കേരള കലാമണ്ഡലത്തിന് നാളെ നവതി. വിശ്വോത്തര കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കലാമണ്ഡലം ഓർമ്മകളിലൂടെ....
ഒരു പതിമൂന്നുകാരൻ 69 വർഷങ്ങൾക്ക് മുമ്പ് ചെറുതുരുത്തിയിൽ കലാമണ്ഡലത്തിന്റെ പടി കയറുമ്പോൾ സംഭ്രമവും കൗതുകവും മാത്രമായിരുന്നു ഉള്ളിൽ. അതുവരെയുണ്ടായിരുന്ന ജീവിതചര്യകൾ പാടെ തകിടം മറിയുമെന്ന് ചിന്തിക്കാതെ ആ ബാലൻ കലാമണ്ഡലത്തിലെ വിദ്യർത്ഥിയായി. പിന്നീടങ്ങോട്ട് കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ജനകീയമാക്കുകയും കേരള കലാമണ്ഡലമെന്ന പേര് ലോക പ്രസിദ്ധമാകാൻ നിമിത്തമാവുകയും ചെയ്ത മഹാപ്രതിഭയായി അന്നത്തെ വി. എം ഗോവിന്ദനെന്ന കുട്ടി വളർന്നു. കലാമണ്ഡലം ഗോപിയായി. പിന്നീട് പ്രിയപ്പെട്ടവരുടെ ഗോപിയാശാനായി! കേരളകലാമണ്ഡലം അതിന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ കലാമണ്ഡലത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയും നിമിത്തവുമായ ഗോപിയാശാൻ ആ കാലത്തെ ഓർമ്മിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടോട് കൂടി ക്ലാസിക്കൽ കലകൾ എന്നവകാശപ്പെട്ടിരുന്ന പല കലാരൂപങ്ങളും മലയാളിക്ക് അന്യമായി തീർന്നു. ജന്മിമാരുടെയും നാടുവാഴികളുടെയും താൽപര്യാനുസരണം കളിയോഗങ്ങളിൽ മാത്രം കലാരൂപങ്ങൾ അരങ്ങേറിയ കാലം. കേരളീയകലകൾ അഭ്യസിക്കാനും അവതരിപ്പിക്കാനും അരങ്ങുകൾ ഇല്ലാതായി. അക്കാലത്താണ് മഹാകവി വള്ളത്തോൾ നാരായണമേനോൻ കേരളീയ കലകൾക്കായി ഒരു സ്ഥാപനമെന്ന ആശയവുമായി എത്തുന്നത്. 1902ൽ ടാഗോർ ആരംഭിച്ച വിശ്വഭാരതിയും 1927ൽ രുക്മിണിദേവീ അരുന്ധൽ തുടങ്ങിയ കലാക്ഷേത്രവും ഇക്കാര്യത്തിൽ വള്ളത്തോളിന് ആത്മവിശാസമേകി. കലകളെ ജനമദ്ധ്യത്തിലെത്തിക്കുവാനും ജനകീയമാക്കാനും കഴിഞ്ഞ വിപ്ലവകരമായ മാറ്റമായിരുന്നു കലാ കേരളത്തിന്റെ ഈറ്റില്ലമായ കേരളകലാമണ്ഡലത്തിന്റെ രൂപീകരണം. 1930 നവംബർ 9 നാണ് കേരളീയ കലകൾക്ക് വേണ്ടി വള്ളത്തോൾ കേരളകലാമണ്ഡലം എന്ന കലാപഠനശാല തുടങ്ങിയത്. 1951ൽ കഥകളി പഠിയ്ക്കാനായി ഗോപി കലാമണ്ഡലത്തിലെത്തി. ഏഴുവർഷത്തെ പഠനം പൂർത്തിയാക്കി മഹാകവിയുടെ ആഗ്രഹപ്രകാരം അദ്ദേഹം കലാമണ്ഡലത്തിൽ കഥകളി അദ്ധ്യാപകനായി. പ്രിൻസിപ്പലായി 1992ൽ വിരമിച്ചിട്ടും കലാമണ്ഡലവുമായുള്ള അഭേദ്യബന്ധം ഇന്നും തുടരുകയാണ് ഗോപിയാശാൻ. പത്മശ്രീ ലഭിച്ച ശേഷം 2020ൽ കലാമണ്ഡലം ഭരണസമിതി അംഗമായി അദ്ദേഹം ചുമതലയേറ്റു. ഈ വർഷം നവംബർ 9ന് നവതി ആഘോഷിക്കുന്ന കലാമണ്ഡലത്തിന്റെ ചരിത്ര സ്മരണകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത കഥകളിയാചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപി.
