തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതൽ തെളിവുകൾ നിരത്തുമ്പോൾ ഒരുപോലെ പ്രതിസന്ധിയിൽ ആവുകയാണ് സി പി എമ്മും സർക്കാരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സമയം അടുത്തിരിക്കെ ഉയർന്ന ആരോപണം ദിവസങ്ങൾ കഴിയുന്തോറും ശക്തമായി കൊണ്ടിരിക്കുകയാണ്.
മക്കൾ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛൻമാർക്ക് ബാധ്യതിയില്ലെന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികൾക്കിടയിലുമുണ്ട്. അതുകൊണ്ടുതന്നെ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി പി എം കേന്ദ്രങ്ങളിൽ തുടങ്ങി. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് തൽക്കാലം മാറിനിൽക്കുക എന്ന ആശയം പാർട്ടിയിൽ സജീവചർച്ചയാണ്.
അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എൽ ഡി എഫ് കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും, ബിനീഷിനെതിരായ കേസിന്റെ ഗൗരവം പാർട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ബിനീഷ് കുറ്റമുക്തനാണെന്ന് തെളിയുന്നത് വരെ കോടിയേരി മാറി നിൽക്കേണ്ടതു തന്നെയാണെന്നാണ് ചില നേതാക്കളുടെയും അഭിപ്രായം. ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ കോടിയേരി സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാകും സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറി നിൽക്കുക. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓൺലൈനിൽ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ് രാമചന്ദ്രൻപിള്ളയോ, എം വി ഗോവിന്ദൻമാസ്‌റ്ററോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.