pm-velayudhan

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ വഞ്ചിച്ചുവെന്ന ആരോപണവുമായി പാർട്ടി നേതാക്കളിൽ ഒരാളായ പി.എം വേലായുധൻ. സംസ്ഥാന അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് വരുംമുമ്പ് തന്നെ സഹായിക്കണം എന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു എന്നും അതിനു ശേഷം തന്ന വാക്ക് പാലിക്കാതെ അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നു എന്നും വേലായുധൻ ഒരു ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് വന്നാൽ തന്നെയും കെ.പി ശ്രീശനെയും ഉപാദ്ധ്യക്ഷൻമാരായി തുടരാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താൻ സുരേന്ദ്രനെ സഹായിച്ചതെന്നും വേലായുധൻ പറയുന്നു. എന്നാൽ പദവിയിൽ എത്തിയപ്പോൾ സുരേന്ദ്രൻ വാക്ക് മാറുകയായിരുന്നു എന്നും പി.എം വേലായുധൻ കുറ്റപ്പെടുത്തി.

പാർട്ടിയിലെ നേതാക്കളെ വിളിച്ചാൽ അവർ ഫോൺ എടുത്തില്ലെങ്കിൽ തന്നെ പിന്നീട് തന്നെ വിളിക്കാറുണ്ടെന്നും എന്നാൽ സുരേന്ദ്രൻ അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങി നിലവിലെ മിസോറാം ഗവർണറായ പി.എസ് ശ്രീധരൻ പിള്ള വരെ താൻ വിളിച്ചാൽ തന്നെ തിരിച്ച് വിളിക്കാറുണ്ടെന്നും പി.എം വേലായുധൻ ചൂണ്ടിക്കാണിച്ചു.

'ഒ. രാജഗോപാൽ എന്ന രാജേട്ടൻ വരെ വേലായുധൻ എന്ന് എന്നെ വിളിക്കാറില്ല. വേലായുധൻജി എന്നാണ് അദ്ദേഹം പറയുക. അത്രയും സ്നേഹം അവരുടെയെല്ലാം ഭാഗത്തുനിന്നും എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ സുരേന്ദ്രൻ യുവാവാണ്. അദ്ദേഹത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ തന്ന വാക്ക് പാലിക്കാതെ അദ്ദേഹം എന്നെ വഞ്ചിക്കുകയാണ് ചെയ്തത്.' പി.എം വേലായുധൻ വിശദീകരിച്ചു.