p-v-sindhu

ന്യൂഡൽഹി : ഇന്ത്യൻ കായികലോകത്തെ ഞെട്ടിച്ച് ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ ബാഡ്മിന്റൺ ‍താരം പി.വി. സിന്ധുവിന്റെ വിരമിക്കൽ പ്രഖ്യാപനം. പക്ഷേ, ട്വിറ്ററിലൂടെ നടത്തിയ ആ പ്രഖ്യാപനത്തിൽ ഒരു ട്വിസ്റ്റുണ്ടെന്ന് മാത്രം! ‘ഡെൻമാർക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാൻ വിരമിക്കുന്നു’ എന്ന് തലക്കെട്ട് നൽകിയ ട്വീറ്റോടെയാണ് സിന്ധു ഞെട്ടിച്ചത്. പക്ഷേ, ട്വീറ്റിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് ആരാധകർ കരുതിയതുപോലെ ബാഡ്മിന്റണിൽനിന്നല്ല സിന്ധുവിന്റെ വിരമിക്കൽ. എന്നറിയുന്നത്. തനിക്ക് ചുറ്റുമുള്ള നെഗറ്റീവായ കാര്യ്ളിൽ നിന്നാണ് വിരമിക്കുന്നതെന്നാണ് താരം പറയുന്നത്. വായിക്കുന്നവർക്ക് ചെറുതായിട്ട് ഹാർട്ട് അറ്റാക്ക് ഉണ്ടാകാമെങ്കിലും ശ്രദ്ധ കിട്ടാൻ വേണ്ടി മനപ്പൂർവ്വമാണ് ഇങ്ങനെ എഴുതിയതെന്നും സിന്ധു തുടർന്ന് എഴുതി.

സിന്ധുവിന്റെ ട്വീറ്റ്

മനസ്സിനെ പൂർണമായി ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ഞാൻ ചിന്തിക്കുന്നു. ഇടക്കാലത്ത് കടുത്ത നിരാശയിലായിരുന്നുവെന്ന് ഞാൻ തുറന്നുസമ്മതിക്കുന്നു. അത് തീർത്തും തെറ്റായിപ്പോയെന്ന് എനിക്കറിയാം. അതുകൊണ്ടാണ്, എല്ലാം ഇവിടംകൊണ്ട് നിർത്തുന്നു എന്ന് വ്യക്തമാക്കാൻ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ഇത് നിങ്ങളിൽ ചിലരെ ഞെട്ടിക്കുകയും മറ്റു ചിലർക്ക് ആകെ ആശയക്കുഴപ്പം സമ്മാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഈ കുറിപ്പ് വായിച്ചു തീരുമ്പോഴേയ്ക്കും എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ. നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.

എന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കോവിഡ് കാലം. ഏറ്റവും കരുത്തരായ എതിരാളികളോട് പല്ലും നഖവും ഉപയോഗിച്ച് അവസാനം വരെ പൊരുതിനിൽക്കാൻ കഠിനമായ പരിശീലനം നടത്താൻ എനിക്കാകും. മുൻപ് അത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഈ ലോകത്തെ മുഴുവൻ നിശ്ചലാവസ്ഥയിലാക്കിയ വൈറസിനെ ഞാൻ എങ്ങനെയാണ് തോൽപ്പിക്കുക? നാം വീടുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോഴും ആ ചോദ്യം നാം നമ്മോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം മനസ്സിലുള്ളതുകൊണ്ടും നെഞ്ചു തകർക്കുന്ന ചില വാർത്തകൾ ഓൺലൈനിൽ വായിക്കുന്നതുകൊണ്ടും എന്നെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും ചില ചോദ്യങ്ങൾ ഉയരുന്നു. ഡെൻമാർക്ക് ഓപ്പണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കാതെ പോയതാണ് അതിൽ ഒടുവിലത്തേത്.

ചുറ്റിലുമുള്ള ഈ അനിശ്ചിതാവസ്ഥയിൽനിന്ന് ഇന്ന് ഞാൻ വിരമിക്കുകയാണ്. എല്ലാ നിഷേധ ചിന്തകളിൽനിന്നും, ഭയങ്ങളിൽനിന്നും വിരമിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം നിലനിൽക്കുന്ന നിയന്ത്രണമില്ലാത്ത അവസ്ഥയിൽനിന്നും വിരമിക്കുന്നു.

എല്ലാറ്റിലുമുപരി, നമ്മുടെ അനാരോഗ്യകരമായ ശുചിത്വക്കുറവിൽനിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയിൽനിന്നും ഞാൻ വിരമിക്കുന്നു.

ഞാൻ ചിലപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടാക്കിയിരിക്കാം. അപ്രതീക്ഷിതമായ ഈ കാലത്ത് അപ്രതീക്ഷിതമായ ഇത്തരം മാർഗങ്ങളും നാം തേടേണ്ടിവരും. നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഇങ്ങനെയൊന്ന് ചെയ്യേണ്ടിവന്നു. ഇതൊക്കെ പറയുമ്പോഴും, അങ്ങകലെ നമ്മെ കാത്തിരിക്കുന്ന വെളിച്ചം കാണാതെ പോകരുത്. ഡെൻമാർക്ക് ഓപ്പൺ നടക്കില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടു മാത്രം ഞാൻ പരിശീലനം മുടക്കില്ല. ജീവിതം നിങ്ങളെ തേടിവരുമ്പോൾ, അതേ ഊർജത്തോടെ നമ്മളും പ്രതികരിക്കണം. ഭയത്തെ കീഴടക്കാതെ മടങ്ങാൻ ഞാൻ തയാറല്ല. സുരക്ഷിതമായ ആ ലോകം വീണ്ടെടുക്കുന്നതുവരെ ഞാൻ ഈ പോരാട്ടം തുടരും