അന്നും ഇന്നും
തന്നെ വളർത്തിയ അമ്മവീടാണ് ഗോപിക്ക് കലാമണ്ഡലം. മൂന്നുനേരം മുടങ്ങാതെ ഭക്ഷണം ലഭിക്കുകയെന്നതായിരുന്നു അക്കാലത്തെ വലിയ സ്വപ്നം. കലാമണ്ഡലത്തിൽ വന്നതിനുശേഷം അതിനൊരു മുടക്കവും ഉണ്ടായിട്ടില്ല എന്നതാണ് ആ പതിമൂന്നുകാരന്റെ ഏറ്റവും വലിയ സന്തോഷം. കാർക്കശ്യമേറിയ ശിക്ഷണ രീതികളായിരുന്നു തുടക്ക കാലങ്ങളിൽ കലാമണ്ഡലത്തിലേത്. കൃത്യമായ ചിട്ടയും കലാ പഠനത്തിനുമൊപ്പം ഗുരുക്കന്മാരെ വലിയ പേടിയുമായിരുന്നു. ഒരു ചുവട് പിഴച്ചാൽ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അന്ന് വിദ്യാർത്ഥികൾ പേടിയോടെയാണ് കലാപഠനം നടത്തിയിരുന്നത്. രാമൻകുട്ടിനായരാശാൻ ആയിരുന്നു അന്ന് വാർഡൻ. കഥകളി പഠിപ്പിക്കുക മാത്രമല്ല, വിദ്യാർത്ഥികളുടെ സ്വഭാവ ശുദ്ധീകരണത്തിന്റെ കൂടി ചുമതല അദ്ദേഹത്തിനായിരുന്നു. ദിവസവും വൈകീട്ട് രസാഭിനയം, കഥകളി പദം, മുദ്ര തുടങ്ങി കുട്ടികളെ പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിക്കുന്ന ക്ലാസുകൾ അന്നുണ്ടായിരുന്നു. പുലർച്ചെ മൂന്നു മണിക്കാണ് കളരി. ഇന്നത് നാലുമണിക്കും.ഉച്ചവരെ സ്കൂളുണ്ട് എന്നതൊഴിച്ചാൽ കലാമണ്ഡലത്തിലെ പഠന രീതിയിൽ ഇന്നും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. പഠനം കഴിഞ്ഞാലും വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിനും അവരെ വളർത്തിക്കൊണ്ടു വരുന്നതിലും ഗുരുനാഥന്മാർക്ക് പ്രത്യേക പങ്കുണ്ട്. എല്ലാകാലത്തും പ്രോത്സാഹനം നൽകുന്നത് അവരായിരിക്കും. എന്നാൽ കലാപഠനത്തിന്റെയോ കേരള പാരമ്പര്യത്തിന്റെയോ പ്രാധാന്യത്തെപ്പറ്റി യാതൊരു അറിവുമില്ലാതിരുന്ന അക്കാലത്ത് അങ്ങനെ ഒരു കാർക്കശ്യം കാണിച്ചത് കൊണ്ടാണ് ഇന്നും കലാമണ്ഡലം കലാപഠന സർവകലാശാലയായി നിലനിൽക്കുന്നത്. ഇന്നത്തെ തലമുറ പേടിയോടെയല്ല, കലയോടുള്ള ആഗ്രഹം കൊണ്ടും വ്യക്തമായ കാഴ്ചപ്പാടുകളോടും കൂടിയാണ് കലാമണ്ഡലത്തിൽ പഠനത്തിനായി എത്തുന്നത്. മുൻപ് കലാപഠനത്തിൽ ചേർന്നാൽ സ്കൂൾ വിദ്യാഭ്യാസം പിന്നീടില്ല. 92ലാണ് കലാമണ്ഡലത്തിൽ ഹൈസ്കൂൾ ആരംഭിക്കുന്നത്. ഇയ്യങ്കോട് ശ്രീധരൻ സെക്രട്ടറിയും അനിയൻ രാജ ചെയർമാനുമായിരുന്ന കാലം. സ്കൂൾ, കോളേജ് എന്നതിൽ നിന്നു തുടങ്ങി പി.എച്ച് ഡി വരെയുള്ള വിദ്യാഭ്യാസം നൽകാൻ ശേഷിയുള്ള സർവകലാശാലയായി കലാമണ്ഡലം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോൾ കലാപഠനത്തിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും വിഷമിക്കേണ്ട ആവശ്യമില്ല.
