psc

തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം പി.എസ്.സി നിയമനങ്ങളിലും ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു. മുന്നാക്ക സംവരണം സർക്കാർ നിയമനങ്ങളിലും ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയ ഒക്ടോബർ 23 മുതൽ നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ഇത് ബാധകമായിരിക്കും.

ഒക്ടോബർ 23 മുതൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി അവസാനിച്ചിട്ടില്ലാത്ത വിജ്ഞാപനങ്ങളിൽ,അർഹരായവർക്ക് സംവരണാനുകൂല്യം അവകാശപ്പെടുന്നതിനായി,

ഓൺലൈൻ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികൾ വരുത്തും.

നവംബർ നാല് അവസാന തിയതിയായിട്ടുള്ള വിജ്ഞാപനങ്ങളിൽ അർഹരായവർക്ക് സംവരണാനുകൂല്യം അവകാശപ്പെടുന്നതിന് നവംബർ 14 അർദ്ധരാത്രി 12 മണി വരെ അവസാന തിയതി ദീർഘിപ്പിച്ച് നൽകും. മുന്നാക്ക സംവരണം ബാധകമല്ലാത്ത വകുപ്പ്തല ക്വാട്ട വിജ്ഞാപനങ്ങൾക്ക് തിയതി ദീർഘിപ്പിക്കൽ ബാധകമല്ല. ഒക്ടോബർ 30 മുതൽ തുടർന്നുള്ള വിജ്ഞാപനങ്ങൾക്കും മുന്നാക്ക സംവരണം ബാധകമാക്കും.

പി.എസ്.സിയിലും ഇരട്ടി സംവരണം

മുന്നാക്ക വിഭാഗങ്ങൾക്ക് ഓപ്പൺ ക്വാട്ടയിലെ (പൊതു വിഭാഗം)പത്ത് ശതമാനം സംവരണമെന്ന് പറയുകയും 20 ശതമാനം നൽകുകയും ചെയ്യുന്ന കൗശലം പി.എസ്.സി നിയമനങ്ങളിലും ആവർത്തിക്കാനാണ് നീക്കം. ഇക്കാര്യം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്കുള്ള 50 ശതമാനം സംവരണം മാറ്റിവച്ച്, പൊതു വിഭാഗത്തിലെ 50 ശതമാനത്തിൽ നിന്നാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകുകയെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് ,പൊതു വിഭാഗത്തിലെ 50 ഒഴിവുകളിൽ 5 എണ്ണമാണ് നൽകേണ്ടത്. എന്നാൽ,സർക്കാർ നിയമനങ്ങൾക്കായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് തയ്യാറാക്കി നൽകിയ മാനദണ്ഡ പ്രകാരം (മൊത്തം നിയമനങ്ങളിൽ പത്ത് ശതമാനം) ഇത് പത്തെണ്ണമായി ഉയരും. മെഡിക്കൽ,പ്ലസ് വൺ പ്രവേശനത്തിലും ഇതായിരുന്നു തന്ത്രം.