‌നത്തിലേക്ക് രാജ്യം കൂടുതൽ അടുക്കുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) മുഖേനയുള്ള പണമിടപാടുകൾ 200 കോടി കടന്നു. 3.86 ലക്ഷം കോടി രൂപ മതിക്കുന്ന 210 കോടി യു.പി.ഐ ഇടപാടുകളാണ് ഒക്‌ടോബറിൽ നടന്നതെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി.
180 കോടി ഇടപാടുകളായിരുന്നു സെപ്‌തംബറിൽ; മൂല്യം 3.3 ലക്ഷം കോടി രൂപ. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനു ശേഷമാണ് യു.പി.ഐ ഇടപാടുകൾ ഇന്ത്യയിൽ ശ്രദ്ധേയമായത്. തുടർന്ന്, മൂന്നുവർഷം കൊണ്ടാണ് (2019 ഒക്‌ടോബർ) പ്രതിമാസം 100 കോടി ഇടപാടുകൾ എന്ന നേട്ടം കൊയ്‌തത്. എന്നാൽ, ഇതു 200 കോടിയിലെത്താൻ വേണ്ടിവന്നത് ഒരുവർഷം മാത്രം.
സെപ്‌തംബറിലെ 2.3 കോടിയിൽ നിന്ന് ബിൽ പേമെന്റുകൾ ഒക്‌ടോബറിൽ 2.4 കോടിയിലേക്ക് ഉയർന്നു. 28 കോടിയിൽ നിന്ന് 31.9 കോടിയിലേക്ക് ഐ.എം.പി.എസ് ഇടപാടുകൾ മെച്ചപ്പെട്ടു. ഫാസ്‌ടാഗിലെ വളർച്ച 11 കോടിയിൽ നിന്ന് 12.2 കോടിയിലേക്കാണ്. സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ എണ്ണം കൂടിയതും അതിനനുസൃതമായി പേമെന്റ് ആപ്പുകളായ ഗൂഗിൾപേ, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയ്ക്ക് ലഭിച്ച സ്വീകാര്യതയും ഡിജിറ്റൽ പേമെന്റുകളുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. യു.പി.ഐ ഇടപാടുകളിൽ 40 ശതമാനം വിഹിതവുമായി ഗൂഗിൾപേയാണ് മുന്നിൽ. ഫോൺപേയ്ക്കാണ് രണ്ടാംസ്ഥാനം.
യു.പി.ഐ പണമിടപാടുകളിൽ സെപ്‌തംബറിനെ അപേക്ഷിച്ച് ഒക്‌ടോബറിൽ മൂല്യത്തിലെ വർദ്ധന 15 ശതമാനമാണ്. ആഗസ്‌റ്റിനേക്കാൾ 12 ശതമാനം വളർച്ച സെപ്‌തംബർ കുറിച്ചിരുന്നു.