കൊവിഡിനുശേഷമുള്ള മലയാളസിനിമയിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു നവാഗതസംവിധായകൻ ഗിരീഷ് എ.ഡി
''ദിവസവും വീട്ടിൽ നിന്ന് പോയി വരാൻ മാത്രം ദൂരത്ത് ഒരു ജോലി, മാസം 25000 രൂപ ശമ്പളം. അവധി ദിവസം നല്ലൊരു സിനിമയും കണ്ട് വീട്ടിലിരിക്കണം."" വർഷങ്ങൾക്കുമുൻപ് ഗിരീഷ് എന്ന ചെറുപ്പക്കാരൻ വീട്ടിലിരുന്ന് ചുളുവിൽ കണ്ട സുന്ദരസ്വപ്നം ഇതായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ഗിരീഷ് സ്വപ്നത്തിന്റെ ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു. സിനിമാ ജീവിതത്തിന്റെ ലോംഗ് ഷോട്ടിന് ആക്ഷൻ പറഞ്ഞു. മലയാള സിനിമയ്ക്ക് തണ്ണീർ മത്തൻ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് ഗിരീഷ് തന്റെ ബ്ലോക്ബസ്റ്റർ യാത്ര തുടങ്ങി.അടുത്ത ചിത്രം സൂപ്പർ ശരണ്യയുടെ പ്രീ പ്രൊഡക്ഷന്റെ തിരക്കിൽ നിന്ന് ഗിരീഷ് എ.ഡി പുതിയ സിനിമാവിശേഷങ്ങൾ സംസാരിച്ചു തുടങ്ങി.
ഈ ശരണ്യ അത്ര സൂപ്പറല്ല
എന്റെ പുതിയ ചിത്രം സൂപ്പർ ശരണ്യയുടെ ടൈറ്റിൽ പുറത്തുവന്നപ്പോൾ ഒരുപാട് സുഹൃത്തുക്കൾ വിളിച്ചു ചോദിച്ചിരുന്നു ഇതൊരു സ്മാർട്ട് പെൺകുട്ടിയുടെ സിനിമയാണോയെന്ന്. എന്നാൽ ഈ ശരണ്യ അത്ര സൂപ്പറല്ല. പാലക്കാട്ടുക്കാരിയായ ശരണ്യ കൊച്ചിക്കാരനായ ദീപുവുമായി പ്രണയത്തിലാവുന്നതാണ് ചിത്രം പറയുന്നത്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫുൾ ഓൺ ഹ്യുമറായിരിക്കും.അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് തുടങ്ങും. തണ്ണീർ മത്തനിൽ അഭിനയിച്ച ഒരുവിധം പുതുമുഖങ്ങളെല്ലാം സൂപ്പർ ശരണ്യയിലും കാണും.വലിയ സ്റ്റാർ കാസ്റ്റ് ഒന്നുമില്ല. അനശ്വരരാജൻ,അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.സൂപ്പർ ശരണ്യയിൽ സഹനിർമാതാവിന്റെ കുപ്പായവും അണിയുന്നുണ്ട്.എന്തുകൊണ്ടും സ്പെഷ്യലാണ് സൂപ്പർ ശരണ്യ.
പ്രതിസന്ധികളെ അതിജീവിക്കും
മലയാള സിനിമ ഇത്തരത്തിലൊരു ട്രാജിക് അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഒ.ടി.ടി പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച സിനിമാക്കാർക്ക് കൈയടിക്കൊടുക്കേണ്ടതാണ്. ഏതൊരു പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കുമെന്ന് തെളിയിച്ചു. മഹേഷ് നാരായണന്റെ സി യു സൂൺ എന്ന ചിത്രം മലയാള ത്തിലെ മികച്ച പരീക്ഷണ ചിത്രം തന്നെയാണ്. ഒ.ടി.ടി ശീലമാക്കിയാൽ മലയാളികൾ ഇനി തിയേറ്ററിലേക്ക് പോകാൻ മടിയ്ക്കുമോയെന്ന് പലരും ചോദിച്ചു.അങ്ങനെ ഒരു കാര്യം നമ്മൾ ചിന്തിക്കേണ്ട ആവശ്യം തന്നെയില്ല. മലയാള സിനിമയെ എക്കാലത്തും സ്നേഹിക്കുന്നവരാണ് ഇവിടുത്തെ കുടുംബപ്രേക്ഷകർ. അവധി ദിവസങ്ങളിൽ ഫാമിലിയായി പോയി സിനിമ കണ്ട് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾക്ക് സിനിമ തുടങ്ങിയ കാലം മുതലേയുണ്ട്. അത് തന്നെയാണ് മലയാള സിനിമയുടെ വിജയവും. അതുപോലെ സിനിമയെ സ്നേഹിക്കുന്നവർ എപ്പോഴും സിനിമ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴുള്ള പ്രതിസന്ധികളെല്ലാം കഴിഞ്ഞ് ജീവിതം പഴയപടിയാവുമ്പോൾ തിയേറ്ററുകളിൽ പ്രേക്ഷകർ വന്നു തുടങ്ങും.
