ramesh-chennithala

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞദിവസം വരെ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രിക്ക് ഇപ്പോൾ എങ്ങനെയാണ് അവർ അനഭിമതരായി മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ മകനെ ഇ ഡി ചോദ്യം ചെയ്യുമ്പോൾ പിണറായിക്ക് രോഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ശിവശങ്കറിന്റെ വഴിവിട്ട സമ്പാദ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

കേന്ദ്ര ഏജൻസികൾ വഴിവിട്ട് പോയിട്ടില്ല. സത്യം കണ്ടെത്താൻ പാടില്ല, ഞങ്ങൾ കൊളള നടത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാരിന്റേത് ധിക്കാരപരമായ സമീപനമാണ്. ലൈഫ് മിഷൻ കേസിൽ വിജിലൻസിനെ ഇറക്കിയത് സി ബി ഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്. ആ കബളിപ്പിക്കൽ ജനങ്ങൾക്ക് ബോദ്ധ്യപ്പെടും. ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രി ഒന്നാംപ്രതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളം കണ്ടിട്ടുളള വൻ അഴിമതികളും കൊളളകളും മൂടിവയ്‌ക്കാൻ പിണറായി ധാർമ്മികത പ്രസംഗിക്കുകയാണ്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. കേരള പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ കളളക്കടത്ത് കേസ് എടുക്കുകയാണ്. പ്രതിപക്ഷത്തുളള എല്ലാ എം എൽ എമാരേയും കളളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ഭരണത്തിന്റെ അവസാന നാളുകളിൽ കേരള പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ വൈര്യം തീർക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ബി ജെ പിയുടെ സഹായം കിട്ടിയിട്ടുളള നേതാവ് പിണറായി വിജയനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.