2005 മാർച്ച് മാസം 15 തീയതി വൈത്തിരിയിലുണ്ടായ ഒരു കൊലപാതകവും, പ്രതിയെ ചുരുങ്ങിയ ദിവസം കൊണ്ട് അറസ്റ്റ് ചെയ്തതിനെ കുറിച്ചുമാണ് ഈ ലക്കത്തിൽ റിട്ട. ഡി വൈ എസ് പി ഗിൽബർട്ട് വിവരിക്കുന്നത്. രാത്രിയിൽ സ്ഥലത്തെ സമ്പന്ന ഗൃഹത്തിലെ പെൺകുട്ടിയെ അജ്ഞാതനായ ഒരാളെത്തി കുത്തി പരിക്കേൽപ്പിച്ചു എന്ന വിവരമാണ് സ്റ്റേഷനിലെത്തിയത്. ഉടൻ തന്നെ സംഭവസ്ഥലത്ത് ഗിൽബർട്ടും പൊലീസ് സംഘവും എത്തിയെങ്കിലും പരിക്കേറ്റ കുട്ടിയെ കൽപ്പറ്റ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം കൽപ്പറ്റയിലെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡി കോളേജിലേക്ക് കൊണ്ട് പോയി എന്ന വിവരമാണ് ലഭിച്ചത്. തിരികെ സംഭവസ്ഥലത്തെത്തിയ ഗിൽബർട്ടും സംഘവും ചുറ്റുപാടുള്ള ആളുകളിൽ നിന്നും വിവരം ശേഖരിച്ചു.
ശ്രീധരമേനോൻ എന്ന സ്ഥലത്തെ പ്രമാണിയുടെ മകളാണ് കുത്തേറ്റത്. അജ്ഞാതനായ ഒരാൾ വീട്ടിൽ കയറുകയും അദ്ദേഹത്തിന്റെ മകളെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. നെഞ്ചിൽ കുത്തിയിറക്കിയ കത്തി അച്ഛൻ തിരികെ വലിച്ചൂരി. മകളെ കുത്തി പരിക്കേൽപ്പിച്ച അജ്ഞാതൻ ഓടിയകന്നു എന്നാണ് വീട്ടുകാർ പറഞ്ഞതെങ്കിലും സമീപ വീട്ടുകാരാരും അങ്ങനെ ഒരാളെ കണ്ടില്ലായിരുന്നു. കോഴിക്കോട് ആശുപത്രിയിൽ ഓപ്പറേഷൻ നടത്തുന്നതിന് മുൻപേ പെൺകുട്ടി മരണപ്പെട്ടു. എന്നാൽ കോഴിക്കോട് പൊലീസ് പെൺകുട്ടിയുടെ മരണമൊഴി മജിസ്‌ട്രേറ്റുമായി എത്തി രേഖപ്പെടുത്തിയത് നിർണായക തെളിവായിതീർന്നു.
വൈകിട്ടോടെ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം വൈത്തിരിയിലെ വീട്ടിലെത്തിച്ചു. മകളുടെ അടുത്തിരുന്നു അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയിൽ പൊലീസ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന് ചില സൂചനകൾ ലഭിച്ചു. കൊലപാതകത്തിന്റെ ചുരുളഴിയാൻ അദ്ദേഹത്തിന് ആ വാക്കുകൾ ധാരാളമായിരുന്നു. പെൺകുട്ടിയുടെ മരണമൊഴിയും ഈ സംശയത്തെ സാധൂകരിക്കാൻ ഉതകുന്നതായിരുന്നു. ദിവസങ്ങൾക്കകം നാടിനെ വിറപ്പിച്ച കൊലപാതകത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവപരന്ത്യം ശിക്ഷ ലഭിച്ച കൊലയാളിയെ നീണ്ട പതിനഞ്ച് വർഷത്തിന് ശേഷം കണ്ടുമുട്ടിയപ്പോഴുള്ള അവസ്ഥയും റിട്ട ഡി വൈ എസ് പി ഗിൽബർട്ട് വിവരിക്കുന്നു. വീഡിയോ കാണാം...