modi

ന്യൂഡൽഹി: ഈ മാസം നടക്കാൻ പോകുന്ന എസ്‌.സി.ഒ, ബ്രിക്സ്, എ.എസ്.ഇ.എ.എൻ ഉച്ചകോടികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെെനീസ് പ്രസിഡന്റ് ഷി ജിൻപിംഗും പങ്കെടുത്തേക്കുമെന്ന് സൂചന.നവംബർ 10നാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌.സി‌.ഒ) വെർച്വൽ ഉച്ചകോടി നടക്കുക. നവംബർ 17 ന് ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന ദക്ഷിണാഫ്രിക്ക (ബ്രിക്സ്) തുടങ്ങിയ രാജ്യങ്ങളുടെ ഉച്ചകോടിയും നവംബർ 20,21 തീയതികളിൽ ജി.20 ഉച്ചകോടിയും നടക്കും. നവംബർ 11 ന് നടക്കുന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും നവംബർ 30 ന് നടക്കുന്ന എസ്‌.സി.‌ഒ കൗൺസിൽ ഓഫ് ഹെഡ്സ് മീറ്റിംഗിലും ഇന്ത്യയിലെയും ചൈനയിലെയും നേതാക്കൾ പങ്കെടുത്തേക്കും.

ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങൾക്ക് ശേഷം ഇരുനേതാക്കളും പങ്കെടുക്കുന്ന ആദ്യ വെർച്വൽ ഉച്ചകോടിയാണ് റഷ്യയിൽ നടക്കുന്ന എസ്‌.സി.ഒ.കൊവിഡ് വെെറസ് വ്യാപനം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ഏപ്രിൽ മാസം സംഘടിപ്പിച്ച ജി.20 ഉച്ചകോടിയിൽ ഇരുനേതാക്കളും പങ്കെടുത്തിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രാലയം തിരക്കേറിയ തയ്യറെടുപ്പുകൾ നടത്തുന്നതായാണ് സൂചന. ഉച്ചകോടിയിൽ പങ്കെടുത്താലും ഉഭയകക്ഷി ചർച്ചയ്ക്കുള്ള സാദ്ധ്യതയില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. എന്നിരുന്നാലും ഇന്ത്യ-ചെെന അതിർത്തിയിൽ പിരിമുറുക്കം തുടരുന്ന സാഹചര്യത്തിൽ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നല്ലാതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം ഇരു നേതാക്കളുടെയും വെർച്വൽ മീറ്റിംഗ് അതിർത്തിയിലെ സ്ഥിതിഗതിയിൽ മാറ്റം വരുത്തില്ലെന്നും പറയപ്പെടുന്നു.