തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥലം മാറ്റാൻ പാടില്ലെന്നാണ് നിർദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ചീഫ് സെക്രട്ടറിക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും കമ്മീഷൻ കത്തു നൽകി.
ഡിസംബർ 31ന് മുമ്പായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് നടത്താനകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹെെക്കോടതിയെ അറിയിച്ചിരുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കമ്മീഷൻ വ്യക്തമാക്കി. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചന.