ദിശകളുടെ പ്രാധാന്യത്തെപ്പറ്റി മിക്കവാറും പ്രതിപാദിച്ചു കഴിഞ്ഞു. ഇനി മറ്റുളള വാസ്തുവിഷയങ്ങൾ നോക്കാം. വീടിന്റെ നാഭിയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഇക്കുറി. നാഭിയെന്നാൽ വീടിന്റെ സ്ഥാനനിർണയമെന്ന് പറയാം. സ്ഥാന നിർണയം നടത്തുമ്പോൾ പലപ്പോഴും തെറ്റുകൾ സംഭവിക്കുന്നതായി കാണാറുണ്ട്. തെറ്റുകൾ സംഭവിക്കുമ്പോൾ ആ വീട് നിലനിൽക്കുന്നതുവരെ ദോഷങ്ങളും പ്രതിസന്ധികളും സംഭവിച്ചുകൊണ്ടേയിരിക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. വസ്തു എത്ര ചെറുതായാലും വലുതായാലും നാഭി ഏറ്റവും ശരിയായി തന്നെ നിർണയിക്കേണ്ടതുണ്ട്. ശരിയായ നാഭി നിർണയം രോഗദുരിതങ്ങളില്ലാത്ത ഐശ്വര്യപ്രദമായ ജിവിതം സാദ്ധ്യമാക്കുമെന്നാണ് വിശ്വാസം.
ഓരോ സ്ഥലത്തും നാഭി വ്യത്യസ്തമായി മാറി വരും. ഭൂമിയുടെ ചരിവ്, ഓരോ മൂലകളിലെയും ഊർജവ്യതിയാനങ്ങൾ, റോഡ്, തോട്, കുളങ്ങൾ, ഭൂമിയുടെ അതിരുകൾ, ഉയർച്ച താഴ്ചകൾ എന്നിവ മനസിലാക്കി മാത്രമെ നാഭി നിർണയം നടത്തി വീടുവയ്ക്കാൻ തുടങ്ങാവൂ. വീടിന്റെ തെക്കും പടിഞ്ഞാറും കിഴക്കിനേക്കാളും വടക്കിനെക്കാളും കൂടുതലായി സ്ഥലമുണ്ടെങ്കിൽ നാഭിനിർണയത്തിൽ അപാകമുളളതായി കാണാം. അങ്ങനെയുള്ള വീടുകളിൽ വസ്തുവിൽ പ്രത്യേക മതിൽ സജ്ജമാക്കി നാഭിയിലേക്ക് വീടിനെ മാറ്റിയെടുക്കാം.
വീടിനെയും വസ്തുവിനെയും പിരിയൻ രൂപത്തിലേയ്ക്ക് മാറ്റുന്നതാണ് യഥാർത്ഥത്തിൽ നാഭിനിർണയം.
മൊത്തം വസ്തുവിന്റെ ഊർജപ്രസരണകേന്ദ്രം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ചരിവും ഊർജവ്യതിയാനങ്ങളും മനസിലാക്കാൻ കഴിയുന്ന ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ഊർജപ്രസരണകേന്ദ്രം കണ്ടുപിടിച്ചാൽ നാലുമൂലകളും കോണോടു കോണും അളന്ന് ബ്രഹ്മ സൂത്രത്തെ മാറ്റി നിർത്തണം.അതായത് ഭൂമിയുടെ മദ്ധ്യം പൂർണമായി മാറ്റി നിർത്തി മാത്രമെ ഊർജനാഭി നിജപ്പെടുത്താവൂ. നേർകിഴക്കും വടക്കും തെക്കും പലേടത്തും കൃത്യമായി കിട്ടിയെന്നു വരില്ല. ഇത് ഭൂമിയുടെ ചരിവിനെ ആശ്രയിച്ചിരിക്കും. ആ ചരിവിലെ ഡിഗ്രി പരിഗണിക്കേണ്ടതുണ്ട്. ബ്രഹ്മസൂത്രം കണ്ടെത്തി ചെറിയ വസ്തുവാണെങ്കിൽ പരമാവധി ആ ഭാഗം വീട്ടിലെ ഏറ്റവും വലിയമുറിയായി വരേണ്ട ഹാളിൽ വരുമ്പോലെ നിജപ്പെടുത്തണം. വലിയ വസ്തുവാണെങ്കിൽ അത് വീട്ടിനുള്ളിൽ വരാതെ പുറത്തുവരുന്നതുപോലെ സ്ഥിരപ്പെടുത്തണം. കിഴക്കും വടക്കും മൊത്ത വസ്തുവിൽ അധിക കാലിസ്ഥലമായി ക്രമപ്പെടുത്തിയെടുത്താൽ പിന്നീട് കൂടുതൽ കാന്തികോർജപ്രസരണഭാഗമാണ് കണ്ടെത്തേണ്ടത്.വസ്തുവിന്റെ വടക്കും തെക്കും പടിഞ്ഞാറും ഈ കാന്തികപ്രഭാവം ഡിഗ്രി മനസിലാക്കി കണ്ടെത്തിയാലും നാഭി ക്രമപ്പെടുത്തൽ തീർപ്പാക്കരുത്. ചിലപ്പോൾ ഊർജ്ജ അളവ് ഒരേ തോതിലെന്ന് തോന്നാമെങ്കിൽ പോലും തെക്കുപടിഞ്ഞാറിന് വലിയ പ്രാധാന്യം നൽകി പോകണം.
(നാഭിയുടെ ബാക്കി
അടുത്ത ആഴ്ച)
സംശയങ്ങളും മറുപടിയും
വസ്തുവിന്റെ വടക്കു കിഴക്കേ കോണിലാണ് വീട് നിൽക്കുന്നത്. അത് വാസ്തുപരമായി ശരിയല്ലെന്നാണ് കേൾക്കുന്നത്. എങ്ങനെ പരിഹരിക്കാം?
ശ്രീദാസ് പൈ,
ചിങ്ങവനം.
വീട് വസ്തുവിന്റെ വടക്ക് കിഴക്കേ കോണിൽ നിൽക്കാൻ പാടില്ല. ആ ഭാഗത്ത് ഭാരം കൂടി പ്രതിസന്ധികൾ സൃഷ്ടിക്കും. തെക്കുള്ള കാലി സ്ഥലം മതിൽ കെട്ടി മാറ്റി പ്രശ്നം പരിഹരിക്കാം.