കാടിന്റെ മക്കളാണവർ. ഇന്നും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർ, ഒരു പരാതിയുമില്ലാതെ കാടിന്റെ മണ്ണിൽ ജീവിച്ചു മരിക്കുന്നവർ. ആദിവാസിമേഖലയിൽ കോടികളുടെ വികസനക്കണക്ക് കേൾക്കുമ്പോഴും അത്രമേൽ ദൈന്യതയാർന്നതാണ് അവരുടെ ജീവിതം, ആ മുഖങ്ങളിലൊന്നും പുഞ്ചിരി വിരിയുന്നുമില്ല...
അച്ഛൻ പറഞ്ഞുതന്ന കാട്ടിലെ കഥകളായിരുന്നു ബാല്യകാലസന്ധ്യകളെ ഭാവസാന്ദ്രമാക്കിയിരുന്നത്. കാടകത്തിന്റെ കാണാവഴികളിലൂടെ കൈപിടിച്ചു കൊണ്ട് പോയി മലകളും പുഴകളും കന്യാവനങ്ങളുമെല്ലാം കൺകുളിർക്കേ കാണിച്ചു തന്നു. ആനയും പുലിയും കടുവയും കരടിയും കാട്ടുപോത്തും മാനും പാമ്പും കിളികളും എല്ലാം മനസിന്റെ മേച്ചിൻ പുറങ്ങളിലൂടെ ഇന്നും സഞ്ചരിക്കുന്നു. നിത്യജീവിതത്തിന് അന്നം തേടിയിരുന്ന വനയാത്രകളിൽ അച്ഛനേയും കൂട്ടുകാരെയും വനത്തെയും വന്യജീവികളെയും നൊമ്പരപ്പെടുത്താതെ കാടിനോടപേക്ഷിച്ചു എടുക്കാൻ പഠിപ്പിച്ച ഗുരുനാഥൻ മണ്ണ് വനത്തിലെ ചിപ്പൻ മൂപ്പൻ വനസ്മൃതികളിൽ വാനംമുട്ടി നിൽക്കുന്നു. ചിപ്പൻ മൂപ്പന്റെ പരമ്പരകളാണ് റാന്നി വനമേഖലയിൽ താമസിച്ചു വരുന്ന മലമ്പണ്ടാര വിഭാഗങ്ങളിൽ അധികവും. ഗുരുനാഥൻ മണ്ണ് വനത്തിലെ ചിപ്പൻ കോളനി മൂപ്പന്റെ സ്മരണകൾ ഉണർത്തുന്നതാണ്.
വനാന്തരങ്ങളിലെ ആദിമഗോത്രത്തിൽപ്പെട്ട മലമ്പണ്ടാര വിഭാഗങ്ങളുമായി ഇടപഴകാനും അവരെപ്പറ്റി കൂടുതൽ അറിയുവാനും സാധിച്ചത് ഒരു വനപാലകനാകാൻ കഴിഞ്ഞതിലൂടെയാണ്. വനം വകുപ്പിന് വേണ്ടി ഇവരുടെ സാമൂഹ്യ സാമ്പത്തിക സർവെ നടത്താൻ കഴിഞ്ഞതും അനുഗുണമായി. കേരളത്തിൽ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അധിവസിച്ചു വരുന്ന മലമ്പണ്ടാരങ്ങൾ നരവംശ ശാസ്ത്രപരമായി 'ആസ്ട്രലോയിഡ്" വിഭാഗത്തിൽപ്പെട്ടവരായാണ് കരുതുന്നത്. ദൃഢഗാത്രരും സാമാന്യം ഉയരവും ഇരുനിറക്കാരുമായ ഇവരെ ആകാര സവിശേഷതകളാൽ വ്യത്യസ്തരായി കാണുവാൻ കഴിയുകയില്ല. എന്നാൽ കാടിനുള്ളിൽ കഴിയുകയും തേനും കുന്തിരിക്കവും ചണ്ണക്കായും മറ്റും വില്ക്കാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുമായി അപൂർവമായി മാത്രം നാട്ടിലെത്തുന്നവരെ വേഷം, ഭാഷ എന്നീ പ്രത്യേകതകളാൽ വേഗം തിരിച്ചറിയാവുന്നതാണ്. തമിഴും മലയാളവും ചേർന്നതാണ് ഇവരുടെ ഗോത്രഭാഷ. ഇവരിൽ ചിലർക്ക് തമിഴ്നാട്ടിലെ മേക്കര, ചൊക്കൻപേട്ട എന്നീ സ്ഥലങ്ങളിൽ ബന്ധുക്കളുണ്ടെന്നതും ശ്രദ്ധേയമാണ്. പുതുതലമുറ ശുദ്ധമലയാളം സംസാരിക്കുന്നതിനാൽ ഇവരുടെ ഗോത്രഭാഷ അന്യമായിക്കൊണ്ടിരിക്കുകയാണ്. അച്ചൻകോവിൽ വനമേഖലയായിരുന്നു