1886ൽ കെയ്റോയിലെ ഒരു ഗുഹയിൽ നിന്നും ഒരു മമ്മി കണ്ടെത്തി. എന്നാൽ മമ്മി കണ്ട ഗവേഷകർ ഒന്ന് അത്ഭുതപ്പെട്ടു. അലറിക്കരയുന്ന രൂപത്തിൽ വായ തുറന്നാണ് അത് കാണപ്പെട്ടത്. 'അൺനോൺ മാൻ - ഇ' എന്ന് ചരിത്രകാരൻമാർ ഈ മമ്മിയ്‌ക്ക് പേര് നൽകി. മരിക്കുമ്പോൾ പതിനെട്ട് വയസ് മാത്രമായിരുന്നു ഈ മമ്മിയുടെ പ്രായം. 'സ്ക്രീമിംഗ് മമ്മി ( Screaming Mummy ) അഥവാ അലറുന്ന മമ്മി ' എന്ന അപരനാമത്തിൽ ഈ മമ്മി അങ്ങനെ പ്രശസ്തമായി.
ഈ മമ്മി ആരുടേതായിരിക്കും ? ഈജിപ്‌ത് ഭരിച്ചിരുന്ന മഹാനായ ഭരണാധികാരികളിൽ ഒരാളായിരുന്നു റാംസെസ് മൂന്നാമൻ. മൂന്ന് ഭാര്യമാരും പതിനൊന്ന് മക്കളും ഉണ്ടായിരുന്നു റാംസെസിന്. ഇതിൽ രണ്ടാം ഭാര്യയായ തീയ്‌യുടെ മകനായ പെന്റവെർ രാജകുമാരന്റെതാണ് സ്ക്രീമിംഗ് മമ്മിയെന്നാണ് നിഗമനം.
റാംസെസിന്റെ മൂത്ത മക്കൾക്ക് അധികാരം ലഭിക്കരുതെന്നും തന്റെ മകൻ കിരീടാവകാശിയാകണമെന്നും പെന്റവെറിന്റെ അമ്മ തീയ് ആഗ്രഹിച്ചു. തുടർന്ന് റാംസെസിനെ കൊല്ലാൻ തീയ്‌യും പെന്റവെറും പദ്ധതിയിട്ടു. ഇവർ റാംസെസിനെ കഴുത്തറുത്ത് വധിച്ചുവെന്നാണ് പറയപ്പെടുന്നത്. 1886ൽ റാംസെസിന്റെ മമ്മി കണ്ടെത്തിയിരുന്നു. ഈ മമ്മിയിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.
പിതാവിനെ വധിച്ചെങ്കിലും പെന്റവറിന് അധികാരം ലഭിച്ചില്ല. റാംസെസിന്റെ മറ്റൊരു മകനായ റാംസെസ് നാലാമൻ അധികാരത്തിലേറി. പിന്നാലെ പെന്റവെർ, മാതാവ് തീയ് ഉൾപ്പെടെ റാംസെസിന്റെ കൊലപാതകത്തിന് പിന്നിലെ എല്ലാവരെയും പിടികൂടി. കുറ്റം തെളിഞ്ഞ് വിചാരണ ആരംഭിച്ചതോടെ പെന്റവെർ ആത്മഹത്യ ചെയ്യുകയായിരുന്നു.
പെന്റവെർ ആത്മഹത്യ ചെയ്‌തതെന്ന് എങ്ങനെയാണെന്ന് വ്യക്തമല്ല. ആത്മഹത്യ ആയിരുന്നില്ല, മറിച്ച് പെന്റവെറിനെ തൂക്കിലേറ്റിയതാണെന്നും ചിലർ വാദിക്കുന്നുണ്ട്. തീയ്‌ക്ക് എന്ത് സംഭവിച്ചെന്നോ, അവരുടെ മമ്മി എവിടെയാണെന്നോ ആർക്കും അറിയില്ല. പെന്റവെറുടെ മമ്മി അലറുന്ന രൂപത്തിലിരിക്കാനുള്ള കാരണവും അജ്ഞാതമാണ്.