ആകാശം തൊടുന്ന കെട്ടിടത്തിന്റെ കിളിക്കൂടുകൾ പോലെയുള്ള ബാൽക്കണിയിൽ നിന്നും സൂര്യപ്രകാശം ഏറ്റുവാങ്ങാനായി പച്ച ചെടിത്തലപ്പുകൾ കൈനീട്ടുകയാണ്. ചെറുതും വലുതുമായി അകത്ത് മത്സരിച്ചു വളരുന്ന പച്ചക്കാട്. അവയെ കൂടുതൽ ഭംഗിയുള്ളതാക്കാൻ കരകൗശലവസ്തുക്കളുടെ മനോഹര ശേഖരം. കൊച്ചി വെണ്ണലയിലെ ആറാംനിലയിലെ ഈ ഫ്ളാറ്റിലെത്തിയാൽ തണുപ്പും പോസിറ്റീവ് എനർജിയും നമ്മെ വന്നു പൊതിഞ്ഞ് മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. ബാൽക്കണി ഉദ്യാനപാലനത്തിന്റെ അഞ്ചുവർഷ ജീവിതത്തിനിപ്പുറം തനിക്ക് ചുറ്റിലും നിറയുന്ന കാഴ്ചകളുടെ സന്തോഷത്തിലാണ് രമ്യ എസ്. ആനന്ദ്. കുഞ്ഞുനാൾമുതലേ രമ്യ കൂടെ കൂട്ടിയതായിരുന്നു പച്ചപ്പിനോടുള്ള ഇഷ്ടം. അടൂർ തെങ്ങമം സ്വദേശിയായ രമ്യയ്ക്ക് പച്ചപ്പിനോടുള്ള ഇഷ്ടം പകർന്നുകൊടുത്തത് അദ്ധ്യാപകരായ അച്ഛൻ സദാനന്ദനും അമ്മ ശ്യാമളയുമായിരുന്നു. കയ്യെത്തും ദൂരത്ത് ഒരുകുഞ്ഞുചെടിയെങ്കിലും വേണമെന്ന് ചെറുപ്പംമുതലേയുള്ള ശീലമായിരുന്നു. രമ്യയുടെ മുറിയിലും ജാലകത്തിന്റെയരികിലും മറ്റുമായി മണിപ്ളാന്റ് കുപ്പിയിൽ സൂക്ഷിച്ച കുട്ടിക്കാല ഓർമ്മയിൽ നിന്നാണ് തന്റെ ഫ്ളാറ്റിനെ പച്ചപ്പിന്റെ സാമ്രാജ്യമായി രമ്യ വളർത്തിയെടുത്തത്. യാത്രകളെ ഏറെ പ്രണയിക്കുന്ന ട്രാവൽ വ്ളോഗർ കൂടിയാണ് തിരുവല്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാരിയായ രമ്യ തന്റെ ജീവിതത്തെ പച്ചപ്പിന്റെ കടലാക്കി മാറ്റിയ വിശേഷങ്ങളറിയാം.
വരണ്ട ഫ്ളാറ്റുകൾ,
പ്രതീക്ഷയായി കുഞ്ഞുചെടികൾ
എം.എസ്സിയ്ക്ക് പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഏഷ്യാ പസഫിക്ക് റീജിയന്റെ ചുമതലയുള്ള ഭർത്താവ് ദിനു സുരേന്ദ്രന്റെ കൂടെ ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും സഞ്ചരിച്ചു. അപ്പോഴെല്ലാം ഫ്ളാറ്റുകളിലായിരുന്നു താമസം. ഒരേ മുഖവും ഭാവവുമുള്ള ഫ്ളാറ്റുകളിലൊന്നും ഒരു ചെടിയുടെ കുഞ്ഞു തണൽ പോലും കാണാത്തത് മനസിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. ഫ്ളാറ്റിന്റെ ഇത്തിരിയിടത്തും സാദ്ധ്യമായ രീതിയിൽ ചെടി വളർത്താൻ അപ്പോഴും ഞാൻ ശ്രമിച്ചിരുന്നു. തിരികെ നാട്ടിലെത്തി കൊച്ചിയിൽ താമസം തുടങ്ങിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നും മനസിൽ പച്ചപ്പ് സൂക്ഷിക്കുന്ന ഞാൻ കാണുന്നത് ഇത്തിരി പച്ചപ്പു പോലുമില്ലാത്ത വരണ്ട ഫ്ളാറ്റുകൾ മാത്രം. