devan

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ഒരു കൈ നോക്കാൻ ഒരുങ്ങി ചലച്ചിത്ര താരം ദേവൻ. നവകേരള പീപ്പിൾസ് പാർട്ടി എന്നാണ് ദേവന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നാടായ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ദേവൻ മത്സരിക്കും. ഒരു മുന്നണികളുടെയും പിന്തുണ സ്വീകരിക്കാതെ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിലാകും മത്സരിക്കുകയെന്ന് ദേവൻ പറഞ്ഞു. രാഷ്ട്രീയ ചിന്താഗതികളും പ്രതീക്ഷകളും പങ്കുവച്ച് ദേവൻ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

നവകേരള പാർട്ടി രൂപീകരിച്ച് വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുളള കാരണമെന്താണ്?

ജനപിന്തുണ കൂടിയെന്നതാണ് രാഷ്ട്രീയത്തിൽ ഞാൻ വീണ്ടും സജീവമാകാനുളള പ്രധാന കാരണം. ഇതുവരെ കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് അൽപ്പം ഒരു ഇളക്കമുണ്ടായി. ഇപ്പോൾ അത് കൂടുതൽ ശക്തമായി. ഞാൻ സജീവമാകേണ്ടത് ഒരു ആവശ്യമായി ജനങ്ങളുടെ ഭാഗത്ത് നിന്ന് വന്നു.

അങ്ങനെയൊരു ആവശ്യം വരാനുളള കാരണമെന്താണ്?

ഇപ്പോഴത്തെ രാഷ്ട്രീയത്തിന്റെ ജീർണതയാണ് കാരണം. ആളുകൾ നോക്കി കൊണ്ടിരിക്കുന്നത് ഒരു ബദൽ രാഷ്ട്രീയ സംവിധാനത്തെയാണ്. കേരളത്തിലെ മൂന്ന് മുന്നണികളോടും ആൾക്കാർക്ക് താത്പര്യമില്ല. സി പി എമ്മിനോടും കോൺഗ്രസിനോടും ബി ജെ പിയോടും ജനങ്ങൾക്ക് വിശ്വാസമില്ല. അതുകൊണ്ടാണ് അവർ എന്റെയടുത്തേക്ക് വരുന്നത്.

മൂന്ന് മുന്നണികളിലുമല്ലാതെ ഒറ്റയ്‌ക്കൊരു പാർട്ടിയുമായി നിൽക്കുമ്പോൾ അത് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടോ?

എന്റെ പഠനങ്ങളിൽ നിന്നും സർവേകളിൽ നിന്നുമാണ് ഞാൻ ഇതൊക്കെ മനസിലാക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ഞാൻ സാമൂഹ്യ രംഗത്തുണ്ട്. പണ്ടെല്ലാം ആൾക്കാർ പറഞ്ഞിരുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. പതിനഞ്ച് വർഷം മുമ്പ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർത്ത് നിൽക്കാനുളള ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഇന്ന് വിശ്വാസ യോഗ്യമായ ഒരു ബദൽ പാർട്ടിയുടെ ആവശ്യമുണ്ട്. പന്ത് ഇപ്പോൾ എന്റെ പാർട്ടിയുടെ കോർട്ടിലാണ്.

കേരളത്തിൽ മൊത്തത്തിൽ സംഘടനാ സംവിധാനമൊക്കെയുണ്ടോ?

പൂർണമായിട്ടില്ല. പല സ്ഥലങ്ങളിലും ശക്തമായ പ്രവർത്തനങ്ങളുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടാനായി ഇറങ്ങാനുളള പ്രധാന കാരണം അതു തന്നെയാണ്.

devan

താങ്കൾ മത്സരിക്കുക എവിടെ നിന്നായിരിക്കും?

ഞാൻ തൃശൂരിൽ നിന്ന് മത്സരിക്കും.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മറ്റൊരു സിനിമാ താരം മത്സരിച്ച പരാജയപ്പെട്ട സ്ഥലമാണ്. അവിടെ ഒറ്റയ്‌ക്ക് മത്സരിച്ചാൽ ജയിക്കുമോ?

അവിടെ പോയി വ്യക്തമായി ഞാൻ പഠിച്ചിട്ടുണ്ട്. സർവേകൾ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷൻ ഞാൻ മനസിലാക്കി. ഭൂരിപക്ഷം ആൾക്കാർക്കും എന്നെ പോലൊരാൾ തൃശൂരിൽ നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്‌തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോൾ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും.

എന്തുകൊണ്ടാണ് മത്സരിക്കാൻ തൃശൂർ തിരഞ്ഞെടുത്തത്?