വള്ളത്തോൾ ഓർമ്മ
കലാമണ്ഡലത്തിൽ കഥകളിക്ക് ചേരാൻ ചെന്ന ദിവസം. അടിയാള് എന്ന പേരിലറിയപ്പെട്ടിരുന്ന വേഷക്കാരനാണ് വള്ളത്തോളിന്റെ അടുത്തേക്ക് ഗോപിയെ കൂട്ടിക്കൊണ്ടു പോയത്. മുഖത്തെഴുത്ത് ചെയ്യിപ്പിച്ച് കൃത്യമായി ചേരുന്നുണ്ടോ എന്ന് ലക്ഷണം നോക്കിയാണ് കഥകളി പഠനത്തിനായി അന്ന് കുട്ടികളെ തിരഞ്ഞെടുക്കുക. എന്നാൽ ഗോപിയെ കണ്ട് കുറച്ചു നേരം നോക്കി നിന്ന മഹാകവി അടിയാളിനോട് അവനെ എടുത്തോളാൻ പറഞ്ഞു. അങ്ങനെ മുഖത്തെഴുത്ത് ഇല്ലാതെ തന്നെ സെലക്ഷൻ കിട്ടി. ചൊല്ലിയാട്ടം കാണാൻ സ്ഥിരമായി മഹാകവി തന്റെ ഗ്രന്ഥാലയത്തിൽ നിന്ന് നടന്ന് കലാമണ്ഡലത്തിലേക്ക് വരുമായിരുന്നു. തിരികെ പോകുമ്പോൾ വീട് വരെ അദ്ദേഹം ഗോപിയെയും കൂടെ കൊണ്ടുപോകും. മുത്തശ്ശി (വള്ളത്തോളിന്റെ ഭാര്യ മാധവിയമ്മ) ചായക്കൊപ്പം ദോശയോ മറ്റോ പലഹാരങ്ങൾ തരും. അന്നത്തെ ചുറ്റുപാടിൽ ചായക്കൊപ്പം പലഹാരം എന്നുള്ളത് സമ്പന്നർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. ചിരിയൊന്നുമില്ലാത്ത മുഖമാണെങ്കിലും മഹാകവിക്ക് എന്നും തന്നോട് വാത്സല്യമായിരുന്നു എന്നാണ് ഗോപിയാശാന്റെ പക്ഷം. ആ ഒരു ഇഷ്ടം തന്നെയാണ് കഥകളി പഠനം പൂർത്തിയാക്കി പോന്നിട്ടും അദ്ധ്യാപകനാകാൻ വീണ്ടും കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്. മഹാകവിയുടെ സ്നേഹവും സാമീപ്യവും തന്നെയാണ് ഗോപിയാശാന്റെ കലാമണ്ഡല ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മ.
കലകളിലെ കലാമണ്ഡലം ശൈലി
ഏത് കലയും സാധാരണക്കാരന് മനസിലാക്കത്തക്കവിധം അവതരിപ്പിക്കുമ്പോഴാണ് അത് ജനകീയമാകുക. ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് കലാപഠനം എന്നത് മറ്റു സ്ഥാപനങ്ങളിൽ നിന്ന് കലാമണ്ഡലത്തെ വ്യത്യസ്തമാക്കുന്ന ഒന്നാണ്. രാവുണ്ണി ആശാൻ, പത്മനാഭൻ നായരാശാൻ, രാമൻകുട്ടി നായരാശാൻ എന്നിങ്ങനെ പ്രഗൽഭരായ ഗുരുക്കന്മാരുടെ കീഴിലാണ് കഥകളി അഭ്യസിച്ചത്. നാട്യധർമിയിലാണ് മുദ്രകൾ പഠിപ്പിക്കുക. എന്നാൽ സാധാരണക്കാരന് അത് ഗ്രഹിക്കാൻ അല്പം പ്രയാസമാകും. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ചെറിയ ലോകധർമ്മി മുദ്രകൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് അരങ്ങിൽ കഥകളി അവതരിപ്പിക്കുമ്പോഴാണ് കാഴ്ചക്കാരന് പൂർണമായി ആസ്വദിക്കാൻ കഴിയുന്നതും കലാരൂപം ജനകീയമാകുന്നതും. പഠിപ്പിക്കുന്ന ചിട്ടയിൽ നിന്ന് അല്പം മാറുന്നുവെങ്കിലും അത് കലയെ ദോഷമായി ബാധിക്കാത്ത വിധമാണെങ്കിൽ ഗുരുക്കൻമാർ പൂർണപിന്തുണ നൽകും.
