ന്യൂഡൽഹി : ഒറ്റ ട്വീറ്റിലൂടെ ആരാധകരെ ഒന്നടങ്കം മുൾമുനയിൽ നിറുത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം പി.വി. സിന്ധു. ' ഡെൻമാർക്ക് ഓപ്പൺ അവസാനത്തേതാണ്, ഞാൻ വിരമിക്കുന്നു. ' ഇതായിരുന്നു ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ സിന്ധു തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതു കണ്ട ആരായാലും ഞെട്ടും. പക്ഷേ, ശരിക്കും ട്വിസ്റ്റ് അതല്ല, താരം വിരമിക്കുന്നില്ല. കൊവിഡിനെ കുറിച്ചാണ് സിന്ധുവിന്റെ പോസ്റ്റ്.
' എത്ര കഠിനമായ എതിരാളിയെ നേരിടാനും ഞാൻ പരിശീലനം നേടിയിരുന്നു. നേരത്തെയും ഞാൻ അത് ചെയ്തിട്ടുണ്ട്. എന്നാൽ അദൃശ്യനായ ഈ വൈറസിനെ എങ്ങനെ നേരിടും. ഈ കൊവിഡ് സമയത്ത് നിരവധി പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെൻമാർക്ക് ഓപ്പണിൽ കളിക്കാൻ സാധിക്കാത്തത് അതിൽ അവസാനത്തേതാണ്. ഞാൻ നെഗറ്റിവിറ്റിയിൽ നിന്നും വിരമിക്കുകയാണ്. ഭയത്തിൽ നിന്നും അനിശ്ചിതത്വത്തിൽ നിന്നും വിരമിക്കുകയാണ്. ' പോസ്റ്റിനൊപ്പം പങ്കുവച്ച കുറിപ്പിൽ സിന്ധു പറയുന്നു.
— Pvsindhu (@Pvsindhu1) November 2, 2020
ഒരു തിരിച്ചുവരവിനെ പറ്റി താൻ ആലോചിക്കുന്നതായും കൊവിഡ് കാലം കുറേ കാര്യങ്ങൾ പഠിപ്പിച്ചെന്നും ഏഷ്യൻ ഓപ്പണിനായുള്ള പരിശീലനത്തിലാണെന്നും കൊവിഡ് ബോധവത്കരണം മുന്നിൽ കണ്ട് പങ്കുവച്ച പോസ്റ്റിലൂടെ സിന്ധു പറയുന്നു.