ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. കൊവിഡ് മുതലെടുത്ത് അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് ഇന്ത്യൻ പ്രതിനിധി ആശിഷ് ശർമ്മ കുറ്റപ്പെടുത്തി.ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷനിലാണ് ഭീകരതയ്ക്ക് അനുകൂലമായ പാക് നയങ്ങളെ ഇന്ത്യ വിമർശിച്ചത്.
കൊവിഡിലേക്ക് ലോകം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും പാകിസ്ഥാൻ വർദ്ധിപ്പിച്ചെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.ഇന്ത്യയിലെ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വിദ്വേഷ പ്രസംഗം പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായും ഇന്ത്യ കുറ്റപ്പെടുത്തി.
‘പാകിസ്ഥാൻ അസഹിഷ്ണുതയുടെ കേന്ദ്രമാണ്. അവരുടെ പ്രസംഗങ്ങളിലെല്ലാം തികഞ്ഞ വിദ്വേഷവും വെറുപ്പുമാണ് നിഴലിക്കുന്നത്. അത് ഒരു സമൂഹത്തോട് മാത്രമല്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളോടും വ്യക്തികളോടും പാകിസ്ഥാന്റെ ഇന്ത്യ വിരുദ്ധനയം വ്യക്തമാണ്’ ആശിഷ് ചൂണ്ടിക്കാട്ടി
'സ്വന്തം നാട്ടിൽ ചെയ്യുന്ന അതേ പ്രവൃത്തികൾ ഇന്ത്യയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാൻ നടത്തുന്നത്. എന്നാൽ അവരുടെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണ്. കാരണം ഇന്ത്യ ബഹു സ്വരതയിലും മതസാഹോദര്യത്തിലും ഊന്നിയാണ് ജീവിക്കുന്നത്'- ആശിഷ് പറഞ്ഞു.