തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കേരളം ഉറ്റുനോക്കുന്ന സീറ്റുകളിൽ പ്രവചനവുമായി മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയത്ത് നടന്ന ജില്ലാ യു ഡി എഫ് യോഗത്തിലാണ് പി ജെ ജോസഫ് രാഷ്ട്രീയ പ്രവചനം നടത്തിയത്. എൻ സി പി എം എൽ എ മാണി സി കാപ്പൻ യു ഡി എഫിലെത്തുമെന്ന് പറഞ്ഞ അദ്ദേഹം കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ പാലാ സീറ്റിൽ മത്സരിക്കാനെത്തിയാൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്നും വെളിപ്പെടുത്തി.
'റോഷി അഗസ്റ്റിൻ ഇടുക്കി വിട്ട് പാലായിൽ എത്തും. ഇടുക്കിയിൽ ഇനി മത്സരിച്ചാൽ 22000 വോട്ടുകൾക്ക് എങ്കിലും റോഷി പരാജയപ്പെടും. ഇത് മനസിലാക്കിയാണ് റോഷി പാലായിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കിൽ പാലായിൽ മത്സരം റോഷിയും മാണി സി കാപ്പനും തമ്മിലാകും' എന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞത്.
റോഷി അഗസ്റ്റിൻ പാലായിൽ എത്തിയാൽ ജോസ് കെ മാണി കടുത്തുരുത്തിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും ജോസഫ് പങ്കുവച്ചു. 42000 വോട്ട് ഭൂരിപക്ഷം ഉളള മോൻസ് ജോസഫിനെതിരെ മത്സരിക്കാൻ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ എന്ന ചോദ്യവും ജോസഫ് ഉന്നയിച്ചു. എട്ട് സീറ്റുകളിൽ ആണ് ജോസ് വിഭാഗം മത്സരിക്കുക. ജോസ് കെ മാണി ഉൾപ്പടെ മുഴുവൻ സ്ഥാനാർത്ഥികളും തോൽക്കുമെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പുകളിൽ യു ഡി എഫ് വിജയിക്കണമെങ്കിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുകൾ അവസാനിപ്പിക്കണം. ഗ്രൂപ്പില്ലാതെ എല്ലാവരും യു ഡി എഫിന് വേണ്ടി പ്രവർത്തിക്കണമെന്ന് ഉമ്മൻചാണ്ടി ഒറ്റവാക്ക് പറഞ്ഞാൽ കോൺഗ്രസിലെ ഗ്രൂപ്പുകളി അവസാനിക്കും. ജയ സാദ്ധ്യതയുളളവർക്കേ മുന്നണി സീറ്റ് നൽകാൻ പാടുളളൂ. എന്തെങ്കിലും പരിഗണനയുടെ പുറത്ത് ആളുകളെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.