കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പ് കേസിൽ തനിക്കെതിരെയുള്ള വഞ്ചനാക്കുറ്റം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കമറുദ്ദീനിനെതിരായ വഞ്ചനാ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടമായെന്നും,ജുവലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് തനിക്കെതിരെ വഞ്ചനാ കേസ് എടുത്തതെന്നാണ് എംഎൽഎയുടെ ആരോപണം.
നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീനെതിരെയുള്ള കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിക്ഷേപമായി വാങ്ങിയ പത്ത് കോടി നൽകി എം സി കമറുദ്ദീനും, പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല. ബംഗളൂരുവിൽ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.