സൗന്ദര്യ സങ്കല്പത്തിന്റെ അടയാളമാണ് മൈലാഞ്ചി മൊഞ്ചുള്ള കൈകൾ. മെഹന്ദി എന്നും ഹെന്ന എന്നുമറിയപ്പെടുന്ന മൈലാഞ്ചിക്ക് ഇന്ത്യയിലും നമ്മുടെ കേരളത്തിലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
എന്നാൽ, രാജസ്ഥാനിലെ മൈലാഞ്ചി സിറ്റി അധികം കേട്ടുകേൾവിയില്ലാത്ത സ്ഥലമാണ്.
ഇന്ന് വിവാഹങ്ങളിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഘടകമാണ് മൈലാഞ്ചി. വിപണിയിൽ സുലഭമാണങ്കിലും ഏറ്റവും ഗുണമുള്ള തനത് മൈലാഞ്ചി വേണമെങ്കിൽ രാജസ്ഥാനിലെത്തണം. ഇവിടുത്തെ പാലി ജില്ലയിലെ സോജത് എന്ന സ്ഥലം അറിയപ്പെടുന്നത് ഇന്ത്യയുടെ മൈലാഞ്ചി സിറ്റി എന്നാണ്. ഇന്ത്യയിലെ ആകെ മൈലാഞ്ചി ഉത്പാദനത്തിന്റെ 90 ശതമാനവും ഇവിടെയാണ് നടക്കുന്നത്. മൈലാഞ്ചി കൃഷിക്ക് യോജിച്ച മണ്ണും കാലാവസ്ഥയും ഇവിടെയുണ്ട്.
രാജസ്ഥാന്റെ ചരിത്രമുറങ്ങുന്ന നഗരങ്ങളിലൊന്നു കൂടിയാണ് സോജത്. പഴമയുടെ മായാത്ത അടയാളങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാം. അതിലൊന്നാണ് സോജത് കോട്ട. സോജതിന്റെ കുന്നുകൾക്കു മുകളിലായി നഗരത്തെ സംരക്ഷിച്ചു നിൽക്കുന്ന ഈ കോട്ടയിൽ നിരവധി ക്ഷേത്രങ്ങൾ കാണാൻ കഴിയും. കാലങ്ങളോളം അവഗണനയേറ്റു കിടന്ന കോട്ട കുറച്ചു കാലം മുമ്പാണ് നവീകരിച്ച് സഞ്ചാരികൾക്കായി തുറന്ന് നല്കിയത്.