പട്ടിക്കൂടിന്റെ സ്ഥാനം പൊതുവെ തെക്കുവശത്താണ് നൽകേണ്ടത്. തെക്ക്- കിഴക്കോ, തെക്ക്- പടിഞ്ഞാറോ പട്ടിക്കൂടിന് സ്ഥാനം കാണരുത്. ഗൃഹത്തിന് നേരെ തെക്ക് ഭാഗമാണ് പട്ടിക്കൂടിന് ഏറ്റവും അനുയോജ്യമായ സ്ഥാനം. പലയിടത്തും മതിലിന്റെ അരികിനോട് ചേർത്ത് പട്ടിക്കൂട് പണിയുന്ന പ്രവണത സാധാരണ കാണാറുണ്ട്. വാസ്‌തുപരമായി അത് പട്ടിയുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്.
ഗേറ്റ് പണിയുമ്പോഴും ശ്രദ്ധ വേണം
ഏതു ദിക്കിലേക്കാണോ ഗൃഹം ദർശനമായിട്ട് നിൽക്കുന്നത്. ആ ഗൃഹത്തിന്റെ വാസ്‌തു മണ്ഡലത്തിലെ ദിക്കിനെ ഒമ്പത് ഭാഗങ്ങളായി തിരിച്ചാൽ, ആദ്യത്തെ രണ്ട് ഭാഗങ്ങൾ വിട്ട് പിന്നീടുള്ള രണ്ട് ഭാഗങ്ങളിലൂടെ ഗേറ്റിന് സ്ഥാനം നൽകാം. പൊതുവെ പറഞ്ഞാൽ, ഗൃഹത്തിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ പുരയുടെ മദ്ധ്യഭാഗത്തു നിന്നും ഇടത്തേക്ക് വരത്തക്ക വിധമാണ് ഗേറ്റ് പണിയേണ്ടത്. കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഈ മൂന്ന് ദിക്കുകളിലും ഇതേ രീതി തന്നെയാണ് അനുവർത്തിക്കേണ്ടത്. എന്നാൽ തെക്ക് ദിക്ക് വരുമ്പോൾ, വാസ്‌തു മണ്ഡലത്തിലെ ദിക്കിനെ ഒമ്പത് ഭാഗങ്ങളായി തിരിച്ച്, ആദ്യത്തെ മൂന്ന്ഭാഗങ്ങൾ വിട്ട് പിന്നീടുള്ള മൂന്ന് ഭാഗങ്ങളിലൂടെ വേണം ഗേറ്റിന് സ്ഥാനം നൽകാൻ. പുരയിടത്താൽ മാത്രമായി വഴി വന്നുകയറുന്ന സ്ഥലങ്ങളിൽ ഇത്തരം സ്ഥാനനിർണയം സാദ്ധ്യമല്ല. ആ വഴി തന്നെ സ്ഥാനം നൽകുകയാണ് നല്ലത്. കോണുകളിലൊന്നും ഗേറ്റ് പണിയുന്നത് ഉചിതമല്ല.