covid

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒക്ടോബറിൽ കുറവ് രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ 20 ശതമാനവും ടി.പി.ആർ 15 ശതമാനവുമായാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനം രോഗവ്യാപനത്തിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടുവെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഒക്ടോബർ മൂന്നിനും 10നും ഇടയിൽ ശരാശരി രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കായ 8,360 ആയിരുന്നു. ഈ കാലയളവിൽ ടി.പി.ആർ 13.5 ശതമാനം ആയിരുന്നു. ഒക്ടോബർ അവസാനം ആയതോടെ രോഗികളുടെ ശരാശരി എണ്ണം 6,728ലേക്കും താഴ്ന്നു. ഇക്കാലയളവിൽ ടി.പി.ആർ 12.9 ശതമാനവുമായി.


അതേസമയം, നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഒക്ടോബർ 24 മുതൽ 31 വരെയുള്ള ആഴ്ച 47,098 പുതിയ രോഗികളാണുണ്ടായത്. 39,445 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതും 34,186 കേസുകളുമായി ഡൽഹി മൂന്നാമതുമാണ്.

വേണം കൊവിഡാനന്തര ശ്രദ്ധ
രോഗം ഭേദമായതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചും ഇനി ചിന്തിച്ചു തുടങ്ങേണ്ട സമയമായതായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. രോഗബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും പരിശോധനകളിലുള്ള കുറവ് ഇപ്പോഴും വെല്ലുവിളിയാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ രോഗികളുടെ എണ്ണം സ്വാഭാവികമായും ഉയരും. എന്നുകരുതി പരിശോധനകൾ കുറയ്ക്കാനാകില്ല. പരിശോധനകളുടെ എണ്ണം കൂട്ടുന്നതിലൂടെ രോഗബാധ വേഗത്തിൽ കണ്ടെത്താനും അതിലൂടെ കൂടുതൽ പേരിലേക്ക് രോഗം പകരുന്നത് തടയാനുമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജില്ലകളിലെ രോഗബാധയിലും കുറവുണ്ടായിട്ടുണ്ട്. രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന തലസ്ഥാന ജില്ലയിലും പ്രതിദിന രോഗികൾ കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന (361) രോഗികളുടെ എണ്ണമാണ് രണ്ടിന് രേഖപ്പെടുത്തിയത്. ഇത് ആശ്വാസത്തിന് വക നൽകുന്നതാണ്. ഇതോടൊപ്പം രോഗമുക്തി നിരക്കും ഉയർന്നിട്ടുണ്ട്.

വാക്‌സിൻ ട്രയൽ

കൊവിഡിന്റെ വാക്‌സിൻ പരീക്ഷണത്തിനുള്ള അംഗീകാരം ആരോഗ്യവകുപ്പ് നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സീറം ഇൻസ്റ്റിറ്ര്യൂട്ട് തയ്യാറാക്കുന്ന വാക്‌സിൻ പരീക്ഷണത്തിനായി തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.