മലപ്പണ്ടാരങ്ങളുടെ അധിവാസകേന്ദ്രവും ഇപ്പോഴും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതുമായ പ്രദേശം. ഗിരിവർഗകോളനിയിൽ മാത്രമായി 153 കുടുംബങ്ങളും സ്ഥിരതാമസക്കാരല്ലാതെ വനംവകുപ്പ് തേക്കുതോട്ടിൽ 20 കുടുംബങ്ങളും കൂടി ഏകദേശം 530 അംഗങ്ങൾ താമസിക്കുന്നു. അച്ചൻകോവിൽ നിന്നും രണ്ടും മൂന്നും കുടുംബങ്ങൾ വീതം കോന്നി അച്ചൻകോവിൽ റോഡിനു സമീപപ്രദേശങ്ങളിലും അച്ചൻകോവിലാറും പമ്പയാറുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേക്കും കുടിയേറിപ്പാർക്കുകയുണ്ടായി. ഏകദേശം രണ്ടായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള മലമ്പണ്ടാരങ്ങൾ കൊല്ലംജില്ലയിലെ അച്ചൻകോവിൽ, ആര്യൻകാവ്, മാമ്പഴത്തറ, മുള്ളുമല, കിഴക്കേവെള്ളംതെറ്റി, പത്തനംതിട്ട ജില്ലയിലെ ആവണിപ്പാറ, മണ്ണീറ, കാട്ടാത്തി, കോട്ടോമ്പാറ, ഗുരുനാഥൻമണ്ണ്-ചിപ്പൻകുഴി, അട്ടത്തോട് എന്നീ ഗിരിവർഗ്ഗ കോളനികളിലും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ രാജാമ്പാറ മുതൽ ശബരിമല സന്നിധാനം. സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴി-കൊച്ചാണ്ടി മുതൽ ഗവി വരെയുള്ള വനങ്ങളിലും താമസിച്ചു വരുന്നു. ഇടുക്കി ജില്ലയിൽ പീരുമേട് അമ്പൻകാട്, വണ്ടിപ്പെരിയാർ-സത്രം എന്നിവിടങ്ങളിൽ 13 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഗിരിജൻ കോളനി നിവാസികളായ മലമ്പണ്ടാരങ്ങളിൽ ഭൂരിഭാഗവും നാട്ടാചാര പ്രകാരമുള്ള ജീവിതരീതികളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. ഇവരിൽ ചിലർ നവംബർ മാസം മുതൽ വനംവകുപ്പ് ജോലികൾ ചെയ്യുകയും ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വനത്തിൽ താമസിച്ച് വനവിഭവ ശേഖരണം നടത്തുകയും ചെയ്യുന്നു.
കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മലമ്പണ്ടാരങ്ങളാണ് കാട്ടോടികൾ. സഞ്ചാരപ്രിയരായ ഇവർ പ്രകൃതിയുടെ താളത്തിനനുസരിച്ച് ഋതുഭേദങ്ങളോടിണങ്ങി അനുയോജ്യമായ വനസ്ഥലികളിലേക്ക് മാറി മാറി ഗുഹകളിലും കൊട്ടിലുകളിലും താമസിക്കുന്നവരാണ്. വന്യജീവികളുടെ ഉപദ്രവം ഉണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഉയർന്നസ്ഥലത്ത് കാട്ടുകമ്പകളും ഈറ്റയിലകളും മറ്റും ഉപയോഗിച്ച് കൊട്ടിലുകൾ കെട്ടും. ഇതിലാണ് കൂടുതലായും താമസിക്കുന്നത്. ഇതിന് കുച്ചിലുകൾ എന്നാണ് പറയുന്നത്. മറ്റു മലകളിൽ താമസിക്കുന്ന ഇവരുടെ ബന്ധുക്കൾക്കും വനം, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർക്കും വാസസ്ഥലം കണ്ടെത്തുന്നതിനുള്ള