ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടുകൂടി രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ. ഉത്തർപ്രദേശിൽ നിന്നുള്ള 11 സീറ്റിലേക്കും, ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്കുമാണ് മത്സരം നടന്നത്. ഇതിൽ 12 സീറ്റും എതിരില്ലാതെ തന്നെ ബി ജെ പി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടുകൂടി രാജ്യസഭയിൽ ബി ജെ പിയുടെ അംഗബലം 92 ആയി. എൻ ഡി എയ്‌ക്ക് ആകെ 111 പേരുണ്ട്.
അതേസമയം, രാജ്യസഭയിൽ കോൺഗ്രസിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായിട്ടുണ്ട്. 38 ആംഗങ്ങളാണ് കോൺഗ്രസിന് രാജ്യസഭയിലുള്ളത്. യു പി എ സംഖ്യത്തിന് ആകെ കൂടിയുള്ളത് 62 അംഗങ്ങളാണ്. 1990ന് ശേഷം ഭൂരിപക്ഷം ഉറപ്പിക്കാൻ ഒരു കൂട്ടുകക്ഷി പിന്തുണയ്‌ക്കും കോൺഗ്രസിനെ സഹായിക്കാൻ കഴിഞ്ഞിട്ടില്ല.
242 അംഗങ്ങളുള്ള രാജ്യസഭയിൽ അർദ്ധ സംഖ്യ പൂർത്തിയാക്കുന്നതിന് എൻ ഡി എയ‌്ക്ക് കേവലം 12 സീറ്റുകളുടെ പിൻബലമേ വേണ്ടതായുള്ളൂ. അംഗബലം വർദ്ധിച്ചതോടു കൂടി രജ്യസഭയിൽ സുപ്രധാന ബില്ലുകൾ പാസാക്കുക എന്നത് കേന്ദ്രസർക്കാരിന് എളുപ്പമായി മാറിയിരിക്കുകയാണ്.