tn-krishnan

ചെന്നൈ: പ്രശസ്‌ത വയലിനിസ്റ്റും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. ടി.എൻ. കൃഷ്ണൻ (92) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി 25000ൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബർ ആറിനായിരുന്നു ജനനം. അച്ഛനായിരുന്നു ഗുരു. മൂന്നാം വയസു മുതൽ വയലിൻ പഠിച്ചു. ഏഴാം വയസിൽ പൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എൻ. രാജം സഹോദരിയാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മുസിരി സുബ്രഹ്മണ്യയ്യർ, മധുരൈ മണി അയ്യർ തുടങ്ങിയർക്കെല്ലാം വയലിൻ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാഡമി വൈസ് ചെയർമാനായും പ്രവർത്തിച്ചു.

ഭാര്യ: പാലക്കാട് നെന്മാറ അയിരൂർ സ്വദേശി കമല. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാഡമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

കർണാടക സംഗീതത്തിലെ വയലിൻ ത്രയങ്ങൾ എന്നറിയപ്പെട്ട മൂവരിൽ ഒരാളായിരുന്നു. ചെന്നൈ മ്യൂസിക് അക്കാഡമിയിൽ അദ്ധ്യാപകനായി ചേർന്ന കൃഷ്ണൻ പ്രിൻസിപ്പലായി വിരമിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായും പ്രവർത്തിച്ചു. 1972ൽ പത്മശ്രീയും 1992ൽ പത്മഭൂഷനും നൽകി രാജ്യം ആദരിച്ചു.