അടയാളം കാണിക്കാനായി റോഡരുകിൽ ഒരു കമ്പ് നാട്ടി അതിനുമുകളിൽ കുപ്പിയോ കവറോ വയ്ക്കും. സൂര്യൻ ഉദിച്ചുയരുമ്പോൾ തേനീച്ചകൾ പൂന്തേൻ ശേഖരിക്കുവാൻ കൂട്ടിൽ നിന്നും കൂട്ടത്തോടെ പോവുകയും ശേഖരിച്ചു മടങ്ങുകയും ചെയ്യുന്നത് നിരീക്ഷിച്ചാണ് തേൻ കൂടുകൾ സുഗമമായി കണ്ടെത്തുന്നത്. പട്ടികൾ ഇവരുടെ സന്തത സഹചാരികളാണ്. ഉടുമ്പിനെയും മറ്റും പിടിച്ചാൽ അതുപോലെതന്നെ യജമാനനെ ഏല്പിക്കും. വനസഞ്ചാരവേളയിൽ കുട്ടികൾക്കും എടുക്കാവുന്ന ഭാരങ്ങൾ നൽകുകയും അവരെ മരം കയറുന്നതിനും ചെറുജീവികളെ പിടിക്കാനും നൂറാൻ മുതലായ ഭക്ഷ്യവസ്തുക്കൾ തുരന്നെടുക്കുവാനും പരിശീലിപ്പിക്കും. കുഞ്ഞുങ്ങളുമായി സഞ്ചരിക്കുമ്പോൾ തുണിസഞ്ചിയിലിട്ട് മാറാപ്പിൽ തൂക്കിയിടും. പുരുഷന്മാരും സ്ത്രീകളും അർദ്ധനഗ്നരായിരിക്കും. കുളിക്കുക പല്ലുതേക്കുക, തുണി നനച്ചുടുക്കുക എന്നീ ശീലങ്ങളൊന്നുമില്ല. പഴയ കാലത്ത് അറന്ത (അറയാഞ്ഞിലി) യുടെ തോൽ ചതച്ചുണക്കി വസ്ത്രമായി ഉപയോഗിച്ചിരുന്നു. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഇവർ വിമുഖരാണ്. കാടാണിവരുടെ സ്കൂൾ.
ചുട്ടതും പുഴുങ്ങിയതുമായ ഭക്ഷണങ്ങളാണ് കൂടുതലായും ആഹരിക്കുന്നത്. കുച്ചിലുകളിലും പുറത്തും രാവും പകലും തീകൂട്ടിയിരിക്കും. ഇത് ഭക്ഷണം പാകം ചെയ്യുന്നതിനും തണുപ്പകറ്റാനും വന്യജീവികളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഒഴിവാക്കുന്നതിനും ഉപകരിക്കുന്നു. വിശക്കുമ്പോൾ അപ്പോൾ കിട്ടുന്ന ഭക്ഷണം കഴിക്കുന്നു. വനത്തിൽ സഞ്ചരിക്കുമ്പോൾ തേനടയിലെ തേനും പുഴുവും കൂടിയുളള ഭാഗം കൂടാതെ കായ്കൾ പഴങ്ങൾ എന്നിവയും ഭക്ഷിക്കും. മാന്തൽ, നൂറാൻ (കാച്ചിൽ) മുക്കെഴങ്ങ് എന്നിവ ചുട്ടും പുഴുങ്ങിയും ചൂണ്ടപ്പന, ആഴത്തുംപന, ചണ്ണക്കിഴങ്ങ് എന്നിവയുടെ പൊടികുഴച്ച് അടയും അപ്പവും ഉണ്ടാക്കി തേൻ ചേർത്തും കഴിക്കും. കൂടാതെ ചെറുജീവികൾ കാട്ടരുവികളിലെ മീൻ എന്നിവയും കരിയാപ്പിൻചീര, മ്ലാൻചീര, പളിയൻചീര, അടപൊതിയൻ ചെടിയുടെ പൂവും ഇലയും തേൻ അടയിലേയും കടന്തൽ കൂട്ടിലേയും പുഴുക്കൾ എന്നിവ തോരനും വയ്ക്കാറുണ്ട്. ഉടുമ്പിന്റെ മാംസം ഇഷ്ടവിഭവമാണ്.വിവാഹത്തിന് പ്രത്യേക ചടങ്ങുകളോ പ്രാധാന്യമോ ഇല്ല. സ്ത്രീ വയസറിയിച്ചു കഴിയുന്നതോടെ ഇഷ്ടമുളള പുരുഷനോടൊപ്പം ഒരുമിച്ചു ജീവിക്കുന്നു. ഋതുവായ പെണ്ണിനെ ഏഴുദിവസം വരെയും പ്രസവകാലത്ത് ഒരു മാസം വരെയും കൂടെ താമസിപ്പിക്കുകയില്ല. ചെറിയൊരു കുച്ചിലുണ്ടാക്കി അവിടേക്കു മാറ്റി താമസിപ്പിക്കും. ഈ കുച്ചിലിനു 'വാലായ്മപ്പുര" എന്നാണ് പറയുന്നത്. പ്രസവം കഴിഞ്ഞ സ്ത്രീ മൂന്നുമാസത്തിനു ശേഷമേ പാചകം ചെയ്യുകയുള്ളൂ. ബഹുഭാര്യാത്വവും അന്യന്റെ ഭാര്യയെ സ്വന്തമാക്കലും സർവ്വസാധാരണമാണ്. സന്താനനിയന്ത്രണത്തിന് പ്രത്യേക മാർഗങ്ങളൊന്നും അവലംബിക്കുന്നില്ലെങ്കിലും രണ്ടോമൂന്നോ കുട്ടികളിൽ കൂടുതൽ ഇവർക്കുണ്ടാകുന്നില്ല എന്നത് പ്രത്യേകതയാണ്. കുഞ്ഞുങ്ങളെ പല്ലു മുളയ്ക്കുന്നതുവരെ പാലൂട്ടും. പ്രസവാനന്തരം അഞ്ചാം ദിവസം കുമ്പിൾ, നെല്ലി, ഉതി എന്നീ മരങ്ങളുടെ തൊലിയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചെറു ചൂടോടെ കുളിപ്പിക്കുകയും മഞ്ഞൾ ശരീരമാസകലം പുരട്ടുകയും ചെയ്യും. പത്തു ദിവസത്തോളം ഉപ്പ് ഉപയോഗിക്കുകയോ പച്ചവെള്ളം കുടിക്കുകയോ ചെയ്യുകയില്ല. തിളപ്പിച്ചാറിച്ച ഇഞ്ചിവെള്ളമാണ് കുടിക്കുക. പ്രത്യേക ആചാരാനുഷ്ഠാനങ്ങളൊന്നും ഇവർക്കിടയിലില്ല. മലദൈവങ്ങൾ, ചാവുകൾ (പൂർവ്വികരുടെ ആത്മാക്കൾ) ശാസ്താവ് (ശബരിമല) എന്നിവരെ ആരാധിക്കുന്നു. രോഗം മാറാനും യാത്രയിൽ വഴിതെറ്റാതിരിക്കാനും ഗോത്രഗാനമന്ത്രം ചൊല്ലിതുള്ളിക്കൊണ്ട് തുള്ളക്കാരൻ പ്രാർത്ഥിക്കും.ഊരുമൂപ്പൻ ഉണ്ടെങ്കിലും പ്രത്യേക അധികാരങ്ങളോ നിയന്ത്രണമോ ഇല്ല. മൂപ്പനും എല്ലാവർക്കുമായി മലദൈവങ്ങളെ വിളിച്ച് പ്രാർത്ഥന നടത്തും.
മരണപ്പെട്ട ആളിനു മേൽ പുര (കുച്ചിൽ) മറിച്ചിട്ടശേഷം മറ്റൊരു മലയിലേക്കു താമസം മാറ്റുകയായിരുന്നു പണ്ട് ചെയ്തിരുന്നത്. ശവശരീരത്തെ സ്പർശിക്കുന്നതിന് ഇക്കാലത്തും വിമുഖത കാട്ടാറുണ്ടെങ്കിലും കുഴിച്ചിടുന്നതിനു മുമ്പ് പൂജാകർമ്മങ്ങൾ മൂപ്പന്റെ സാന്നിധ്യത്തിൽ തുള്ളൽക്കാരൻ നടത്താറുണ്ട്. കുഴിക്കരുകിൽ വച്ച ശവശരീരത്തിനു മുമ്പിൽ നിലവിളക്കും ചുവന്ന തുണിയും വയ്ക്കും. അതിനു മുമ്പിൽ മരിച്ചയാളിന്റെ അവകാശിയെ തലയിൽ തുണിയിട്ട് ഇരുത്തുന്നു. വിളക്കിനരുകിലെത്തുന്ന പ്രാണിയെ തുണിക്കൊണ്ടു പിടിച്ച് കൊല്ലാതെ ഒരു കുപ്പിയിലാക്കി സൂക്ഷിക്കും. മരിച്ച ആളിന്റെ ചാവ് ചെറുജീവിയായ് ജനിച്ചതിനാൽ ആത്മാവ് സന്തോഷിക്കുന്നു എന്ന് വിശ്വസിക്കുന്നു. ശവശരീരത്തോടൊപ്പം മുമ്പ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്യും. മൂന്നാം ദിവസം ജീവിയെ മറ്റൊരു മലയിൽ കൊണ്ടുപോയി തുറന്നുവിടും (മലയിൽ കുടിയിരുത്തും). പ്രാണിചത്താൽ ചാവിനു സന്തോഷം ലഭിക്കുകയില്ലെന്നും പ്രേതബാധ ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. നാൽപതു ദിവസം കഴിയാതെ ഉറ്റ ബന്ധുക്കൾ മാംസാഹാരം ഭക്ഷിക്കുകയോ മരം കയറുകയോ തേൻ എടുക്കുകയോ ചെയ്യാറില്ല.
