erdogan

കാബൂൾ: തന്നെ, ഫ്രഞ്ച് മാസികയായ 'ഷാർളി എബ്ദോ' അപമാനിച്ചു എന്ന കാരണം പറഞ്ഞുകൊണ്ട് ഫ്രഞ്ച് ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് പ്രഖ്യാപിച്ച റിസപ്പ് തയ്യിപ്പ് എർദോഗന് 'തിരിച്ചടി' നൽകി സ്വന്തം ഭാര്യ. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ 'ഹെർമി ബിർക്കിനി'ന്റെ ബാഗുമായി എർദോഗന്റെ ഭാര്യ എമീൻ എർദോഗൻ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതാണ് ഇപ്പോൾ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

നിലവിൽ 37,22,250 രൂപയാണ് ഈ ബാഗിന്റെ വില. ഫ്രഞ്ച് ഉത്പന്നങ്ങൾ വർജ്ജിക്കാൻ പറഞ്ഞ തങ്ങളുടെ പ്രസിഡന്റിന്റെ ഭാര്യ തന്നെ ഫ്രഞ്ച് കമ്പനി നിർമിച്ച ബാഗ് ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്നാണു തുർക്കിഷ് ജനത സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ എമീൻ 'ഇസ്‌ലാം വിരുദ്ധ' നിലപാടുകൾ സ്വീകരിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുകയാണ് എന്നും അവർ അഭിപ്രായപ്പെടുന്നു.എന്നാൽ മുതലതൊലി കൊണ്ട് നിർമിച്ചതെന്ന് കരുതപ്പെടുന്ന എമീനിന്റെ ഈ ബാഗ് വ്യാജമാണ് എന്നാണ് തുർക്കിയിലെ പേരുകേട്ട മാദ്ധ്യമപ്രവർത്തകയായ ഹാന്തേ ഫിറാത്ത് പറയുന്നത്.

ആഡംബര ഉത്പ്പന്നങ്ങളുടെ വ്യാജ പതിപ്പുകൾ മാത്രമാണ് എർദോഗന്റെ ഭാര്യ വാങ്ങാറുള്ളതെന്നും തുർക്കിഷ് പത്രമായ 'ഹുറിയത്തി'ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെ ഫിറാത്ത് പറയുന്നുണ്ട്.

എർദോഗനെ രൂക്ഷമായി പരിഹസിക്കുന്ന കവർ പേജോടെ 'ഷാർലി എബ്ദോ' അടുത്തിടെ തങ്ങളുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അശ്ലീല ഉള്ളടക്കമുള്ള കവറിനെയും മാസികയെയും 'ശത്രുതയുടെയും വെറുപ്പിന്റെയും വിത്തുകൾ വിതയ്ക്കുന്നത്' എന്നായിരുന്നു എർദോഗൻ വിശേഷിപ്പിച്ചത്.