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണല്ലോ എന്നത് വേദനയായിരുന്നു. ചെടികളില്ലെങ്കിൽ വേരുറപ്പിക്കാൻ നമുക്കും മണ്ണ് ഇല്ലാതായി പോകുമല്ലോ എന്ന പൊള്ളലാണ്. ആ കുറവ് എങ്ങനെ പരിഹരിക്കുമെന്ന ചിന്തയിൽ നിന്നാണ് ഫ്ളാറ്റിൽ ചെറുതായി ചെടികൾ വളർത്തി തുടങ്ങിയത്. പിന്നീടത് പുതിയ അതിഥികളാലും ആശയങ്ങളാലും വലുതാകുകയായിരുന്നു. ബി.എസ്സിസുവോളജിയായിരുന്നു ബിരുദത്തിനായി തിരഞ്ഞെടുത്തത്, അതിൽ ബോട്ടണിയും പഠിക്കാനുണ്ടായിരുന്നത് ചെടികളോടുള്ള ഇഷ്ടം കൂട്ടി. നാനോ ടോക്സിക്കോളജിയിലായിരുന്നു എന്റെ റിസർച്ച്. ഞാൻ ജോലി ചെയ്യുന്ന ഓഫീസുകളിലും കഴിയുന്നവിധത്തിൽ പച്ചപ്പ് ഒരുക്കാൻ ശ്രമിക്കാറുണ്ട്. നേരത്തെ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത കുടുംബശ്രീ എറണാകുളം ഓഫീസിലെ ചിത്രങ്ങൾ ഇപ്പോഴും വാട്സാപ്പിൽ കിട്ടുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നും.
വിദേശത്ത് പോയപ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഏതുനിർമ്മാണമാണെങ്കിലും അവർ പച്ചപ്പിനെ കൂടെ കൂട്ടുമെന്നതാണ്. അത് ജീവിതത്തിൽ പകർത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പച്ചപ്പിനെ ഉപേക്ഷിക്കാതെയുള്ള നിർമ്മിതിയാണ് ഏതുരാജ്യമാണെങ്കിലും സ്വീകരിക്കുന്നത്. ഇപ്പോൾ കൊച്ചിയിലെ മെട്രോയിലെ തൂണുകളിലെ പച്ചപ്പ് കാണുമ്പോഴൊക്കെ വലിയ സന്തോഷമാണ്. നമ്മളും ആ സംസ്കാരത്തിലേക്ക് നടന്നുകൊണ്ടിരിക്കുകയാണല്ലോ എന്നോർത്ത്. അതേ പോലെ പാഴ്വസ്തുക്കൾ പുനചംക്രമണം ചെയ്തുപയോഗിക്കുന്ന രീതിയിലേക്കും നമ്മൾ മാറേണ്ടതുണ്ട്. എന്റെ പൂന്തോട്ടത്തിന് ഭംഗി കൊടുക്കുന്നതിലേറെയും കേടുപാട് പറ്റിയതും പൊട്ടിയതുമായ വസ്തുക്കളാണ്. ഇങ്ങനെ ഉപയോഗിക്കാൻ കഴിയുമ്പോൾ അത് പ്രകൃതിക്ക് തന്നെ പ്രാണവായു തിരിച്ചു നൽകുന്നതാണ്. ഒമ്പതാം ക്ളാസുകാരിയായ മകൾ നിഹാരികയാണ് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളൊക്കെ ശ്രദ്ധയിൽപ്പെടുത്തി എന്റെ ചെടിപ്രേമത്തിന് പൂർണപിന്തുണ നൽകുന്നത്.