ഔഷധ സസ്യങ്ങളെ സംബന്ധിച്ച് വളരെയധികം അറിവുള്ളവരാണിവർ. രോഗ ചികിത്സയ്ക്ക് മരുന്നും മന്ത്രവും ഉപയോഗിക്കുന്നു. പാമ്പു കടിയേറ്റാൽ വെള്ളം ഓതി ഒഴിക്കുകയും അണലി വേഗമരത്തിന്റെ പട്ട അരച്ച് വെള്ളത്തിലോ പാലിലോ ചേർത്ത് കുടിക്കുകയും കടിയേറ്റ ഭാഗത്ത് പൂശുകയും ചെയ്യും. കീരിക്കിഴങ്ങും ഉപയോഗിക്കാറുണ്ട്. തലവേദനയ്ക്ക് എരിവള്ളി ചതച്ച് മൂക്കിൽ വലിക്കും. മൈഗ്രേനിന് കൊടിഞ്ഞിക്കുരു അരച്ച് നെറ്റിയിൽ പുരട്ടും. പല്ലു വേദന ഉണ്ടായാൽ ആടുതൊടാപ്പാലയുടെ ഇലഞെരുടി പല്ലിൽ വയ്ക്കും. മുട്ടുവേദനയ്ക്ക് ഉതി മരത്തിന്റെ തൊലി ചതച്ച് വെള്ളം തിളപ്പിച്ചു വറ്റിച്ച് കുഴമ്പാക്കി പുരട്ടും. മിക്ക രോഗങ്ങൾക്കും ഇവർ ഒറ്റമൂലി ചികിത്സ നടത്താറുണ്ട്.
തേൻ, കുന്തിരിക്കം, ഏലയ്ക്ക, പൊന്നാമ്പൂ, ചിത്തിരപ്പൂ, മല്ലിപ്പൂ, പാച്ചോറ്റിത്തൊലി, കസ്തൂരിമഞ്ഞൾ, ഇഞ്ച, പറണ്ടയ്ക്ക എന്നീ ചെറു വനോല്പന്നങ്ങൾ വനസംരക്ഷണസമിതികൾ, ട്രൈബൽ സൊസൈറ്റി എന്നിവർക്കും നാട്ടിലും വിൽക്കുന്നു. സുരക്ഷിതമായ താമസ സൗകര്യം സ്വപ്നം കാണുന്ന വനവാസികളാണിവർ. ചെറുകിട വനോല്്പന്ന വിൽപ്പനയിൽ ഇടത്തട്ടുകാരുടെ സാമ്പത്തിക ചൂഷണം ഇല്ലാതാക്കേണ്ടതാണ്. വനവിഭവങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാൻ ആവശ്യമായ പരിശീലനം വനംവകുപ്പ് നൽകേണ്ടതിന്റെ ആവശ്യകതയുണ്ട്. അംഗീകാരം ലഭിച്ചിട്ടും നിലയ്ക്കലിൽ ഹോസ്റ്റൽ സൗകര്യമുള്ള സ്കൂൾ ഇന്നും യാഥാർത്ഥ്യമായിട്ടില്ല. പണം സൂക്ഷിച്ചു വയ്ക്കുന്നതിനോ ശരിയാവണ്ണം വിനിയോഗിക്കുവാനോ ഇവർക്ക് അറിയുകയില്ല. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി വളരെ പിന്നിലായി കഴിയുന്ന അസംഘടിതരായ ഈ ഗോത്രവിഭാഗത്തിന്റെ പുരോഗതിക്ക് അധികൃതർ മനസു കാണിക്കണം.
(ലേഖകന്റെ നമ്പർ: 9447142182)