പ്രേമം ട്വിസ്റ്റായി
ചെറുപ്പം മുതലേ സിനിമ കാണുമെങ്കിലും സിനിമക്കാരനാവുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.പഠനകാലം കഴിഞ്ഞു തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോഴും എന്റെ ആഗ്രഹം നാട്ടിൽ ഒരു ജോലിയായിരുന്നു. ജോലി മടുത്തപ്പോൾ എം.ടെക് ചെയ്യാനെന്ന വ്യാജേന ടെക്നോപാർക്കിലെ ജോലി രാജിവച്ചു. ആ ചെറിയ ഗ്യാപ്പിലാണ് ഞാൻ ഫേസ്ബുക്കിൽ ആക്ടീവായത്. സിനിമ പാരഡിസോ ക്ലബിൽ മെമ്പറായത് വഴിത്തിരിവായി.സിനിമ സ്വപ്നം കാണുന്ന ഒരുകൂട്ടം ചെറുപ്പക്കാർ. സിനിമ സംസാരിച്ചും സംവാദത്തിൽ ഏർപ്പെട്ടും സിനിമയുമായി കൂടുതൽ അടുത്തു. മനസിലുള്ള പല ത്രെഡുകളും സുഹൃത്തുക്കളുമായി ചർച്ച ചെയ്തു തുടങ്ങി.പ്രേമം സിനിമ റിലീസായി അത് ബമ്പർ ഹിറ്റായപ്പോൾ ആത്മവിശ്വാസമായി.ഇങ്ങനെയും സിനിമ ചെയ്യാമെന്നാണ് അൽഫോൻസ് പുത്രൻ പ്രേമത്തിലൂടെ കാണിച്ചുതന്നത്. എന്ത് കൊണ്ട് നമുക്ക് ചെയ്തുകൂടായെന്ന് തോന്നി. ആ ഇടയ്ക്ക് കെ.എസ്.ഇ. ബി.യിലും ജോലിചെയ്തിരുന്നു.അപ്പോഴാണ് സിനിമ ഗൗരവമായി കാണാമെന്ന് തിരുമാനിച്ചത്. പിന്നീട് മൂന്ന് ഷോർട്ട് ഫിലിമുകൾ ചെയ്തു. മൂക്കൂത്തിയെന്ന ഷോർട്ട് ഫിലിമാണ് തണ്ണീർമത്തനിലേക്ക് വഴിയായത്.
ഹ്യൂമറാണ് കൂടുതൽ ഇഷ്ടം
തണ്ണീർ മത്തനിൽ ഞാനും ഡിനോയും കൂടെയാണ് തിരക്കഥ എഴുതിയത്. ഒപ്പം ഒരാൾ എഴുതാനുണ്ടെങ്കിൽ പരസ്പരം ചർച്ച ചെയ്തു എഴുതുമ്പോൾ അതിന് അതിന്റേതായ മാറ്റം ഉണ്ടാകും. എന്നാൽ സൂപ്പർ ശരണ്യ ഞാൻ ഒറ്റയ്ക്കാണ് എഴുതിയത്. ചിലപ്പോൾ മറ്റൊരാളോട് ചർച്ച ചെയ്യാൻ നമുക്ക് മടിയുള്ള കാര്യം ഒറ്റയ്ക്ക് എഴുതുമ്പോൾ അത് മറ്റൊരു തരത്തിൽ ഗുണം ചെയ്യും. ഞാൻ കഥ പൊതുവെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാറുണ്ട്. ഞങ്ങൾക്കിടയിൽ സാധാരണയായി സംസാരിക്കുന്നതാണ് തണ്ണീർമത്തനിൽ ഹ്യൂമറായി മാറിയത്. ഹ്യൂമർ എഴുതുന്നത് എളുപ്പമാണ് എന്നാൽ അത് വർക്ക് ചെയ്യിപ്പിക്കാൻ ബുദ്ധിമുട്ടാണ്.അതിരപ്പിള്ളിക്കടുത്ത് വെറ്റിലപ്പാറയാണ് നാട്. അച്ഛൻ ദിനേശൻ എയർപോർട്ട് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഗീത വീട്ടമ്മയാണ്. ചേട്ടൻ ഹരീഷ് ,അനുജത്തി രാധിക. ഞാനും ഭാര്യയും ആലുവയിലാണ് താമസം. ഭാര്യ ചിപ്പി വിശ്വൻ,ബാങ്ക് ഉദ്യോഗസ്ഥയാണ്.