ലണ്ടൻ: അൽ ക്വ ഇദ നേതാവ് ഒസാമ ബിൻ ലാദനുമായി മൂന്നു തവണ അഭിമുഖം നടത്തിയ പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക് (74) അന്തരിച്ചു. മാദ്ധ്യമപ്രവർത്തന രംഗത്ത് നിർണായക സ്വാധീനമായ ഫിസ്ക് ദ ഇൻഡിപെൻഡന്റിന്റെ മിഡിൽ ഈസ്റ്റ് കറസ്പോണ്ടന്റായിരുന്നു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൺഡേ എക്സ്പ്രസിലൂടെ മാദ്ധ്യമജീവിതം ആരംഭിച്ച ഫിസ്ക് 1989ൽ ദ ടൈംസിൽ നിന്ന് ഇൻഡിപെൻഡന്റിൽ എത്തി. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വിദേശ കറസ്പോണ്ടന്റായിരുന്നു ഫിസ്ക്. അദ്ദേഹത്തിന്റെ മിഡിൽ ഈസ്റ്റ് റിപ്പോർട്ടുകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. അറബിക് ഭാഷയിൽ പ്രവീണ്യമുണ്ടായിരുന്ന ഫിസ്ക് ലാദനുമായി അഭിമുഖം നടത്തിയ ചുരുക്കം ചില മാദ്ധ്യമപ്രവർത്തകരിൽ ഒരാളാണ്. ലെബനനിലെ സിവിൽ വാർ, ഇറാനിയൻ വിപ്ലവം, ഇറാൻ - ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയ ലോക ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങളുടെ വ്യത്യസ്ത ഭാഷ്യം ലോകമറിഞ്ഞത് ഫിസ്കിന്റെ റിപ്പോർട്ടുകളിലൂടെയാണ്. കുവൈത്തിൽ സദ്ദാം ഹുസൈൻ നടത്തിയ അധിനിവേശത്തെക്കുറിച്ചും, സിറിയയിലെ യുദ്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു.