maoist

വയനാട്ടിൽ ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിൽ പൊലീസിന്റെ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ് നടന്നുവെന്ന റിപ്പോർട്ട് ഇന്ന് പുറത്ത് വന്നിരുന്നു. വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തണ്ടർ ബോൾട്ട് വിഭാഗത്തിന്റെ സ്ഥിരം പട്രോളിംഗിനിടെയാണ് മാവോയിസ്റ്റുകളെ കണ്ടതും, പരസ്പരം വെടിയുതിർത്തതും. മാവോയിസ്റ്റുകൾ വെടിവച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിശദീകരണം. ഇന്നത്തേതുൾപ്പടെ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ നാല് ഏറ്റുമുട്ടലുകളാണ് മാവോയിസ്റ്റുകളുമായി ഉണ്ടാകുന്നത്.

അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം എന്ന മട്ടിലാണ് മാവോയിസ്റ്റ് വേട്ട നടത്തുന്ന തണ്ടർ ബോൾട്ട് നടപടികളെയും കേരള സമൂഹം വിലയിരുത്തുന്നത്. ജനങ്ങൾക്കെതിരെ ഇതുവരെ തോക്കെടുക്കുകയോ, ആരെയും ഉപദ്രവിക്കുകയോ ചെയ്യാത്ത മാവോയിസ്റ്റുകളെ നിഷ്‌കരുണം ഭരണകൂടം കൊലപ്പെടുത്തുന്നു എന്നാണ് ഒരു പക്ഷത്തിന്റെ വാദം. മാവോയിസ്റ്റാകുന്നത് ഒരു കുറ്റമല്ല എന്ന കോടതി നിരീക്ഷണവും ഇവർ എടുത്തു കാട്ടുന്നുണ്ട്. എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ കാട്ടുന്ന ക്രൂരത കേരളത്തിലും നടപ്പിലാക്കുമെന്നും, ആദ്യഘട്ടമെന്ന നിലയിൽ ആശയ പ്രചാരണത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ മാവോയിസ്റ്റുകൾ ഇപ്പോൾ നടത്തുന്നതെന്നുമാണ് പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കുന്നവർ ഉയർത്തുന്ന വാദം

തണ്ടർ ബോൾട്ട് രൂപീകരണം

കേരളത്തിന്റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമായതോടെയാണ് കേരളത്തിൽ തണ്ടർ ബോൾട്ട് എന്ന പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കാൻ സർക്കാർ നിർബന്ധിതമായത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് ഫലപ്രദമായ മാർഗങ്ങളുണ്ടായതോടെ സുരക്ഷിത താവളം എന്ന നിലയിൽ മാവോയിസ്റ്റുകൾ കേരളത്തിലെ വനപ്രദേശങ്ങളിൽ തമ്പടിക്കുവാൻ ആരംഭിച്ചു. പഴയകാല നക്സൽ പ്രവർത്തനങ്ങളുമായി സാമ്യമുള്ള പ്രവർത്തനമാണ് ഇവർ സ്വീകരിക്കുന്നത്. വനത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആയുധവുമായെത്തി വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ കടത്തിക്കൊണ്ടു പോവുകയും, ഭരണകൂടത്തിനെതിരെ നിരന്തരം പോസ്റ്ററുകൾ പതിക്കുകയും ചെയ്യുന്ന മാവോയിസ്റ്റുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീവനും ഭീഷണിയായിത്തീരുകയായിരുന്നു. വേണ്ടത്ര ആയുധങ്ങളോ പരിശീലനമോ ഇല്ലാത്ത ഫോറസ്റ്റ് ബീറ്റ് ഉദ്യോഗസ്ഥരെ ഒരു ഘട്ടത്തിൽ വന പ്രദേശങ്ങളിൽ നിന്നും പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. വയനാട്ടിലെ സ്വകാര്യ റിസോർട്ടുകളിൽ നിന്നും നിർബന്ധമായി പണപ്പിരിവും മാവോയിസ്റ്റുകൾ നടത്തുന്നതായി ആരോപണമുയർന്നു. ഇതിനൊപ്പം മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധം കൈവശപ്പെടുത്തുവാൻ മാവോയിസ്റ്റുകൾ കോപ്പുകൂട്ടുന്നതായും, ആദിവാസി മേഖലകളിൽ കടന്നുകയറുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ നിരവധി വന്നതോടെയാണ് ഇതര സംസ്ഥാനങ്ങളുടെ മാതൃകയിൽ തണ്ടർ ബോൾട്ട് എന്ന സായുധ സേനയെ രൂപീകരിക്കാൻ കേരളം നിർബന്ധിതമായത്.


