അങ്കാറ: തുർക്കിയിലെ ഇസ്മിർ നഗരത്തിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ ജീവനോടെ കണ്ടെത്തി. അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാഉദ്യോഗസ്ഥരാണ് മൂന്ന് ദിവസം മരണത്തിനോട് മല്ലിട്ട എലിഫ് പെരിൻസെക എന്ന മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരമായ ഒടിവുകളൊന്നും കൂടാതെയാണ് എലിഫിനെ രക്ഷപ്പെടുത്തിയത്.
തുർക്കിയുടെ വടക്കൻ പ്രവിശ്യയായ ഇസ്മിറിനും ഗ്രീക്ക് ദ്വീപായ സമോസിനും ഇടയിൽ ഈജിയൻ കടലിലാണ് റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ 91 പേർക്ക് ജീവൻ നഷ്ടമായി. ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ നഗരത്തിലെ പഴയ കെട്ടിടങ്ങൾ തകർന്ന് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇസ്താംബൂൾ അടക്കം പടിഞ്ഞാറൻ തുർക്കിയിലുടനീളവും ഗ്രീക്ക് തലസ്ഥാനമായ ആതൻസിലും അനുഭവപ്പെട്ടിരുന്നു.
മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ എലിഫിന്റെ തിരിച്ചു വരവ് രക്ഷാപ്രവർത്തകർക്കും പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നും ഇനിയും രക്ഷാപ്രവർത്തനത്തിലൂടെ കൂടുതൽ ജീവനുകൾ വീണ്ടെടുക്കാനാവുമെന്നും അവർ പ്രതീക്ഷിക്കുന്നു. തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ പതിനാല് കാരിയെയും 58 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. ഇഡിൽ സിരിയെന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടിയെ രക്ഷപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങളുടെ മുകളിൽ രക്ഷാപ്രവർത്തകർ എത്തിക്കുമ്പോൾ കാഴ്ചക്കാർ ആവേശത്തോടെ എതിരേൽക്കുന്നതാണ് വീഡിയോയിലുള്ളത്.