ബാൽക്കണിയിലെ പൂന്തോട്ടം
ബാൽക്കണി ഗാർഡൻ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ആകാശവും കോൺക്രീറ്റ് കെട്ടിടങ്ങളും മാത്രമായിരിക്കും പലപ്പോഴും ഫ്ളാറ്റിനുള്ളിൽ നിൽക്കുമ്പോൾ കണ്ണിലെത്തുന്ന കാഴ്ചകൾ. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ ഈ നരച്ച ദൃശ്യങ്ങളെല്ലാം നമുക്ക് മാറ്റിയെഴുതാൻ സാധിക്കും. സ്വപ്നങ്ങൾക്കൊപ്പം ഇത്തിരി ആശയങ്ങളും മനസുമുണ്ടെങ്കിൽ നമ്മുടെ വീടും സ്വർഗമാക്കാം. എല്ലാ ഫ്ളാറ്റുകളിലും ആകാശത്തേക്ക് തുറക്കുന്ന ബാൽക്കണി കാണും. നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം എന്തൊക്കെ വേണം എന്നതിനെ അടിസ്ഥാനമാക്കി ഒരു ചിത്രം വരയ്ക്കണം ആദ്യം. ബാൽക്കണി ഗാർഡൻ ഒരുക്കുന്നതിന് മുമ്പ് സ്ഥലപരിമിതി, സൂര്യ പ്രകാശത്തിന്റെ അളവ്, പരിചരിക്കുന്നതിനുള്ള സമയം ഇതെല്ലാം പരിഗണിക്കണം. നമുക്കൊന്ന് ഇറങ്ങി നിൽക്കണമെന്നുണ്ടെങ്കിൽ അതിനുള്ള സ്ഥലം കൂടി മനസിൽ കണ്ടുവയ്ക്കണം.
നിത്യഹരിതം
കണ്ണിന് കുളിർമ നൽകും
ഡ്രസീനിയ, ഫിലോഡെൻഡ്രോൺ, ഫേൺസ് തുടങ്ങിയ ആഴത്തിൽ വേര് വരാത്ത ഇവയെല്ലാം അധികം പരിചരണം ആവശ്യമില്ലാത്തവയാണ്. വർഷം മുഴുവനും നിത്യഹരിതമായി നിൽക്കുകയും ചെയ്യും. വെയിൽ കിട്ടുമെങ്കിൽ പെറ്റൂണിയ, ബിഗോണിയ, ടേബിൾ റോസ് (പത്തുമണി പൂക്കൾ ) ഇവയൊക്കെ ഉപയോഗിച്ച് തിരശ്ചീനമായും കുത്തനെയും തൂങ്ങുന്ന രീതിയിലും പൂന്തോട്ടം ഒരുക്കാം. കറ്റാർവാഴ, പീസ് ലില്ലി, സ്നേക്ക് പ്ലാന്റ് തുടങ്ങിയ ചെടികൾ അകത്തളങ്ങളിൽ ഓക്സിജൻ നിറയ്ക്കുമ്പോൾ സാമിയ പോലെയുള്ള ചെടികൾ അവിടം പോസിറ്റീവ് എനർജി നിറയ്ക്കും. പൊട്ടിയ ചട്ടികൾ, കുപ്പികൾ തുടങ്ങിയ ഒട്ടേറെ വസ്തുക്കൾ ഈ ഉദ്യാനത്തിലുണ്ട്. അതോടൊപ്പം അലങ്കാരപ്പണികളിലൂടെ സുന്ദരികളായ കുഞ്ഞുതൂക്കുവിളക്കുകളും കാറ്റിൽ സംഗീതം പൊഴിക്കുന്ന ബെല്ലുമൊക്കെ ഇവിടം മനോഹരമാക്കുന്നു. മുള കൊണ്ടുള്ള അലങ്കാരവസ്തുക്കളും ബാൽക്കണി പൂന്തോട്ടം അലങ്കരിക്കാൻ ഉപയോഗിക്കാം. ഒരു ചെറുകസേരയും പ്രാതലിനും വായനയ്ക്കുമുള്ള കൊച്ചുമേശയോ ഇടാൻ കഴിഞ്ഞാൽ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടം ഇതായി മാറുമെന്നാണ് എന്റെ അനുഭവം. ചെടികൾ സെറ്റ് ചെയ്യാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. നമ്മൾ ചെടികൾ ഒരുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത കൂടി പരിഗണിക്കണം. ഒരു ബാൽക്കണിയിൽ തുടങ്ങിയ ഉദ്യാനം ഇപ്പോൾ ഒരു അപ്പാർട്മെന്റ് കോംപ്ലക്സിലേക്ക് മുഴുവൻ വ്യാപിച്ചതാണ് ഏറ്റവും വലിയ സന്തോഷം.
(രമ്യയുടെ ഇ-മെയിൽ: walkwithremya@gmail.com)