ആദ്യം വെടിപൊട്ടിയത് 2013

2013 ഫെബ്രുവരിയിലാണ് നിലമ്പൂർ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ആദ്യമായി കണ്ടത്. തുടർന്ന് പലപ്പോഴായി മാവോയിസ്റ്റുകൾ ഈ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഊട്ടി റോഡിൽ കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിനുള്ളിൽ 11 പേരടങ്ങുന്ന മാവോ സംഘവും പൊലീസും ഏറ്റുമുട്ടുകയായിരുന്നു. ഈ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എൻജിനിയറിംഗ് ബിരുദധാരിയും തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയുമായ കുപ്പുദേവരാജും അജിതയുമാണ് അന്ന് കൊല്ലപ്പെട്ടത്. മലയടിവാരത്തിൽ കൂടാരം കെട്ടി തമ്പടിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് തണ്ടർബോൾട്ട് കണ്ടെത്തിയത്.


പൊലീസിനെതിരെ മാവോയിസ്റ്റുകൾ എ.കെ 47 ഉപയോഗിച്ച് വെടിവച്ചതിനെ തുടർന്ന് തിരിച്ചും ആക്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നുവെന്ന് അന്ന് ആരോപണം ഉയർന്നു. മനുഷ്യാവകാശ സംഘടനകളും ഇക്കാര്യം ഉന്നയിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം നടത്തിയിരുന്നു.

രണ്ടാമത്തെ മാവോയിസ്റ്റ് വേട്ട 2016 ൽ

വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കുടുംബത്തിലെ സി.പി. ജലീൽ എന്ന യുവാവായിരുന്നു. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് നാൽപ്പത്തൊന്നുകാരനായ ജലീൽ. മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീദളം അംഗവും പീപ്പിൾസ് ലിബറേഷൻ ഒഫ് ഗറില്ലാ വിഭാഗത്തിന്റെ ഡോക്യുമെന്റ് വിദഗ്ദ്ധനുമായിരുന്നു മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീൽ. വെടിവയ്പിൽ മറ്റൊരാൾക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

റിസോർട്ടിൽ നിന്നും പണം ആവശ്യപ്പെട്ട് മാവോയിസ്റ്റ് സംഘമെത്തി എന്ന രഹസ്യവിവരത്തെ തുടർന്ന് എത്തിയ തണ്ടർ ബോൾട്ട് സംഘം വെടിവച്ചപ്പോൾ മാവോയിസ്റ്റുകൾ വനത്തിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് ജലീലിന്റെ പിൻഭാഗത്ത് വെടികൊണ്ടത്. തലയുടെ പിൻഭാഗത്തുനിന്ന് വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

മൂന്നാം വേട്ട കഴിഞ്ഞ വർഷം, കൊല്ലപ്പെട്ടത് നാല്‌പേർ
2019 ഒക്ടോബറിൽ അട്ടപ്പാടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. സി.പി.ഐ (എം.എൽ) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസകവും ഒരു സ്ത്രീ ഉൾപ്പെടെ മറ്റ് മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് പേരെ തണ്ടർ ബോൾട്ടിന് വധിക്കാനായത്. മേലേമഞ്ചക്കണ്ടി ഊരിന് രണ്ടര കിലോമീറ്റർ അകലെ വനമേഖലയിലെ കോഴിക്കല്ല് ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏഴുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ രക്ഷപ്പെടുകയായിരുന്നു.

മാവോയിസ്റ്റ് വേട്ടയെ ഭരണകൂടം അനുകൂലിക്കുമ്പോഴും സർക്കാരിന്റെ ഭാഗമായ സി പി ഐയുടെ നിലപാട് വ്യത്യസ്തമാണ്. മാവോയിസ്റ്റ് വേട്ടയെ അംഗീകരിക്കാനാവാത്ത ഇടത് നിലപാടുകൾ സ്വീകരിക്കുന്നവരും സി പി ഐക്കൊപ്പമാണ്. മാവോയിസ്റ്റ് വേട്ടയ്ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നത്. ഇത് നേടിയെടുക്കാനുള്ള ഉപാധിയാണ് ഇത്തരം വേട്ടയെന്നാണ് തണ്ടർ ബോൾട്ടിന്റെ നടപടിയെ വിമർശിക്കുന്നവർ ആരോപിക്കുന്നത്.


ഇന്നത്തെ മാവോയിസ്റ്റ് പൊലീസ് ഏറ്റുമുട്ടലിന് ശേഷവും ഇത്തരത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായേക്കാം. ഏറ്റുമുട്ടൽ വാർത്ത പുറത്ത് വന്നയുടൻ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നതും ശ്രദ്ധേയമാണ്.