സ്കൂൾവിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് നാം വളരുകയാണ്. പൊതുവിദ്യാലയങ്ങളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാദ്ധ്യമല്ല എന്നും അതൊക്കെ സ്വകാര്യ മേഖല നോക്കിക്കൊള്ളുമെന്നുമുള്ള നിലപാട് ആഗോളവത്കരണ ഉദാരവത്കരണനയങ്ങളുടേതാണ്. എന്നാൽ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഉള്ള നിലപാടാണ് നാം കൈക്കൊണ്ടത്.
അതുകൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ജനാധിപത്യ മതനിരപേക്ഷ ജനകീയ ബദൽ വികസിപ്പിക്കാൻ കഴിഞ്ഞ നാലരവർഷമായി നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ കൊവിഡ് 19 മഹാമാരിയാൽ പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോൾ കുട്ടികളെ കർമ്മനിരതരാക്കാനും പഠന വഴിയിൽ നിലനിറുത്താനുമായി ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്നിനു തന്നെ ആരംഭിക്കാൻ നമുക്ക് കഴിഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഉണ്ടാകാത്ത മികവാണ് നാം ലോകത്തിനു മുന്നിൽ സമർപ്പിച്ചത്. എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാം. വിദ്യാലയമികവ് എന്നാൽ അക്കാഡമിക മികവ് എന്ന നിലപാടും നാം കൈക്കൊണ്ടു.
ഇത് പൊതുസമൂഹത്തിലുണ്ടാക്കിയ ആത്മവിശ്വാസത്തിന്റെ പ്രത്യക്ഷ തെളിവാണ് 2017- 18 മുതൽ 2019 - 20 വരെ മൂന്ന് അക്കാഡമിക വർഷങ്ങളിലായി 5.05 ലക്ഷം കുട്ടികളാണ് അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്നത്. അക്കാഡമിക രംഗത്തും വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് അടയാളപ്പെടുത്തുന്നതാണ് നീതി ആയോഗ് നടത്തിയ ഗുണനിലവാര പഠനത്തിൽ (എസ്.ഇ.ക്യു.ഐ) നമുക്ക് ലഭിച്ച ഒന്നാം സ്ഥാനം. അക്കാഡമിക മുന്നേറ്റത്തിനായി നടത്തിയ ശ്രമങ്ങളെ ഒന്നോടിച്ചു നോക്കാം.
സ്കൂളിൽ സമഗ്രവികസനത്തെ കണ്ടുകൊണ്ട് അക്കാഡമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.അതനുസരിച്ച് ഗുണത ഉറപ്പാക്കാൻ വൈവിദ്ധ്യമാർന്ന അക്കാഡമിക പ്രവർത്തനങ്ങൾ നടത്തി. ഭാഷാ വികാസത്തിനായി പഠനപിന്തുണ ആവശ്യമായ കുട്ടികൾക്കായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ കൂടാതെ ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, കലാകായികം തുടങ്ങിയ എല്ലാ മേഖലകളിലും സർവതല സ്പർശിയായ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ വ്യത്യസ്തങ്ങളായ പ്രതിഭകളെ കണ്ടെത്താനും അവ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള 'ടാലന്റ് ലാബ് ", വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കാൻ നടത്തിയ 'സർഗവിദ്യാലയ പദ്ധതി" എന്നിവയെല്ലാം ശ്രദ്ധേയമായ പരിപാടികളായിരുന്നു. ദൃശ്യ പരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ പാഠങ്ങൾ തയ്യാറാക്കി. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേകം കരിക്കുലം, കൈപ്പുസ്തകം എന്നിവ വികസിപ്പിച്ചു.
കുട്ടികളെ അക്കാദമികമായി സഹായിക്കാനും അവർക്കുണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളടക്കം മനസിലാക്കി പരിഹരിക്കാനും സഹായകമായ മെന്ററിംഗ് പദ്ധതി ആവിഷ്കരിച്ചു. നമുക്കെല്ലാം അഭിമാനിക്കാവുന്ന മുന്നേറ്റമാണ് സാങ്കേതിക വിദ്യാരംഗത്തുണ്ടാക്കിയത്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറി.അങ്ങനെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതെ നോക്കാനുള്ള ബദൽ ജനകീയ മാതൃക നാം വികസിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ ഉറപ്പാക്കാൻ സെക്കൻഡറി, ഹയർ സെക്കൻഡറിയിലെ 45,000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. കൂടാതെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി 4752 സ്കൂളുകളിൽ ഐ.ടി അടിസ്ഥാന സൗകര്യം ഉറപ്പാക്കി. മുഴുവൻ സ്കൂളുകളിലും ബഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമൊരുക്കി. മികച്ച പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നമ്മുടെ കുട്ടികൾക്ക് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ സ്കൂളിന്റെ ഒരാവശ്യത്തെ നാടിന്റെ അദ്ധ്വാന ശേഷിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞു. ഹയർ സെക്കൻഡറി ബാച്ചുകൾക്ക് സർക്കാർ മേഖലയിലും എയ്ഡഡ് മേഖലയിലും കൂടി 3540 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചു. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡി.പി.ഐ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകോപിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയിൽ എല്ലാ ഡയറക്ടറേറ്റുകളെയും കൊണ്ടുവന്നു. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി.
100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച 45 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കുകയാണ്. ഇതോടൊപ്പം വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി നിർമ്മിച്ച 79 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയാണ്. കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസ ബദൽ വളർത്തിയെടുക്കാനുള്ള ഈ ശ്രമത്തിൽ നമുക്കെല്ലാം പങ്കാളികളാവാം.
(സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ലേഖകൻ)