kabul

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ . തോക്കുമായി എത്തിയ ഒരു സംഘം വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 19 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് രാവിലെയാണ് കാബൂൾ സർവകലാശാലയിലേക്ക് കടന്ന മൂന്ന് ഭീകരർ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്. ഇതിന് പിന്നാലെ ചില വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭീകരർ തടങ്കലിലാക്കുകയും ചെയ്തു. തുടർന്ന് പൊലീസുമായി ഒരു മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് തടങ്കലിലായവരെ മോചിപ്പിച്ചത്. സേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇവരിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തെന്നും സർക്കാർ വക്താവ് താരിഖ് അരിയൻ പറഞ്ഞു.

കാബൂൾ സർവകലാശാലയിൽ ഇതിന് മുമ്പും സമാനമായ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി ഗേറ്റിന് പുറത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ എട്ട് പേർ മരണപ്പെട്ടിരുന്നു. 2016ലും സമാനമായ രീതിയിൽ കാബൂൾ സർവകലാശാലയിൽ വെടിവയ്പ്പ് നടന്നിരുന്നു. 13 ഓളം പേർ അന്ന് കൊല്ലപ്പെടുകയും ചെയ്തു.