chandrashekhar-azad

ന്യൂഡൽഹി: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ നടപടിക്കെതിരെ ഭീം ആർമി പാർട്ടി അദ്ധ്യക്ഷനും ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ്. ഭീം ആർമി കേരളഘടകം മുന്നാക്ക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ചന്ദ്രശേഖർ ആസാദ് പിണറായി സർക്കാരിനെതിരെ രംഗത്തുവന്നത്.

"സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക" - ആസാദ് ട്വീറ്റ് ചെയ്തു.

അതേസമയം സർക്കാർ ഉത്തരവിന് മുൻകാല പ്രാബല്യം നൽകി പി.എസ്.സി നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. ഒക്ടോബർ 23 മുതൽ പ്രാബല്യം നൽകി നിയമനം നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. സംസ്ഥാനത്ത് സംവരണവുമായി ബന്ധപ്പെട്ട് മത സംഘടനകളും രാഷ്ട്രീയകക്ഷികളും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. സംവരണത്തിനെതിരെ ഇ.കെ സുന്നിവിഭാഗവും എസ്.എൻ.ഡി.പിയും സമരപരിപാടികൾക്ക് തുടക്കമിട്ടു.