എന്റെ നാടാണത്. ഞാൻ ജനിച്ച് വളർന്ന പഠിച്ച നാടാണ്. ഒന്നാം ക്ലാസ് മുതൽ ബി എസ് സി വരെ പഠിച്ചതും കളിച്ചതുമൊക്കെ അവിടെയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് ഏതെങ്കിലും ഒരു മുന്നണി പിന്തുണയുമായി വന്നാൽ സ്വീകരിക്കുമോ?

ഇല്ല. ഒരിക്കലും സ്വീകരിക്കില്ല.

വിജയം ഉറപ്പുളള ഒരു മുന്നണിയാണെങ്കിലും സ്വീകരിക്കില്ല?

എന്റെ ആശയം അതല്ല. ഏതെങ്കിലും എസ്റ്റാബ്ലിഷ് രാഷ്ട്രീയ പാർട്ടിക്കൊപ്പം ഞാൻ പോകില്ല. ജയിച്ചതിന് ശേഷം മാത്രമേ ഏതെങ്കിലും മുന്നണിയിലേക്ക് പോകണമോ എന്ന് ഞാൻ ചിന്തിക്കുകയുളളൂ. അതിനു മുമ്പ് യാതൊരു സഖ്യവും ഉണ്ടാകില്ല.

വർഷങ്ങൾക്ക് മുമ്പ് അന്നത്തെ തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ചിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ആ പരാജയത്തെ എങ്ങനെ നോക്കികാണുന്നു?

അത് പരാജയമല്ല എന്നാണ് എനിക്ക് തോന്നുന്നത്. അന്നും ഈ മൂന്ന് സംവിധാനത്തിനോട് (കോൺഗ്രസ്, സി പി എം, ബി ജെ പി) എതിരിട്ടാണ് ഞാൻ നിന്നത്. എനിക്ക് രണ്ടായിരത്തിൽപ്പരം വോട്ടുകളാണ് കിട്ടിയത്. അതിന്റെ അർത്ഥം നമ്മൾ കൃത്യമായി പ്രവർത്തിച്ചാൽ മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റുമെന്നാണ്.

devan

ഏത് വിഭാഗത്തിൽപ്പെട്ടവരാണ് താങ്കൾക്കൊപ്പം നിൽക്കുന്നത്?

യുവാക്കളാണ് ഏറ്റവും കൂടുതൽ. പ്രൊഫഷണൽസും ഒപ്പമുണ്ട്. കാർഷിക മേഖലയിൽ ഉളളവരും എനിക്കൊപ്പമുണ്ട്.

ഈ പാർട്ടി എത്ര മണ്ഡലങ്ങളിലാണ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്?

ഞങ്ങൾ 20 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് പ്രാഥമികമായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഞങ്ങൾക്ക് എവിടെയാ വിജയിക്കാൻ പറ്റുക എന്നതിൽ ഒരു സർവേ നടത്തികൊണ്ടിരിക്കുകയാണ്. ഡിസംബർ മാസത്തോടെ മണ്ഡലങ്ങൾ ഫൈനലൈസ് ചെയ്യും.

ഇട‌യ്‌ക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തുകയും ചെയ്‌തിരുന്നു. അതൊക്കെ തെറ്റായിപോയോ?

അതൊക്കെ നടക്കേണ്ടതായിരുന്നു. എന്റെ അനുഭവങ്ങളിൽപ്പെട്ടതാണ് അവയെല്ലാം. ഞാൻ ആരുമായും സംസാരിക്കാൻ തയ്യാറാണ്. ആ പാർട്ടികളിലൊന്നും ചേരാൻ എനിക്ക് ഉദേശമുണ്ടായിരുന്നില്ല. മാഡം സോണിയ ഗാന്ധിയുമായി സംസാരിച്ചത് അനുഭവമാണ്. അതുപോലെ അമിത്‌ഷായെ ഞാൻ കണ്ടിട്ടുണ്ട്.

അമിത്‌ഷാ ബി ജെ പിയിലേക്ക് ക്ഷണിച്ചില്ലേ?

അദ്ദേഹം ക്ഷണിച്ചു. ഇല്ലാന്ന് ഞാൻ പറഞ്ഞു. അമിത്‌ഷായുടെ ക്ഷണം തിരസ്‌കരിച്ച ഒരാളാണ് ‌ഞാൻ. കോൺഗ്രസും എന്നെ ക്ഷണിച്ചു. അതും ഞാൻ നിരസിച്ചു.

കലാലയ രാഷ്ട്രീയമൊക്കെയുണ്ടായിരുന്നോ?

