ഗുരുദേവ സൂര്യനുദിച്ചുയർന്നു
ഹൃദയമാമാകാശമേറിടുന്നു.
കതിർതൂകിനിൽക്കുന്നുനൂതനമാ-
മുപദേശരത്നങ്ങളും ചൊരിഞ്ഞ്.
ഏറെത്തിളങ്ങുമാരത്നങ്ങളാ-
ണേതൊരുകാലത്തിനും വെളിച്ചം
മാറ്റത്തിനുള്ള വഴിതെളിക്കും
ഏതൊരുരാവും തിളങ്ങിനിൽക്കും
വാരുറ്റനക്ഷത്രകാന്തിയോടെ
ശ്രീഗുരുദേവ സന്ദേശരത്ന-
മീലോകകാന്തി
ചൊരിഞ്ഞുനിൽക്കും
ജീവിതത്തിന്റെയിരുട്ടകലാൻ
കേവലസത്യപ്രകാശമേകാൻ
ശ്രീഗുരുദേവസന്ദേശമാർക്കു-
മാശ്രയമെന്നതറിഞ്ഞിടേണം
അത്രമേൽ ശുദ്ധനും മുക്തനുമാ
ണീഗുരുദേവനാം കർമ്മയോഗി
ഇല്ലമഹാനൊരാളെൻ ഗുരുവിൻ-
തുല്യനായ്മന്നിലവതരിക്കാൻ
ജാതിമതങ്ങൾ ദൈവങ്ങളൊന്നെ
ന്നാമഹാചൈതന്യമൂർത്തിചൊല്ലി.
ഭേദങ്ങളൊക്കെ വെടിഞ്ഞുമർത്യ
മാനസമൈക്യസമ്പൂർണ്ണമാവാൻ
അദ്വൈതസാരംഗ്രഹിച്ചയോഗി-
വര്യനാമെൻ ഗുരുദേവനാതി.
അതിവേഗം നന്നാകുവാനരുളി-
യനുകമ്പയോടെപുലരുവാനും.
അധികവിശാലമച്ചിന്തകൾതൻ
പൊരുളുകണ്ടെല്ലാരുമൊത്തുകൂടി
ഗുരുതന്നെ, നേർവഴികാട്ടിടുന്ന
'ഒരുദേവ" നെന്നുതിരിച്ചറിഞ്ഞു
മഹിതമാമാജീവിതമറിയാൻ-
മഹിതോപദേശം
പകർത്തീടുവാൻ
മാനുഷരെല്ലാരുമൊത്തുകൂടി
ശ്രീഗുരുദേവനെ വാഴ്ത്തിടുന്നു
ഇന്നിതാപാഠഭാഗങ്ങളിലും
വന്നുതുടങ്ങി ഗുരുകൃതികൾ.
പിന്നെ നവോത്ഥാനനായകന്റെ
ചിന്തകൾതേടുകയായിലോകം
സർവകലാശാല വന്നു ഗുരു-
നാമവുംപേറി നമുക്കരികിൽ
ഏവർക്കുമാശ്വാസമേകിടുന്നോ
രാത്മോപദേശം
ചൊരിഞ്ഞുകൊണ്ട്
ആചന്ദ്രതാരം തിളങ്ങിടട്ടെ-
യരാധ്യമാം ഗുരുദർശനങ്ങൾ.