ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കേസ്. അദ്ദേഹം അവതാരകനായെത്തുന്ന 'കോന്‍ ബനേഗ ക്രോര്‍പതി' എന്ന ടിവി ഷോയിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണ് താരത്തിനും പരിപാടിയുടെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ ലഖ്‌നൗവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'കരംവീര്‍'സ്‌പെഷല്‍ എപിസോഡില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട് ചോദിച്ച ഒരു ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്.
സോഷ്യല്‍ ആക്ടിവിസ്റ്റ് ബേസ്വാദ വില്‍സണ്‍, അഭിനേതാവ് അനൂപ് സോണി എന്നിവരായിരുന്നു അന്നത്തെ എപ്പിസോഡിലെ മത്സാര്‍ഥികള്‍. 1927 ഡിസംബര്‍ 25ന് ഡോ.ബി.ആര്‍ അംബേദ്കറും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് ഏത് രചനയുടെ കോപ്പികളാണ് കത്തിച്ചതെന്നായിരുന്നു ചോദ്യം. ഉത്തരങ്ങളായി വിഷ്ണു പുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി തുടങ്ങിയ ഓപ്ഷനുകളും നല്‍കി. മത്സരാര്‍ഥികള്‍ 'മനുസ്മൃതി' എന്ന് ശരിയായ ഉത്തരവും നല്‍കി. ഉത്തരം ശരിയാണെന്ന് അറിയിച്ച അവതാരകന്‍ അമിതാഭ് ബച്ചന്‍, പുരാണ ഹൈന്ദവ കൃതിയായ മനുസ്മൃതിയെ അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്നും അതിന്റെ കോപ്പികള്‍ കത്തിച്ചിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.
ലാത്തൂര്‍ ജില്ലയിലെ ഓസയിൽ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ അഭിമന്യു പവാര്‍ ആണ് അമിതാഭ് ബച്ചനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പവാര്‍ ആരോപിച്ചു. നാല് ഓപ്ഷനുകളും ഹിന്ദുഗ്രന്ഥമായത് ഇത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് വ്യക്തമാക്കുന്നു, പവാര്‍ അഭിപ്രായപ്പെട്ടു.
എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് വിവാദം കത്തിപ്പടര്‍ന്നത്. പരിപാടി ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാണ് ഉയരുന്ന മുഖ്യവിമര്‍ശനം. ചോദ്യത്തെക്കാള്‍ ബച്ചന്റെ വിശദീകരണമാണ് ആളുകളെ ചൊടിപ്പിച്ചത്. കെബിസി ബഹിഷ്‌കരിക്കുക (#BoycottKBC) എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. ഇടതുപക്ഷ പ്രചാരണമാണ് ഷോയില്‍ അമിതാഭ് നടത്തിയതെന്നും ആരോപണമുണ്ട്.