ipl

അവസാന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ആറ് വിക്കറ്റിന് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ചു

16 പോയിന്റുമായി ഡൽഹി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു,ബാംഗ്ളൂർ മൂന്നാം സ്ഥാനത്ത്.

ആദ്യ ക്വാളിഫയറിൽ ഡൽഹി മുംബയ്‌യെ നേരിടും

ബാംഗ്ളൂർ ദേവ്ദത്ത് പടിക്കലിന് (50) സീസണിലെ അഞ്ചാം അർദ്ധ സെഞ്ച്വറി, റൺവേട്ടയിൽ മൂന്നാം സ്ഥാനത്ത്

അബുദാബി : ഐ.പി.എല്ലിൽ ഇന്നലെ നടന്ന തങ്ങളുടെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ആറുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ജയിക്കാൻ 153 റൺസ് മതിയായിരുന്ന ഡൽഹി ഒരോവർ ബാക്കിനിൽക്കേ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു.ഇതോടെ വ്യാഴാഴ്ച നടക്കുന്ന പ്ളേ ഓഫിലെ ആദ്യ ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസിനെ നേരിടാൻ ഡൽഹി ടിക്കറ്റെടുത്തു.

സീസണിലെ അഞ്ചാം അർദ്ധസെഞ്ച്വറിയുമായി (50) റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന മലയാളിതാരം ദേവ്ദത്ത് പടിക്കലും എ.ബി ഡിവില്ലിയേഴ്സും (35),നായകൻ വിരാട് കൊഹ്‌ലിയും (29) ചേർന്നാണ് ഡൽഹിയുടെ കരുത്തുറ്റ ബൗളിംഗിന് എതിരെ പൊരുതിനിന്ന് 152/7 എന്ന സ്കോറിലെത്തിച്ചത്. ഡൽഹിക്കായി ആൻറിച്ച് നോർക്കിയ മൂന്ന് വിക്കറ്റും റബാദ രണ്ടുവിക്കറ്റും വീഴ്ത്തി.

ഓപ്പണർ പൃഥ്വി ഷായെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും ശിഖർ ധവാൻ(54), അജിങ്ക്യ രഹാനെ(60) എന്നിവരുടെ പോരാട്ടമാണ് ഡൽഹിയെ ഈസി വിജയത്തിലേക്ക് എത്തിച്ചത്. രണ്ടാം വിക്കറ്റിൽ 88 റൺസാണ് ഇവർ നേടിയത്. 41 പന്തുകളിൽ ആറു ബൗണ്ടറികൾ പായിച്ച ധവാൻ 525 റൺസുമായി ടൂർണമെന്റിലെ റൺവേട്ടയിൽ രണ്ടാമതേക്ക് ഉയരുകയും ചെയ്തു. 46 പന്തുകൾ നേരിട്ട രഹാനെ അഞ്ചുഫോറും ഒരു സിക്സുമടിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂരിന് പതിഞ്ഞ തുടക്കമായിരുന്നു.ഓപ്പണർ ജോഷ് ഫിലിപ്പിനെ(12) അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ റബാദ പുറത്താക്കുമ്പോൾ ടീം സ്കോർ 25 റൺസായിരുന്നു.എന്നാൽ ദേവ്ദത്തും കൊഹ്‌ലിയും ചേർന്ന് പതിയെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ 57 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.24 പന്തുകളിൽ രണ്ടുഫോറും ഒരു സിക്സുമടിച്ച കൊഹ്‌ലിയെ 13-ാം ഓവറിലാണ് നഷ്ടമായത്. അശ്വിന്റെ പന്തിൽ സ്റ്റോയ്നിസിന് ക്യാച്ച് നൽകി ആയിരുന്നു ക്യാപ്ടന്റെ മടക്കം.

