തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പൊതുശ്‌മശാനമായ തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ‌്കരിക്കുന്നതിന്റെ തത്സമയ സംപ്രേഷണം നാളെ മുതൽ തുടങ്ങും. ലൈവ് സ്ട്രീമിംഗിനായി രണ്ട് വെബ് കാമറകളാണ് ശാന്തികവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയാണ് കാമറകൾ സ്ഥാപിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നിയന്ത്രണമുണ്ട്. ഇത് ഒരു വൈകാരികപ്രശ്നമായി മാറിയതിനാലാണ് കോർപ്പറേഷൻ ഇത്തരമൊരു സംവിധാനം ആലോചിച്ചതെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും മരിക്കുന്ന കൊവിഡ് രോഗികളെ സംസ്‌കരിക്കുന്നതും ശാന്തികവാടത്തിലാണ്.
ഉറ്റവരുടെ ശവസംസ്‌കാരച്ചടങ്ങുകൾക്കു സാക്ഷിയാകണമെന്ന ബന്ധുക്കളുടെ താൽപര്യം മാനിച്ചാണ് ശാന്തികവാടത്തിൽ ലൈവ് വെബ് പോർട്ടൽ സ്ട്രീമിംഗ് സംവിധാനം ഒരുക്കുന്നത്. ലോകത്തിന്റെ ഏതു കോണിലിരുന്നും ഇവിടെ നടക്കുന്ന ഉറ്റവരുടെ ശവസംസ്‌കാരച്ചടങ്ങുകൾ വീക്ഷിക്കാം. സ്മാർട്ട് ട്രിവാൻഡ്രം വെബ് പേജിലും (www.smarttvm.corporationoftrivandrum.in) ശാന്തികവാടത്തിന്റെ യൂ ട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്. സംസ്‌കരിക്കപ്പെടുന്നവരുടെ പേരുവിവരങ്ങൾ കാണിക്കുന്നതിനും തിരക്കു കൂടുന്ന അവസരങ്ങളിൽ അന്ത്യകർമ്മങ്ങൾ നടക്കുന്ന സ്ഥലത്തെയും ഫർണസ് ഏരിയയിലെയും ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനുമായി ഡിസ്‌പ്ലേ സംവിധാനവും ഒരുക്കും. ഇതിന്റെയെല്ലാം പ്രവർത്തന മേൽനോട്ടത്തിനായി ഹെൽത്ത് ഓഫീസറെയും നിയമിച്ചിട്ടുണ്ട്. ഫോൺ : 9496434410.
എൽ.പി.ജി ക്രിമേഷൻ ഫർണസ്
നിലവിൽ രണ്ട് ഇലക്ട്രിക്കൽ ഫർണസുകളും സാധാരണ രീതിയിലുള്ള രണ്ട് സംസ്കാര കേന്ദ്രങ്ങളുമാണ് ശാന്തികവാടത്തിൽ ഇപ്പോഴുള്ളത്. ഇവ കൂടാതെ എൽ.പി.ജി (ഗ്യാസ്) ക്രിമേഷൻ ഫർണസ് കൂടി ശാന്തികവാടത്തിൽ സ്ഥാപിക്കുന്നുണ്ട്. മാർച്ചിൽ രോഗം പടർന്നുപിടിച്ചതിനുശേഷം ഇതുവരെ 446 കൊവിഡ് രോഗികളെ ശാന്തികവാടത്തിൽ സംസ്‌കരിച്ചിട്ടുണ്ട്. നഗരപ്രദേശത്തിന് സമീപത്തുള്ള ശ്‌മശാനങ്ങളില്ലാത്ത പഞ്ചായത്തുകളും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി ശാന്തികവാടത്തെയാണ് ആശ്രയിക്കുന്നത്. ഇതോടെയാണ് ശാന്തികവാടത്തിലെ ഫർണസുകളുടെ എണ്ണം കൂട്ടാൻ നഗരസഭ തീരുമാനിച്ചത്. ഫർണസുകളുടെ പ്രവർത്തനങ്ങൾക്കായി രണ്ട് ജൂനിയർ ഹെൽത്ത് ഇസ്‌പെക്ടർമാരെ സ്ഥിരമായി നിയമിച്ചിട്ടുണ്ട്. മാത്രമല്ല, ശാന്തികവാടത്തിൽ അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്നതിന്റെ ചുമതലയും ഈ ഉദ്യോഗസ്ഥർ വഹിക്കും. മൃതദേഹം സംസ്കരിച്ചതിനു ശേഷം പൂക്കൾ, വാഴയില പോലുള്ള ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള കമ്പോസ്റ്റ് സംവിധാനവും ഒരുക്കുന്നുണ്ട്.
സർട്ടിഫിക്കറ്റും ഓൺലെനിൽ
ശവസംസ്‌കാരത്തിനു ശേഷം സർട്ടിഫിക്കറ്റും ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടികളും ഒരുക്കിയിട്ടുണ്ട്. ഇതിനായി രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ശാന്തികവാടം ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ സോഫ്റ്റ്‌വെയർ സംവിധാനം ക്രമീകരിക്കും. സ്‌മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലും വെബ് പോർട്ടലിലും ബുക്കിംഗ് സൗകര്യമൊരുക്കും. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കോർപ്പറേഷൻ കോൾ സെന്ററിന്റെ സേവനവും പ്രയോജനപ്പെടുത്താം. ശാന്തികവാടത്തിലെ നിലവിലുള്ള ഫോൺ നമ്പരിലും ബുക്കിംഗ് സൗകര്യം ലഭ്യമായിരിക്കും. ഫോൺ നമ്പരുകൾ : 9496434488 (24 മണിക്കൂർ കോൾ സെന്റർ), 0471 2323574(ശാന്തികവാടം).