അടിസ്ഥാനപരമായി ഞാനൊരു കോൺഗ്രസുകാരനാണ്. കെ എസ് യുവിൽ സജീവമായിരുന്നു. അന്ന് ബി എസ് സി കഴിഞ്ഞപ്പോൾ വി എം സുധീരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി അങ്ങനെ അന്നത്തെ യൂത്ത് നേതാക്കളൊക്കെ അധികാരത്തിൽ വന്നു. ആ സമയത്ത് ഞങ്ങൾക്ക് അവരെകുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. കേരളത്തിൽ നല്ല മാറ്റങ്ങൾ അവർ സൃഷ്‌ടിക്കുമെന്ന് കരുതിയാണ് ഞങ്ങൾ ‌ഞങ്ങളുടെ ജോലി നോക്കി പോയത്. പക്ഷേ ഞങ്ങൾ കാണുന്നത് അവരൊക്കെ നിസഹായരായി നോക്കി നിൽക്കുന്നതാണ്. ഒഴിക്കിനൊപ്പം അവരും ഒഴുകി പോകുന്ന കാഴ്‌ചയാണ് കണ്ടത്.

സംസ്ഥാന രാഷ്ട്രീയം ഇന്ന് സ്വർണക്കടത്ത് ഉൾപ്പടെയുളള കാര്യങ്ങളിൽപ്പെട്ട് വിവാദത്തിലാണ്. എന്താണ് പ്രതികരണം?

മലയാളീസിന്റെ ആത്മാഭിമാനത്തിന്റെ കടയിലാണ് വാൾ വന്ന് വീണിരിക്കുന്നത്. ഇത്രയും മോശമായ സംഭവങ്ങൾ കാണുമ്പോൾ ഒരു മലയാളി പൗരൻ എന്ന നിലയിൽ എനിക്ക് നാണക്കേടുണ്ട്. നാണക്കേട് മാത്രമല്ല വിഷമവും ദു:ഖവുമുണ്ട്. അതിനെല്ലാം മാറ്റം വരണം. ഇപ്പോഴുളള രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾ ആരേയും നമുക്ക് തിരുത്താനാകില്ല. അവർ അങ്ങനെയായി പോയി. അഴിമതിക്കെതിരായി ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടിയുളള ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുളള കാരണം തന്നെ അതാണ്.

devan

കൊവിഡുമായി ബന്ധപ്പെട്ട് സിനിമാ മേഖല ആകെ പ്രതിസന്ധിയിലാണ്. അൺലോക്ക് വന്നപ്പോൾ പതിയെ പതിയെ സിനിമ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സിനിമകളിൽ വളരെയധികം സജീവമായി നിന്ന ഒരാളാണ്. ഇനിയുളള പ്രതീക്ഷകൾ എന്താണ്?

വളരെ പ്രതീക്ഷയാണ് എനിക്ക്. സിനിമ മാത്രമല്ല എല്ലാ മേഖലകളിലും പ്രതീക്ഷയാണ്. വളരെ പോസിറ്റീവായി ചിന്തിക്കുന്ന ഒരാളാണ് ഞാൻ. 2021 ആദ്യമാസങ്ങളിൽ തന്നെ എല്ലാം ശരിയാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

സിനിമാക്കാർക്കിടയിൽ ഒരുപാട് രാഷ്ട്രീയക്കാരുണ്ടല്ലോ. അവരൊക്കെ എന്താണ് പറയുന്നത്?

ഞാനും അവരും തമ്മിൽ വ്യത്യാസമുണ്ട്. അവരൊക്കെ സിനിമാക്കാരായ ശേഷം ഏതെങ്കിലും അറിയപ്പെടുന്ന പാർട്ടിയിൽ പോയി ചേർന്നവരാണ്. ഞാൻ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയത്തിലുണ്ടായിരുന്നു. മാത്രമല്ല ഞാനായിട്ട് ഒറ്റയ്‌ക്കൊരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ ആളാണ്. ആശയങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. അവർ സെയ്‌ഫ് ഗെയിമാണ് കളിച്ചത്. ഞാനാകട്ടെ ഹൈ റിസ്‌ക്കാണ് ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ബന്ധപ്പെട്ടിട്ടുണ്ടോ?

എന്നെ അവർ നേരിട്ട് വിളിക്കില്ല. പക്ഷേ എന്റെ സുഹൃത്തുക്കളെ വിളിക്കും. ദേവനോട് ഞങ്ങളുടെ പാർട്ടിയിൽ ചേരൂവെന്നാണ് അവർ പറയുന്നത്. ഞാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വരുമെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കിടയിലും ഭയത്തെക്കാളേറെ ആകാംഷയിലാണ്. രാഷ്ട്രീയ പാർട്ടികളുടെ അകത്തും അവരുടെ സ്വകാര്യ സംഭാഷണങ്ങളിലും അവർക്കൊരും ആകാംഷയുണ്ട്. പേടി കൊണ്ടായിരിക്കാം ആ ആകാംഷ.