mullappally

തിരുവനന്തപുരം: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ മാവോയിസ്‌റ്റുകളും പൊലീസും തമ്മിലുണ്ടായ ഏ‌റ്റുമുട്ടൽ വ്യാജമാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രൻ. എൽഡിഎഫ് കാലത്ത് പത്ത് വ്യാജ ഏ‌റ്റുമുട്ടലുകൾ ഇത്തരത്തിലുണ്ടായതായി മുല്ലപ്പള‌ളി പറഞ്ഞു. കെ.പി.സി.സി ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു.

നക്‌സലൈ‌റ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടുമല്ല.മാവോയിസം അവസാനിപ്പിക്കാൻ സാമൂഹിക സാമ്പത്തിക മാ‌റ്റങ്ങൾ വേണം.അതിന് പകരം വ്യാജ ഏ‌റ്റുമുട്ടൽ നടത്തി ചെറുപ്പക്കാരെ കുരുതികൊടുക്കുന്നത് അംഗീകരിക്കില്ലെന്നും മുല്ലപ്പള‌ളി അഭിപ്രായപ്പെട്ടു.

35 വയസ് തോന്നിക്കുന്ന ഒരു പുരുഷനാണ് ഇന്ന് രാവിലെ പൊലീസുമായുണ്ടായ ഏ‌റ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഒരു 303 റൈഫിളും ഇയാളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ആകെ മൂന്ന് മാവോയിസ്‌റ്റുകളാണ് ഇവിടെയുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.