തനിക്കുണ്ടായ വിഷാദരോഗത്തിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഐറ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച 10 മിനിറ്റോളം ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് താരത്തിന്റെ മകൾ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പതിനാലാം വയസിലാണ് താൻ ലൈംഗിക ചൂഷണം നേരിട്ടതെന്നും തന്നെ ഉപദ്രവിച്ചയാൾ മനഃപൂർവമാണോ അത് ചെയ്തതെന്ന് മനസിലാക്കാൻ ഞാൻ സംഭവം നടന്നുകഴിഞ്ഞ് പിന്നെയും ഒരു വർഷമെടുത്തു എന്നും ഐറ തന്റെ വീഡിയോയിലൂടെ പറയുന്നു.
'അത് മനസിലാക്കിയ ഉടനെ തന്നെ ഇക്കാര്യം താൻ തന്റെ മാതാപിതാക്കളെ അറിയിച്ചു. അതുവഴി ആ സാഹചര്യത്തിൽ നിന്നും പുറത്തു കടക്കാൻ എനിക്ക് കഴിഞ്ഞു. അങ്ങനെ ചെയ്തുകഴിഞ്ഞ ശേഷം എനിക്ക് ഭയമൊന്നും തോന്നിയില്ല. അതെന്റെയുള്ളിൽ മുറിവുകളൊന്നും അവശേഷിപ്പിച്ചതുമില്ല. ഞാൻ കുഞ്ഞായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കൾ വിവാഹബന്ധം വേർപിരിഞ്ഞത്. അതെന്നെ അത്ര വേദനിപ്പിച്ചതൊന്നുമില്ല. കാരണം, എന്റെ മാതാപിതാക്കൾ സുഹൃത്തുക്കളായിരുന്നു. അവരുടെ കുടുംബങ്ങളും സൗഹൃദത്തിൽ തന്നെ നിലനിന്നു. ഞങ്ങളുടേത് ഒരിക്കലും ഒരു ശിഥിലമായ കുടുംബമായിരുന്നില്ല.'
താൻ അനുഭവിച്ച വിശേഷസൗകര്യങ്ങളുടെ സാഹചര്യത്തിൽ താൻ എന്താണ് അനുഭവിക്കുന്നതെന്നോ തന്റെയുള്ളിൽ എന്താണെന്നോ തന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ പറയാൻ സാധിച്ചിരുന്നില്ല എന്നും ഐറ പറയുന്നു.
'ഞാൻ ഒരു കാര്യത്തെ കുറിച്ചും ആരോടും സംസാരിച്ചില്ല. കാരണം, ഞാൻ അനുഭവിക്കുന്ന വിശേഷാധികാരങ്ങൾ കാരണം ഞാൻ ഒറ്റയ്ക്ക് അവയെ നേരിടേണ്ടതാണ് എന്ന് ഞാൻ കരുതി. അല്ലെങ്കിൽ... വലുതായി എന്തെങ്കിലും ഉണ്ടെങ്കിൽ, 'എനിക്കറിയില്ല' എന്നതിനപ്പുറം എല്ലാവർക്കും ഒരു ഉത്തരം നൽകേണ്ടി വരും എന്നെനിക്ക് തോന്നി. എന്റെ അവസ്ഥ എന്തെന്ന ചോദ്യത്തിന് കുറച്ചുകൂടി നല്ലൊരു ഉത്തരം വേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഒരുത്തരം ലഭിക്കുന്നത് വരെ എന്റെ പ്രശ്നങ്ങളും കൊണ്ട് ഞാൻ ആരെയും ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നെനിക്ക് തോന്നി. അതിരുകളില്ലാത്ത ചിന്ത വേണ്ടിവരുന്ന ഒരു പ്രശ്നവുമില്ല. ആരായാലും അപ്പോൾ എന്താണ് ചെയ്യുക? എനിക്ക് എല്ലാം ഉണ്ടായിരുന്നു. ആരായിരുന്നാലും എന്താണ് പറയുക? ഞാൻ എല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു.'
ഐറ തുറന്നുപറയുന്നു.