തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻ ഐ എ കസ്റ്റഡിയിലായതിന് പിന്നാലെ നിരവധി തട്ടിപ്പുകളുടെ പിന്നാമ്പുറ കഥകളാണ് പുറത്ത് വരുന്നത്. ഇതിൽ പലതും പുറത്ത് കൊണ്ട് വരുന്നത് സർക്കാരിന്റെ വീഴ്ചകളെകുറിച്ചാണ്. ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന ലൈഫ് പാർപ്പിട പദ്ധതിയിലും സ്വപ്നയുടെ ഇടപെടലുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് പിന്നാലെ വിജിലൻസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജിലൻസ് സംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയെ എട്ടു മണിക്കൂറോളം ചോദ്യംചെയ്തു. ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യംചെയ്യൽ രാവിലെ പത്തു മുതൽ വൈകിട്ട് 5.50 വരെ നീണ്ടു. ലൈഫ് പദ്ധതിക്കായി എമറേറ്റ്സ് റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രം, യൂണിടാകിന് കരാർ ലഭിച്ചത്, കോഴപ്പണം ആർക്കൊക്കെ കൈമാറി, നിർമ്മാണക്കമ്പനിയിൽ നിന്ന് ഐഫോൺ ലഭിച്ചത് എന്നിവയെക്കുറിച്ചെല്ലാം അന്വേഷിച്ചു.
കോൺസുലേറ്റിൽ നിന്ന് ശിവശങ്കറിന് സമ്മാനമായി ഐ ഫോൺ നൽകിയെന്ന് സ്വപ്ന സമ്മതിച്ചു. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണ്. എയർ അറേബ്യ കമ്പനി ഉദ്യോഗസ്ഥൻ പത്മനാഭ ശർമ്മ, കോൺസുലേറ്റിലെ ജോലികൾ ചെയ്തിരുന്ന പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെ ഫോൺ ലഭിച്ചു. പ്രട്ടോക്കോൾ ഓഫീസർക്ക് കോൺസൽ ജനറലാണ് ഫോൺ നൽകിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോൺസൽ ജനറലിന്റെ കൈവശമായിരുന്നു. അത് ആർക്കാണ് നൽകിയതെന്ന് തനിക്കറിയില്ല. സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു കൊണ്ടുവന്ന ഐ ഫോൺ കോൺസൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകി.
കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടലേക്ക് 7.5 കോടി രൂപ കൈമാറിയെന്നും തുടർന്ന് യൂണിടാക്കിന്റെ അക്കൗണ്ടിൽ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളലേക്ക് 4.20 കോടി രൂപ നൽകിയെന്നും സ്വപ്ന സമ്മതിച്ചതായാണ് വിവരം. ഇതിൽ നിന്ന് 3.60 കോടി രൂപ പിൻവലിച്ചു. ഈ തുക ഡോളറായും രൂപയായും കോൺസലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറി. യൂണിടാക്ക് നൽകിയ തുകയിൽ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവർ വീതിച്ചെടുത്തു. യൂണിടാക്കിലെ മുൻ ജീവനക്കാരൻ യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും നൽകിയില്ല.