തിരുവനന്തപുരം : യുവത്വത്തിന്റെ കൈകളിലേക്കുള്ള സ്ഥാനാരോഹണമാണ് കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയതിലൂടെ ബി ജെ പി കേന്ദ്ര നേതൃത്വം നടപ്പിലാക്കിയത്. ഇതിനൊപ്പം നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശവും തയ്യാറാക്കിയിരുന്നു. യുവാക്കൾക്ക് മുന്തിയ പരിഗണന നൽകുക, തുടർച്ചയായി ഭാരവാഹികളാകുന്നവരെക്കാൾ പരിഗണന അല്ലാത്തവർക്ക് നൽകുക, സാമ്പത്തികാരോപണങ്ങൾ നേരിടുന്നവരെയും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരെയും ഒഴിവാക്കുക, വ്യക്തിജീവിതത്തിൽ ധാർമ്മിക മൂല്യങ്ങൾ പിന്തുടരുന്നവർക്ക് പരിഗണന നൽകുക, നിരവധി തവണ ഭാരവാഹികളായ 70 വയസു കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഇതെല്ലാം പരിഗണിച്ചായിരുന്നു പാർട്ടിയിൽ പുനസംഘടന നടപ്പിലാക്കിയത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സമയത്ത് ബി ജെ പിക്കുള്ളിൽ വീണ്ടും കലാപം ഉയർന്നിരിക്കുന്നത്.
എന്നാൽ ബി.ജെ.പി സംസ്ഥാന ഘടകത്തിലുണ്ടായ ഭിന്നതയിലും അലോസരങ്ങളിലും കേന്ദ്ര നേതൃത്വം തത്കാലം ഇടപെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സമരമുഖങ്ങളിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം സജീവമായിരിക്കെയാണ് എതിർസ്വരങ്ങളും വീണ്ടും ഉടലെടുത്തത്. പുനഃസംഘടനയിൽ മതിയായ സ്ഥാനം കിട്ടിയില്ലെന്ന് പരാതിയുള്ളവർ ഏതാനും ദിവസങ്ങളായി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സ്ഥാനം കിട്ടിയില്ലെന്ന് ചിലർ പരാതിപ്പെടുമ്പോൾ അതു സ്വാഭാവികമായും കേന്ദ്രം ഉണ്ടാക്കിയ മാർഗ നിർദ്ദേശങ്ങൾക്കെതിരാവും. ഇതും ഇടപെടാതിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇപ്പോൾ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇപ്പോൾ ദേശീയ കൗൺസിൽ അംഗവുമായ പി.എം.വേലായുധൻ എന്നിവരാണ് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയത്. പാർട്ടി കേന്ദ്ര നേതൃത്വം ബീഹാറിലെ തിരഞ്ഞെടുപ്പ് തിരക്കിലാണ്. അതുകഴിഞ്ഞേ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ എന്തെങ്കിലും ഇടപെടൽ ഉണ്ടാകാനിടയുള്ളൂ. അതേസമയം, കേന്ദ്രം ഉണ്ടാക്കിയ മാർഗനിർദ്ദേശത്തിന് വിരുദ്ധമായാണെങ്കിൽ മാത്രമേ എന്തെങ്കിലും തിരുത്തൽ നടപടിക്ക് സാദ്ധ്യതയുള്ളൂ.
നേരത്തെ ജനറൽ സെക്രട്ടറിയായിരുന്ന എ.എൻ.രാധാകൃഷ്ണനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ പകരം കോർ കമ്മിറ്റിയിലെടുക്കാനും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ശോഭയുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇക്കാര്യം അറിയുന്നതുകൊണ്ടാണ് പാർട്ടിയിലെ അസംതൃപ്തർ കേരള കാര്യങ്ങൾ നേരിട്ട് നോക്കിയ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെതിരെ ആരോപണമുയർത്തുന്നത്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ സംസ്ഥാന ഘടകം സജീവമായി സമരരംഗത്ത് നിൽക്കുകയും കേന്ദ്രം അതിന് പൂർണ പിന്തുണ നൽകുകയും ചെയ്യുമ്പോൾ സംസ്ഥാന ഘടകത്തെ അസ്ഥിരപ്പെടുത്തുന്ന നടപടി കേന്ദ്രനേതൃത്വം സ്വീകരിക്കില്ല എന്നാണ് കരുതുന്നത്.
സ്ഥാനമാനങ്ങൾ സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും
കെ.സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പേ തന്നെ കെ.പി. ശ്രീശനെയും വൈസ് പ്രസിഡന്റ് പദവിയിൽ നിലനിറുത്തുമെന്ന് സുരേന്ദ്രൻ വാക്ക് തന്നിരുന്നെങ്കിലും പാലിച്ചില്ല.
പി.എം. വേലായുധൻ,ദേശീയ കൗൺസിൽ അംഗം
ദേശീയ നിർവാഹകസമിതി അംഗമായ എന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത് എന്നോടാലോചിക്കാതെയാണ്. ഇത് തരംതാഴ്ത്തലാണ്.
ശോഭാ സുരേന്ദ്രൻ