കലകൾക്കെല്ലാം വിവിധതരം ശൈലികളുണ്ട്. അവ ഉത്ഭവിക്കുന്ന ദേശം, കാലം, സാമൂഹ്യ ചുറ്റുപാടുകൾ എന്നിവയനുസരിച്ചാണ് ശൈലി വ്യത്യാസങ്ങൾ ഉണ്ടാകുക. കഥകളിക്ക് തന്നെ തെക്കൻ (കപ്ല്യങ്ങാട്) കളരി എന്നും വടക്കൻ (കല്ലുവഴി) കളരി എന്നും രണ്ട് ശൈലികളുണ്ട്. മുഖാഭിനയത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള തെക്കൻക്കളരി ശൈലിയും ആംഗികാഭിനയത്തിന് പ്രാധാന്യമുള്ള വടക്കൻക്കളരി ശൈലിയും സംയോജിപ്പിച്ചുകൊണ്ട് അഭിനയത്തിനും മുദ്രകൾക്കും തുല്യ പ്രാധാന്യം നൽകിയാണ് കലാമണ്ഡലത്തിൽ കഥകളി ചിട്ടപ്പെടുത്തുന്നത്. അതുകൊണ്ട്തന്നെ അത് 'കലാമണ്ഡലം ശൈലി"യായി അറിയപ്പെട്ടു. ഇത്തരമൊരു മാറ്റത്തിനും കാരണഭൂതൻ വള്ളത്തോളാണ്. കഥകളിയിൽ മാത്രമല്ല മറ്റ് കലകളിലും മാറ്റങ്ങൾ കൊണ്ട് വന്ന കലാകാരന്മാരേ കാണാം. പൈങ്കുളം രാമചാക്യാരാശാനാണ് ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തിൽ നിന്ന് കൂടിയാട്ടത്തെ പുറത്തേക്കെത്തിച്ചത്. സംസ്കൃതനാടക രീതിയിലായിരുന്ന കൂടിയാട്ടത്തെ പോഷിപ്പിച്ച് ജനകീയമാക്കാൻ കഴിഞ്ഞതിൽ ശിവൻ നമ്പൂതിരി തുടങ്ങിയവരുടെ പങ്ക് വലുതാണ്.
ഗോവിന്ദനിൽ നിന്ന് പത്മശ്രീ കലാമണ്ഡലം ഗോപിയിലേക്ക്
പച്ച, കത്തി, കരി, മിനുക്ക്, താടി തുടങ്ങി എല്ലാ വേഷങ്ങളിലും ഗോപിയാശാൻ രംഗത്ത് അരങ്ങേറി. ഒപ്പം സ്ത്രീവേഷവും കൂട്ടുവേഷങ്ങളും ചെയ്തു. എങ്കിലും ജനങ്ങൾക്ക് ആശാന്റെ പച്ച വേഷങ്ങളോടാണ് കൂടുതൽ പ്രിയം. അതിലൊന്നാണ് കലാമണ്ഡലം ഗോപിയാശാന്റെ 'നളൻ". അഭിനയം കൊണ്ടല്ല, ജീവിച്ചു കാണിച്ചാണ് ആ കഥാപാത്രങ്ങൾ ജനഹൃദയങ്ങളിലേക്ക് കടന്ന് കയറിയത്. അരങ്ങിൽ നിൽക്കുമ്പോൾ പുതുമ കാണിക്കാനായി പെട്ടെന്ന് മുദ്രകൾ മാറ്റി കാണിക്കുന്ന വിദ്യയും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ 50 വർഷത്തെ അരങ്ങ് ജീവിതത്തിലൂടെ നേടിയതാണ് പത്മശ്രീ കലാമണ്ഡലം ഗോപി എന്ന പട്ടം. അതിന് കാരണമായത് കലാമണ്ഡലവും.