തുടർന്ന് എ.ബി ഡിവില്ലിയേഴ്സിനെക്കൂട്ടി ദേവ്ദത്ത് അർദ്ധസെഞ്ച്വറിയിലേക്ക് നീങ്ങി.നേരിട്ട 40-ാമത്തെ പന്തിൽ അർദ്ധസെഞ്ച്വറി തികച്ച ദേവ്ദത്ത് തൊട്ടടുത്തപന്തിൽത്തന്നെ കൂടാരം കയറുകയും ചെയ്തു. അഞ്ചുബൗണ്ടറികൾ പായിച്ച മലയാളി താരത്തെ ആൻറിച്ച് നോർക്കിയ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. പകരമിറങ്ങിയ ക്രിസ്‌ മോറിസിനെ അതേ ഓവറിൽത്തന്നെ നോർക്കിയ കീപ്പർ റിഷഭിന്റെ കയ്യിലെത്തിച്ചതോടെ ബാംഗ്ളൂർ 112/4 എന്ന നിലയിലായി. തുടർന്ന് ശിവം ദുബെ(17),ഡിവില്ലിയേഴ്സ്,ഇസിരു ഉഡാന(4) എന്നിവരെ അവസാന ഏഴുപന്തുകൾക്കിടയിൽ ബാംഗ്ളൂരിന് നഷ്ടമായി.

472

റൺസാണ് 14 മത്സരങ്ങളിൽ നിന്ന് ദേവ്ദത്ത് നേടിയത്.670 റൺസുമായി കെ.എൽ രാഹുലാണ് സീസണിലെ ടോപ് സ്കോറർ .ഇന്നലെ ദേവ്ദത്ത് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും തൊട്ടുപിന്നാലെ ശിഖർ ധവാൻ മറികടന്നു.

നാലാമനെ ഇന്നറിയാം

ഐ.പി.എൽ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടത്തിൽ ഹൈദരാബാദ് ഇന്ന് മുംബയ്‌യെ നേരിടുന്നു നല്ല മാർജിനിൽ ജയിച്ചാൽ ഹൈദരാബാദ് പ്ളേ ഓഫിൽ,തോറ്റാൽ കൊൽക്കത്തയുടെ വഴി തെളിയും ഷാർജ : ഇന്ന് കളത്തിലിറങ്ങുന്നത് മുംബയ് ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദുമാണെങ്കിലും കത്തുന്നത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മനസാണ്. കാരണം ഇന്നത്തെ വിജയികൾ ആരെന്ന് അറിഞ്ഞിട്ടുവേണം കൊൽക്കത്തക്കാർക്ക് തിരിച്ചുപോകാൻ പെട്ടി പായ്ക്ക് ചെയ്യണമോ പ്ളേ ഓഫിന് പരിശീലനത്തിന് ഇറങ്ങണോ എന്ന് തീരുമാനിക്കാൻ. 13 മത്സരങ്ങൾ കഴിഞ്ഞപ്പോൾതന്നെ 18 പോയിന്റ് നേടിയ മുംബയ് ഇന്ത്യൻസ് പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഹൈദരാബാദിന് അവസാനമത്സരത്തിന് ഇറങ്ങുമ്പോൾ 12 പോയിന്റാണ് സമ്പാദ്യം.പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സ്ഥാനത്താണ് ഹൈദരാബാദ്. ജയിച്ചാൽ ബാംഗ്ളൂർ(14), ഡൽഹി (14),കൊൽക്കത്ത(14) എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. ഇന്ന് മുംബയ് ജയിച്ചാൽ കൂടുതൽ ചിന്തിക്കേണ്ടതില്ല.ഹൈദരാബാദ് പുറത്ത്.കൊൽക്കത്ത പ്ളേഓഫിൽ കടക്കും ഇന്ന് ഹൈദരാബാദ് ജയിച്ചാൽ അവർക്ക് 14 പോയിന്റാകും. റൺറേറ്റിൽ കൊൽക്കത്തയേക്കാൾ മികവ് ഹൈദരാബാദിനായത് കൊണ്ട് ആദ്യ നാലിൽ എത്താനും അതുവഴി പ്ളേ ഓഫിൽ കളിക്കാനുമാകും. കഴിഞ്ഞ രാത്രി രാജസ്ഥാൻ റോയൽസിനെതിരെ എതിരെ മികച്ച വിജയം നേടിയതാണ് കൊൽക്കത്തയുടെ സാദ്ധ്യതകൾ അണയാതെ കാത്തത്. ഹൈദരാബാദും മുംബയ്‌യും തമ്മിൽ ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം മുംബയ്ക്ക് ആയിരുന്നു.