കലാമണ്ഡലവും കലാകാരന്മാരും
കലാമണ്ഡലം എന്ന പേരു കൊണ്ട് തന്നെ ഒരുപാട് കലാകാരന്മാർക്ക് മഹത്വം കിട്ടിയിട്ടുണ്ട്. സ്വന്തം പേരിനു മുമ്പിൽ 'കലാമണ്ഡലം" എന്ന് കൂട്ടിചേർക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് അവിടുത്തെ വിദ്യാർത്ഥികൾ. ഏതു നാട്ടിൽ പോയാലും കലാമണ്ഡലത്തിന്റെ പേര് ഒപ്പം ചേർത്ത് പറയാൻ സാധിക്കുന്ന കലാകാരന് ആദരവ് ലഭിക്കാറുണ്ട്. കലാമണ്ഡലത്തിലെ സന്തതികൾ എന്നത് തന്നെ വലിയൊരു സ്ഥാനമാണ്. അതിൽപരം മഹത്വം ഒരു കലാകാരന് കിട്ടാനുണ്ടെന്ന് തോന്നിയിട്ടില്ല. കലാമണ്ഡലത്തിൽ നിന്ന് പഠനം കഴിഞ്ഞു പോരുന്നവരായാലും ഇപ്പോൾ പഠനം നടത്തുന്നവരായാലും കലാമണ്ഡലത്തിന്റെ പ്രശസ്തി കിട്ടാൻ ഭാഗ്യം ലഭിച്ചവരാണ്. കല ഒരു ദൈവികസിദ്ധിയാണ്. ആസ്വാദകരിൽ നിന്ന് ലഭിക്കുന്ന അംഗീകാരം കൊണ്ട് മാത്രമാണ് ഏതൊരു കലയും നിലനിൽക്കുക. കലാമണ്ഡലത്തിന്റെ ഐശ്വര്യം വർദ്ധിക്കുന്നതോടൊപ്പം അതിനോടു ചേർന്നു നിൽക്കുന്ന കലാകാരന്മാർക്കും ഉയർച്ചയും സന്തോഷവും ലഭിക്കും. ഇപ്പോൾ അവിടെ പഠിക്കുന്ന ഓരോരുത്തരും കലാമണ്ഡലത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി കൂടി പ്രയത്നിക്കുന്നവരാണ്.
നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് കലാമണ്ഡലം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. സ്വാമി വിവേകാനന്ദന്റെ തക്ഷശില പോലെ കലാഭ്യാസത്തിന്റെ ഉന്നതിയിലെത്തി ശ്രേഷ്ഠ പദവി നേടിയ സർവകലാശാലയായി കേരളകലാമണ്ഡലം മാറുക എന്നതായിരുന്നു വള്ളത്തോളിന്റെ സ്വപ്നം. ഇന്ന് 90 തികഞ്ഞു നിൽക്കുന്ന കേരള കലാമണ്ഡലം കല്പിത സർവകലാശാല പദവിയിലാണ്. 2016 മുതൽ 2021 വരെ 61.06 കോടി രൂപ പ്ലാൻ വിഹിതമായി കലയുടെ ഈ മഹാമണ്ഡലത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ കാളലയളവിൽ തന്നെ 5.40 കോടി ചെലവഴിച്ച് കലാമണ്ഡലത്തെ ഇ-ക്യാമ്പസ് ആക്കി മാറ്റുകയും ചെയ്തു. മഹാകവിയുടെ സ്വപ്നത്തിലേക്ക് ദൂരമേറെയുണ്ട്. കലാമണ്ഡലത്തിന്റെ ഇനിയുള്ള യാത്രകൾ മഹാകവിയുടെ സ്വപ്നത്തിലേക്കുള്ള പടികളാകട്ടെ. അതിനായി സർക്കാരും കലാകാരന്മാരും ഒന്നിച്ച് പരിശ്രമിക്കട്ടെ.